1 GBP = 102.92
breaking news

മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പാകിസ്ഥാൻ തുറന്നുവിടുന്നു

മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പാകിസ്ഥാൻ തുറന്നുവിടുന്നു

ഇസ്‌ലാമാബാദ്: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സെയിദിനെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിക്കാൻ പാക് സർക്കാർ ഒരുങ്ങുന്നു. ഭീകരവാദ നിയമത്തിന്റെ അടിസ്ഥാനത്തിൽ വീട്ടുതടങ്കലിലാക്കിയിരിക്കുന്ന ഹാഫിസിന്റെ തടവ് ഇനിയും തുടരേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഇതനുസരിച്ച് ഇയാളുടെ തടങ്കൽ നീട്ടുന്നതിന് നൽകിയിരുന്ന അപേക്ഷ സർക്കാർ പിൻവലിച്ചു.
രാജ്യ സുരക്ഷ‌യ്‌ക്കും സമാധാനത്തിനും ഭീഷണയാണെന്ന് കാണിച്ച് ഈ വർഷം ജനുവരി 31 മുതൽ ഹാഫീസ് സെയ്‌ദിനെയും നാല് സഹായികളെയും സർക്കാർ വീട്ടുതടങ്കലിലാക്കിയിരുന്നു. ആദ്യം 90 ദിവസത്തേക്കായിരുന്നു വീട്ടുതടങ്കലെങ്കിലും പിന്നീടിത് രണ്ട് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീട്ടുതടങ്കൽ നീട്ടാൻ സർക്കാർ നൽകിയ അപേക്ഷ മതിയായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് തങ്ങൾ അപേക്ഷ പിൻവലിക്കുന്നതായി സർക്കാർ അറിയിച്ചത്.

എന്നാൽ സെയിദിന്റെ വീട്ടുതടങ്കൽ അവസാനിപ്പിക്കുന്നതിന് സർക്കാർ മനപ്പൂർവം കോടതിയിൽ വീഴ്‌ച വരുത്തിയെന്നാണ് ആക്ഷേപം. നിയമ പ്രകാരം കോടതിയിൽ ഹാജരാക്കിയാൽ മാത്രമേ വീട്ടുതടങ്കൽ നീട്ടാൻ അനുവദിക്കാറുള്ളൂ. ഇത് അറിയാമായിരുന്നിട്ടും ഹാഫിസ് സെയിദിനെയും കൂട്ടാളികളെയും കോടതിയിൽ ഹാജരാക്കാതെ ഒത്തുകളിച്ചെന്നാണ് ആക്ഷേപം. എന്നാൽ ഇക്കാര്യത്തിൽ കോടതിയുടെ അനുമതി വേണ്ടെന്നും സർക്കാരിന് തീരുമാനമെടുക്കാനാകുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ ഒക്‌ടോബർ 24 വരെ സെയിദിന്റെ വീട്ടുതടങ്കൽ കാലാവധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്ഥാനിൽ സൈന്യം പിടിമുറുക്കുന്നതായുള്ള സൂചനകൾക്കിടയാണ് ഈ വാർത്ത പുറത്തുവരുന്നത്. തീവ്രവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹാഫിസ് സെയിദിനെ രാഷ്ട്രീയത്തിലിറക്കാൻ സൈന്യം പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ട ജമാഅത്തു ദഅ്‌വയുടെ നേതാവായ സെയിദിന്റെ തലയ്‌ക്ക് 10 മില്യൻ അമേരിക്കൻ ഡോളർ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more