1 GBP = 103.11
breaking news

പൂക്കളമൊരുക്കി തിരുവാതിരയും വള്ളംകളിയും കളരിപ്പയറ്റും പുലിക്കളിയും വേദിയിൽ നിറഞ്ഞാടി.. ഓണപ്പാട്ടിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മാവേലിയെ വരവേറ്റു.. ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസ്സിയേഷന്റെ ഓണാഘോഷം പ്രൗഡോജ്ജ്വലമായി…

പൂക്കളമൊരുക്കി തിരുവാതിരയും വള്ളംകളിയും കളരിപ്പയറ്റും പുലിക്കളിയും വേദിയിൽ നിറഞ്ഞാടി.. ഓണപ്പാട്ടിന്റെയും മുത്തുക്കുടകളുടെയും  അകമ്പടിയോടെ മാവേലിയെ വരവേറ്റു.. ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസ്സിയേഷന്റെ ഓണാഘോഷം പ്രൗഡോജ്ജ്വലമായി…

ജിൻസി കോരത് 

യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ (ജി എ സി എ) ഈ വർഷത്തെ ഓണാഘോഷം പ്രൗഡോജ്വലമായി നടന്നു. പൂക്കളമൊരുക്കി തിരുവാതിരയും വള്ളംകളിയും കളരിപ്പയറ്റും പുലിക്കളിയും തുടങ്ങി വിവിധ കലാരൂപങ്ങൾ വേദിയിൽ നിറഞ്ഞാടി.  ഓണപ്പാട്ടിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് മാവേലിത്തമ്പുരാനെ വേദിയിലേക്ക് എതിരേറ്റത്. മാവേലിയുടെ സാന്നിധ്യത്തിൽ ജി എ സി എ പ്രസിഡൻറ് നിക്സൺ ആന്റണിയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ചേർന്ന് തിരിതെളിച്ച് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. നിക്സൺ ആന്റണി അദ്ധ്യക്ഷ പ്രസംഗം നടത്തി. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയുമായ സി എ ജോസഫ് ഓണ സന്ദേശം നൽകി. യുകെയിലെ ഏറ്റവും മികച്ച മാവേലിമാരിൽ ഒരാളായി അറിയപ്പെടുന്ന ക്ളീറ്റസ് സ്റ്റീഫൻ മാവേലിത്തമ്പുരാനായി എത്തി തന്റെ പ്രജകൾക്കായി അനുഗ്രഹപ്രഭാഷണം നടത്തി.

ഗിൽഫോർഡിൽ നിന്നും ബേസിംഗ്‌സ്‌റ്റോക്കിലേക്ക് താമസിക്കുവാനായി പോകുന്ന സി എ ജോസഫിനും കുടുംബത്തിനും ചടങ്ങിൽ ജി എ സി എ യുടെ ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ 15 വർഷമായി ഗിൽഫോർഡിൽ താമസിച്ചിരുന്ന യു കെ യിലെ കലാ സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യവും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ടുമായ സി എ ജോസഫ് ഗിൽഫോർഡിലെ സാമൂഹ്യ-സാംസ്കാരിക ആദ്ധ്യാത്മിക മേഖലകളിലും സജീവസാന്നിധ്യമായിരുന്നുവെന്നും അനുസ്മരിച്ചുകൊണ്ട് ജി എ സി എ യുടെ ഉപഹാരം പ്രസിഡൻറ് നിക്സൺ ആന്റണി നൽകി. മാവേലി സി എ ജോസഫിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മറുപടി പ്രസംഗത്തിൽ ജി എ സി എ നൽകിയ സ്നേഹാദരവിന് പ്രസിഡന്റ് നിക്സൺ ആന്റണിക്കും വൈസ് പ്രസിഡന്റ് മോളി ക്ളീറ്റസിനും  ജി എ സി എയുടെ എല്ലാ ഭാരവാഹികൾക്കും കുടുംബാംഗങ്ങൾക്കും സി എ ജോസഫ് നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേളയിൽ ഉപകരണ സംഗീതത്തിൽ (ഗിറ്റാർ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കെവിൻ ക്ളീറ്റസിന് ജി എ സി എയുടെ ഉപഹാരം പ്രസിഡന്റ് നിക്‌സൺ ആന്റണി നൽകി അഭിനന്ദിച്ചു.

വർണ്ണശബളിമയാർന്ന കലാപരിപാടികൾ കൊണ്ട് സമ്പന്നമായ ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിച്ചത് ഗിൽഫോർഡ് ജേക്കബ്ബസ് വില്ലേജ് ഹാളിലായിരുന്നു. കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയതിനാലും ഗവൺമെൻറിന്റെ നിയന്ത്രണങ്ങൾ പാലിക്കേണ്ടിയിരുന്നതുകൊണ്ടും കഴിഞ്ഞവർഷം ഓണാഘോഷം നടത്തുവാൻ കഴിയാതിരുന്നതിനാൽ എല്ലാ കുടുംബാംഗങ്ങളും ആവേശപൂർവ്വമാണ് ഇത്തവണത്തെ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയത്.

തിരുവോണാഘോഷങ്ങളുമായി ബന്ധപ്പെട്ട വർണ്ണപ്പകിട്ടാർന്ന മുഴുവൻ കലാരൂപങ്ങളും സമന്വയിപ്പിച്ച്   വേദിയിൽ ഓണത്തീമായി അവതരിപ്പിച്ച സംഗീത നൃത്ത ശിൽപ്പം  മുഴുവൻ കാണികളുടെയും മനം കവർന്നു. മനോഹരമായ തിരുവോണപ്പാട്ടിന് വശ്യതയാർന്ന അഭിനയമികവിൽ ദൃശ്യാനുഭവം സമ്മാനിച്ച സനു ബേബി, ആതിര സനു, എൽദോ കുര്യാക്കോസ് ഒപ്പം നാടുകാണാനും കേരളത്തിന്റെ പൈതൃകം അടുത്തറിയാനുമായി എത്തിച്ചേർന്ന റുക്സണ ടിനു എന്ന വിദേശ വനിതയും ചേർന്ന് തിരുവോണത്തിന്റെ തീം ഡാൻസിന് തുടക്കം കുറിച്ചപ്പോൾ ശ്രീലക്ഷ്മി ,ചിന്നു ,ആനി , ആതിര, ചിഞ്ചു, മോളി, ഫാൻസി, ജിൻസി തുടങ്ങിയ കലാപ്രതിഭകളായ വനിതകൾ ചേർന്നവതരിപ്പിച്ച തിരുവാതിര വേറിട്ട മികവുപുലർത്തി. കുട്ടികളായ ആമി, ലക്സി, സാറാ,റോഹൻ, റയാൻ, ബേസിൽ എന്നിവർ ചേർന്നവതരിപ്പിച്ച പുതുമയാർന്ന നൃത്തം ഏറെ ആകർഷണീയമായിരുന്നു. സെമി ക്ലാസിക്കൽ ഡാൻസുമായി എത്തിയ ദിവ്യ,മെറിൻ, തിയ, ലക്സി, എൽസ എന്നിവരും സോളോ ഡാൻസ് അവതരിപ്പിച്ച എൽസയും ചിന്നുവും കാണികളുടെ നിറഞ്ഞ കൈയ്യടി നേടി. മാനസ്വനി ,എലിസബത്ത്, മെറിൻ, ദിവ്യ,  സ്റ്റീഫൻ, ജേക്കബ്ബ് , ഗിവർ, കെവിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച അടിപൊളി ബോളിവുഡ് ഡാൻസ് സദസ്സിന്റെ ഹർഷാരവം ഏറ്റുവാങ്ങി.

മലയാളികളുടെ ഓണാഘോഷങ്ങളിൽ പങ്കു കൊള്ളുവാനും ഓണസദ്യ ആസ്വദിക്കുവാനും  ബ്രിട്ടീഷുകാരും എത്തിയത് ജി എ സി എ യുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടി. അറിയപ്പെടുന്ന നർത്തകിയും കലാകാരിയുമായ ബ്രിട്ടീഷ് വനിത ടെലിയാന വേദിയിൽ അവതരിപ്പിച്ച കിടിലൻ ഫോക്ക് ഡാൻസ് കാണികളെ ഒന്നടങ്കം ഇളക്കിമറിച്ചു. കെവിൻ, ജേക്കബ് , സ്റ്റീഫൻ, ഗീവർ എന്നിവരുടെ ടീം നയിച്ച വള്ളംകളിയും കളരിപ്പയറ്റും സദസ്സിന് മനോഹരമായ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. ജിഷ, മീര, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ അതിമനോഹരമായ പൂക്കളം ഏറെ ആകർഷണീയമായിരുന്നു.

കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകമായി സംഘടിപ്പിച്ച സൗഹൃദ വടംവലി മത്സരം ഏവരിലും ആവേശംപകർന്നു. ഊഞ്ഞാൽ ആടുവാനുള്ള സൗകര്യവും ലഭിച്ചത് കുട്ടികൾക്കും മുതിർന്നവർക്കും വലിയ ആഹ്ലാദം പകർന്നു. തുടർന്നു നടന്ന പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ പങ്കെടുത്ത എല്ലാവരിലും ഗൃഹാതുരതയുണർത്തി. ഓണസദ്യയുടെ ഇടവേളകളിൽ ജി എ സി എ യുടെ ഗായകരായ അബിൻ ജോർജ്ജ്, നിക്സൺ ആൻറണി, സജി ജേക്കബ്, ചിന്നു ജോർജ്, സി എ ജോസഫ്, സിബി കുര്യൻ എന്നിവരുടെ ഗാനാലാപനങ്ങൾ ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. കുട്ടികളും മുതിർന്നവരും ചേർന്നവതരിപ്പിച്ച വൈവിധ്യമാർന്ന എല്ലാ കലാപരിപാടികളും കാണികളുടെ മുഴുവൻ പ്രശംസ ഏറ്റുവാങ്ങി.

മലയാളികളുടെ മനസ്സുകളിൽ നാടൻ പാട്ടിന്റെ മണിനാദമായി ചിരിയുടെ മണികിലുക്കമായി ഒരിക്കലും നിലയ്ക്കാത്ത മണിമുഴക്കമായി ജീവിക്കുന്ന കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് അദ്ദേഹം ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി സന്തോഷ്, നിക്സൺ, എൽദോ, ജെസ്‌വിൻ, മോളി, ഫാൻസി, ജിൻസി, ജിനി എന്നിവർ ചേർന്നവതരിപ്പിച്ച നൃത്ത-സംഗീതാർച്ചന മുഴുവൻ കാണികളിലും കലാഭവൻ മണിയുടെ കലാജീവിതത്തിന്റെ വൈകാരികമായ ഓർമ്മകളുണർത്തി. വ്യത്യസ്തതയാർന്ന അവതരണ മികവിൽ മുഴുവൻ പരിപാടികളുടെയും ആങ്കറിംഗ് നടത്തിയ ശരത്, ജിജിൻ, ചിന്നു എന്നിവർ എല്ലാവരുടെയും അഭിനന്ദനമേറ്റുവാങ്ങി.

ഓണാഘോഷ പരിപാടികളുടെ കോർഡിനേറ്റർസ് ആയ മോളി ക്ളീറ്റസ് , ഫാൻസി നിക്സൺ , എൽദോ കുര്യാക്കോസ്, ഷിജു മത്തായി എന്നിവർ പരിപാടികൾ അവതരിപ്പിച്ച കലാപ്രതിഭകൾക്കും പരിപാടികളിൽ പങ്കെടുക്കുവാനായി ഹാളിൽ നിറഞ്ഞുകവിഞ്ഞെത്തിയ മുഴുവനാളുകൾക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.

ജി എ സി എ യുടെ ഓണാഘോഷ പരിപാടികളുടെ ടീസർ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്‌ ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more