1 GBP = 103.97

ഗുജറാത്തിൽ തിരഞ്ഞെടുപ്പ് ‘കൊഴുപ്പിക്കാൻ’ കൊണ്ട് വന്ന മദ്യവും പണവും പിടിച്ചു

ഗുജറാത്തിൽ തിരഞ്ഞെടുപ്പ് ‘കൊഴുപ്പിക്കാൻ’ കൊണ്ട് വന്ന മദ്യവും പണവും പിടിച്ചു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുന്ന ഗുജറാത്തിലെ വിവിധയിടങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ തിരച്ചിലിൽ കണ്ടെടുത്തത് കോടിക്കണക്കിന് രൂപയുടെ മദ്യവും പണവും. പൂർണമായും മദ്യ നിരോധനം നടപ്പിലാക്കിയ സംസ്ഥാനത്ത് നിന്നും ഏതാണ്ട് 6.71 ലക്ഷം ലിറ്റർ മദ്യവും 1.38 കോടി പണവും 8 കോടി വില മതിക്കുന്ന സ്വർണവുമാണ് പിടികൂടിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പ്രത്യേക സംഘമാണ് ഇവ പിടിച്ചെടുത്തത്.
അതേസമയം, 22 വർഷം മുമ്പ് കൈവിട്ട ഭരണം തിരികെ പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കോൺഗ്രസും എങ്ങനെയും ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബി.ജെ.പിയും സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ വൻ തോതിൽ പണവും മദ്യവും വിതരണം ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്ത് ഉടനീളം പരിശോധനയ്‌ക്ക് പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്. ഏതാണ്ട് നൂറോളം പേരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്.

പരിശോധനയിൽ 3.11 ലക്ഷം രൂപ ബ്രിട്ടീഷ് കറൻസിയുടെ രൂപത്തിലും 30000 രൂപ തായ് കറൻസിയുടെ രൂപത്തിലുമാണ് പിടിച്ചെടുത്തത്. ഇത് കൂടാതെ 27.02 കിലോ ഗ്രാം സ്വർണവും പിടിച്ചെടുത്തു. എന്നാൽ ഇത് എവിടെ നിന്നാണ് പിടിച്ചെടുത്തതെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല.

ഡിസംബർ ഏഴ്, 14 എന്നീ തീയതികളിലാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 21നാണ്. നവംബർ ഒമ്പതിന് നടന്ന ഹിമാചൽ പ്രദേശ് തിര‌ഞ്ഞെടുപ്പ് ഫലത്തിനൊപ്പം ഡിസംബർ 18നാണ് ഗുജറാത്തിലെയും ഫലം പ്രഖ്യാപിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more