1 GBP = 103.84
breaking news

 സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അല‍ര്‍ട്ട്

 സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അല‍ര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച റെ‍ഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കാറ്റിലും മഴയിലും മരം വീണ് സംസ്ഥാനത്ത് ഏഴു വീടുകള്‍ തകര്‍ന്നു. മധ്യകേരളത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. അതേസമയം ഞായറാഴ്ച വൈകിട്ടോടെ മഴയ്ക്ക് അൽപം ശമനം വന്നിട്ടുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി ‌കുറഞ്ഞതാണ് ഇതിനുകാരണം.

വൈകിട്ട് വന്ന മഴ അല‍ര്‍ട്ടിൽ എവിടെയും റെഡ് അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. 13 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട് നിലനിൽക്കുന്നു. കാസര്‍ഗോഡ് ജില്ലയിൽ മാത്രം യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ റെ‍ഡ് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, കാസ‍ര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയി കാണാതായ മൂന്ന് പേരെ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് കണ്ടെത്തി. തിരുവനന്തപുരം പോത്തന്‍കോട് സ്വകാര്യ ഹോട്ടലിന്‍റെ മതില്‍ തകര്‍ന്നുവീണ് വീടിന് കേടുപാട് പറ്റി. പട്ടം മുട്ടടയില്‍ ചൈതന്യ ഗാര്‍ഡന്‍സിലെ ഏതാനും വീടുകളില്‍ വെള്ളം കയറി. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായി മരം വീണ് ഏഴുവീടുകള്‍ തകര്‍ന്നു.

എറണാകുളത്ത് ആലുവ, പെരുമ്പാവൂർ കളമശ്ശേരി, കൊച്ചി എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളക്കെട്ടിൽ മുങ്ങി. ഉദയാനഗർ കോളനി, കാരയ്ക്കമുറി എന്നിവിടങ്ങളിലും വെള്ളം കയറി. കളമശ്ശേരി ചങ്ങംപുഴ നഗറിലെ തങ്കപ്പൻ റോഡ് പൂർണമായും മുങ്ങി 30 വീടുകളിൽ വെള്ളം കയറി. ആലുവയിൽ ഇരുപതോളം കടകളിൽ വെള്ളം കയറി. പെരുമ്പാവൂരിൽ മഴയ്ക്കൊപ്പം എത്തിയ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴയെ തുടർന്ന് ഡാമുകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 20 സെ.മീ വീതം ഉയർത്തിയിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കൺട്രോൾ റൂമിന് പുറമെ ജില്ലാ, താലൂക്ക് അടിസ്ഥാനത്തിലും തുറക്കും.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്‍ട്രോൾ റൂം സജ്ജമാക്കും. രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും മലയോര മേഖലകളിലേക്കുള്ളവർ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. മുൻകരുതൽ നടപടിയുടെ ഭാഗമായി അരക്കോണത്ത് നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ നൂറ് അംഗ സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. ഇവരെ അഞ്ച് ജില്ലകളിലായി വിന്യസിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more