1 GBP = 103.68

സ്കോട്ടിഷ് നാഷനൽ പാർട്ടി തലവനായി ഹംസ യൂസഫ് തിരഞ്ഞെടുക്കപ്പെട്ടു

സ്കോട്ടിഷ് നാഷനൽ പാർട്ടി തലവനായി ഹംസ യൂസഫ് തിരഞ്ഞെടുക്കപ്പെട്ടു

സ്കോട്ട്‍ലൻഡിലെ ഭരണകക്ഷിയായ സ്കോട്ടിഷ് നാഷനൽ പാർട്ടി തലവനായി പാകിസ്താൻ വംശജനായ ഹംസ യൂസഫ് തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിലെ പ്രമുഖരായ കേറ്റ് ഫോബ്സ്, ആഷ് റീഗൻ എന്നിവരെ പരാജയപ്പെടുത്തിയാണ് 37കാരൻ തെരഞ്ഞെടുക്കപ്പെട്ടത്. ഹംസ യൂസഫിന് 48.2 ശതമാനം വോട്ട് ലഭിച്ചപ്പോൾ കേറ്റ് ഫോബ്സിന് 40.7 ശതമാനവും ആഷ് റീഗന് 11.11 ശതമാനവും വോട്ടാണ് നേടാനായത്. സ്കോട്ടിഷ് പാർലമെന്റിൽ അംഗീകാര വോട്ട് നേടിയാൽ അർധ സ്വയംഭരണ സർക്കാറിന്റെ തലവനായി അദ്ദേഹം ചുമതലയേൽക്കും. 

ഇതോടെ ഒരു പാർട്ടിയെ നയിക്കുന്ന പടിഞ്ഞാറൻ യൂറോപ്പിലെ ആദ്യ മുസ്‍ലിം നേതാവായി ഹംസ യൂസഫ്. നിലവിൽ യു.കെയുടെ ഭാഗമാണ് സ്കോട്ട്‍ലൻഡ്. സ്കോട്ട്ലൻഡിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘1960കളിൽ സ്കോട്ട്‍ലൻഡിലേക്ക് കുടിയേറിയ തന്റെ പിതാമഹരുടെ വിദൂര സ്വപ്നത്തിൽ പോലും അവരുടെ ചെറുമകൻ ഇങ്ങനെയൊരു പദവിയിൽ എത്തുമെന്നത് ഉണ്ടായിരുന്നില്ല. നമ്മൾ വീട് എന്ന് വിളിക്കുന്ന രാജ്യത്തെ നയിക്കാൻ തൊലിയുടെ നിറമോ വിശ്വാസമോ ഒരു തടസ്സമല്ലെന്ന വ്യക്തമായ സന്ദേശം നൽകാനായതിൽ നാമെല്ലാവരും അഭിമാനിക്കണം. സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളുടെയും സംരക്ഷണത്തിനായി പോരാടും’’, വിജയത്തിന് ശേഷമുള്ള പ്രസംഗത്തിൽ ഹംസ യൂസഫ് പറഞ്ഞു. 

സ്കോട്ട്‍ലൻഡിലേക്ക് കുടിയേറിയ പാകിസ്താൻ പിതാവിന്റെയും കെനിയൻ മാതാവിന്റെയും മകനായി പിറന്ന ഹംസ യൂസഫ് ഗ്ലാസ്​ഗൊ സർവകലാശാലയിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്. സ്കോട്ട്ലൻഡിലെ മുൻ പ്രഥമ മന്ത്രി അലക്സ് സാൽമണ്ടിന്റെ സഹായിയാകുന്നതിന് മുമ്പ് ഒരു കോൾ സെന്ററിൽ ജോലിക്കാരനായിരുന്നു. 2011ൽ ഗ്ലാസ്‌ഗോ റീജ്യണിലേക്കുള്ള അധിക അംഗമായി സ്കോട്ടിഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷം, സ്കോട്ടിഷ് മന്ത്രിസഭാംഗമായി. അവസാനം രാജ്യത്തിന്റെ ആരോഗ്യ സെക്രട്ടറിയായിരുന്നു. 2010ൽ ഗെയ്‌ൽ ലിത്‌ഗോയെ വിവാഹം കഴിച്ചെങ്കിലും ഏഴുവർഷത്തിനുശേഷം വിവാഹമോചനം നേടിയ ഹംസ യൂസഫ് 2019ൽ നാദിയ എൽ-നക്ലയെ വിവാഹം കഴിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more