1 GBP = 103.33
breaking news

ഡോ. സിറിയക് തോമസ് കേരളപ്പിറവി സന്ദേശം; പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അക്കിത്തം അനുസ്മരണം; മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം സ്വരമാധുര്യവുമായി സിത്താര കൃഷ്ണകുമാര്‍; നവംബര്‍ 1ന് ആഘോഷവിരുന്നൊരുക്കി യുക്മ….

ഡോ. സിറിയക് തോമസ് കേരളപ്പിറവി സന്ദേശം; പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അക്കിത്തം അനുസ്മരണം; മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം സ്വരമാധുര്യവുമായി സിത്താര കൃഷ്ണകുമാര്‍; നവംബര്‍ 1ന് ആഘോഷവിരുന്നൊരുക്കി യുക്മ….

കുര്യന്‍ ജോര്‍ജ്ജ്

(യുക്മ ദേശീയ കമ്മറ്റി അംഗം)


കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ പ്രതിഭയും ഉജ്ജ്വല വാഗ്മിയുമായ ഡോ. സിറിയക് തോമസ് ബ്രിട്ടണിലെ മലയാളികള്‍ക്ക് 2020 കേരളപ്പിറവി ദിനാഘോഷ സന്ദേശം നല്‍കും. നവംബര്‍ ഒന്ന് ഞായറാഴ്ച്ച ബ്രിട്ടീഷ് സമയം ഉച്ച തിരിഞ്ഞ് മൂന്ന് മണിയ്ക്കാണ് (ഇന്ത്യന്‍ സമയം രാത്രി 8.30) യുക്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കപ്പെടുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി യശ്ശശരീരനായ അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് പ്രശസ്ത മലയാള കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അക്കിത്തം അനുസ്മരണ പ്രഭാഷണം നടത്തും. 2019ലെ ഏറ്റവും മികച്ച ചലച്ചിത്രനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂട് സെലിബ്രറ്റി ഗസ്റ്റ് ആയിരിക്കും. മികച്ച  ചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം നേടിയിട്ടുള്ള സിത്താര കൃഷ്ണകുമാര്‍ പ്രത്യേക അതിഥിയായെത്തുന്നതാണ്. ഇവര്‍ക്കൊപ്പം ബ്രിട്ടണിലെ പ്രമുഖ നര്‍ത്തകരും ഗായകരും ചേര്‍ന്നൊരുക്കുന്ന കലാവിരുന്നും അന്തരിച്ച മഹാകവി അക്കിത്തത്തോടുള്ള സ്നേഹാദരവായ കാവ്യകേളിയും ഒത്തുചേരുമ്പോള്‍ ബ്രിട്ടണിലെ പ്രവാസി മലയാളികള്‍ക്ക് അവിസ്മരണീയമായ ഒരു കേരളപ്പിറവി ദിനാഘോഷം സമ്മാനിക്കാനാവുമെന്ന പ്രതീക്ഷയാണ് യുക്മ നേതൃത്വത്തിനുള്ളത്.


പ്രമുഖ ഗാന്ധിയനും പ്രഭാഷകനും എഴുത്തുകാരനും കഴിഞ്ഞ അരനൂറ്റാണ്ട് കാലം അധ്യാപകന്‍, സര്‍വകലാശാലാ ഭരണാധികാരി, വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം എന്നീ നിലകളില്‍ പ്രശോഭിച്ച മഹദ്വ്യക്തിത്വമായ ഡോ. സിറിയക് തോമസാണ് ബ്രിട്ടണിലെ മലയാളികള്‍ക്ക് കേരളപ്പിറവി സന്ദേശം നല്‍കുവാനെത്തുന്നത്. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായിരുന്ന അദ്ദേഹം കേരള, കൊച്ചിന്‍ ശാസ്ത്രസാങ്കേതിക  എന്നീ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ ചുമതലയും വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മിഷന്‍ അംഗം, സ്വകാര്യ സര്‍വകലാശാല സാധ്യതാ പഠന കമ്മിഷന്‍ ചെയര്‍മാന്‍, സംഘടനാ കോണ്‍ഗ്രസ്സിന്റെ എ.ഐ.സി.സി. അംഗം, പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മദ്യവിരുദ്ധ പ്രസ്ഥാനം, ഡോ. സുകുമാര്‍ അഴീക്കോടിന്റെ നവഭാരത വേദി എന്നിവയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ പാലാ സെന്റ് തോമസ് കോളേജ് അധ്യാപകനായിരുന്നു. ഇരുപതിലേറെ പുസ്തങ്ങള്‍ എഴുതുകയും ആയിരക്കണക്കിനു പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി, കോണ്‍സ്റ്റിറ്റ്യൂന്റ് അംസബ്ലി അംഗം, തിരുകൊച്ചി നിയമസഭാ സ്പീക്കര്‍, പിഎസ്‍സി അംഗം എന്നീ നിലകളില്‍ പ്രശസ്തനായ ആര്‍.വി തോമസിന്റെയും സ്വാതന്ത്ര്യസമര സേനാനി മിസിസ് ആര്‍വിയുടെയും മകനാണ്.  

ആധുനിക മലയാളസാഹിത്യത്തിലും കവിതാശാഖയിലും കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ശ്രദ്ധേയനായ കവിശ്രേഷ്ഠനാണ് പ്രൊഫ. വി മധുസൂദനന്‍ നായര്‍. കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തില്‍ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച ഇദ്ദേഹം തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ്. തോറ്റം പാട്ട് ഗായകനായിരുന്ന അച്ഛന്‍ കെ. വേലായുധന്‍ പിള്ളയില്‍ നിന്നും ചെറുപ്പത്തില്‍ പഠിച്ച ഈരടികള്‍ അദ്ദേഹത്തില്‍ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതൽ കവിതകള്‍ എഴുതുമായിരുന്നു. മലയാളത്തില്‍ എം.എ. ബിരുദം നേടി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കുങ്കുമം, കേരളദേശം, വീക്ഷണം എന്നിവിടങ്ങളില്‍ ജോലി നോക്കിയ ശേഷം തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ 27 വര്‍ഷം മലയാള വിഭാഗം അധ്യാപകനായ അദ്ദേഹം വകുപ്പ് തലവനുമായിരുന്നു. നാറാണത്തു ഭ്രാന്തന്‍, ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകള്‍, നടരാജ സ്മൃതി, സീതായനം, അച്ഛന്‍ പിറന്ന വീട് എന്നിങ്ങനെയുള്ള കൃതികളിലൂടെ മലയാളി മനസ്സുകളില്‍ കവിതയെ ജനകീയമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. നാറാണത്തു ഭ്രാന്തന്‍ എന്ന കവിതാ സമാഹാരത്തിലെ കവിതകള്‍ അദ്ദേഹം സ്വന്തം ശബ്ദത്തില്‍ ആലപിച്ചു പുറത്തിറക്കിയത് മലയാളികളുടെ കവിതാസ്വാദനത്തെ വലിയ തോതില്‍ സ്വാധീനിച്ചതാണ്.  1993ല്‍ ‘നാറാണത്തുഭ്രാന്തന്‍’ എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2016ല്‍ പത്മപ്രഭാ പുരസ്കാരം, 2019 ല്‍ ‘അച്ഛന്‍ പിറന്ന വീട്’ എന്ന കവിതയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിങ്ങനെ അദ്ദേഹം ആദരിയ്ക്കപ്പെട്ടിട്ടുണ്ട്.

 
മിമിക്രി ആര്‍ട്ടിസ്റ്റായി കലാ ജീവിതം തുടങ്ങി മികച്ച ചലച്ചിത്ര നടനുള്ള ദേശീയ അവാര്‍ഡ് വരെ നേടിയ മലയാള സിനിമാ ലോകത്തെ തിളങ്ങുന്ന താരമായി മാറിയ സുരാജ് വെഞ്ഞാറമ്മൂടിന് മലയാളികളുടെ മുന്‍പില്‍ ഒരു മുഖവുരയുടെ ആവശ്യമില്ല. തന്റെ സ്വതസിദ്ധമായ തിരുവനന്തപുരം സ്ളാങ്ങിലൂടെ നൂറ് കണക്കിന് സിനിമകളിലെ കോമഡി റോളുകളില്‍ തിളങ്ങിയ സുരാജ്, 2013 ല്‍ ഡോ.ബിജുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് ഭരത് അവാര്‍ഡിന് അര്‍ഹനായത്. കൂടുതലും കോമഡി വേഷങ്ങളാണ് സിനിമയില്‍ അദ്ദേഹം ചെയ്യുന്നതെങ്കിലും അവാര്‍ഡുകളുടെ പെരുമഴയാണ് ഈ മഹാനടനെ തേടിയെത്തിയിട്ടുള്ളത്. മൂന്ന് തവണ ഇദ്ദേഹം ബെസ്റ്റ് കൊമേഡിയനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 2019 ലെ ചലച്ചിത്ര അവാര്‍ഡുകളില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ സിനിമകളിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് നേടിയ അദ്ദേഹം ബ്രിട്ടണിലെ മലയാളികള്‍ക്കിടയില്‍ ഏറെ സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്. മുന്‍പ് സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാനായി യു.കെയിലെത്തിയപ്പോള്‍ യാതൊരു താരജാഡകളുമില്ലാതെ എല്ലാവരോടും ഇടപഴകിയിട്ടുള്ള അദ്ദേഹത്തിന്റെ അവാര്‍ഡ് നേട്ടവും ബ്രിട്ടണിലെ മലയാളികള്‍ക്ക് ഏറെ ആഹ്ളാദം പകരുന്നതായിരുന്നു. ഈ കേരളപ്പിറവി ദിനത്തില്‍  മികച്ച നടന് നമ്മളോട് പറയാനുള്ളതെന്താണെന്ന് ലൈവ് ഷോയിലൂടെ അറിയാം. 

ചലച്ചിത്ര പിന്നണി ഗായിക, സംഗീത സംവിധായിക, ഡാന്‍സര്‍ എന്നീ നിലകളില്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതയായ സിത്താര കൃഷ്ണകുമാര്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയാണ്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ സിനിമാ ഗാനങ്ങളും ഇന്‍ഡ്യന്‍ ക്ളാസ്സിക്കല്‍, നാടന്‍ പാട്ടുകള്‍, ഗസല്‍ പാട്ടുകള്‍ എന്നിവയും പാടുന്നതിലൂടെ പ്രശസ്തയാണ്. ഗാനഗന്ധര്‍വന്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 2007 മുതല്‍ പിന്നണി ഗായിക എന്ന നിലയില്‍ അറിയപ്പെടുന്നതിനൊപ്പം റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കൈരളി ടി വി ഗന്ധര്‍വ്വ സംഗീതം സീനിയേഴ്സ് 2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍, ജീവന്‍ ടി വിയുടെ വോയ്സ് 2004, ജീവന്‍ ടിവിയുടെ ആപ്പിള്‍ മെഗാസ്റ്റാര്‍ ഷോ – 2009(2 കോടി രൂപ) റിയാലിറ്റി ഷോകളില്‍ ഒന്നാം സ്ഥാനം. നാല്‍പതിലേറെ സിനിമകളിലായി 140 ലേറെ ഗാനങ്ങള്‍ പാടി. അഞ്ച് ഗാനങ്ങള്‍ സംഗീത സംവിധാനം ചെയ്തു. ഭരതനാട്യം, കുച്ചിപ്പുഡി എന്നീ നൃത്തരൂപങ്ങളില്‍ ശ്രദ്ധേയ. 2014 മുതല്‍ ഈസ്റ്റ് രാഗ എന്ന മ്യൂസിക് ബാന്‍ഡ് നടത്തി വരുന്നു. 2012 ല്‍ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെയും 2017ല്‍ വിമാനം എന്ന ചിത്രത്തിലെയും ഗാനങ്ങളിലൂടേ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കും അര്‍ഹയായി.


യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെകട്ടറി അലക്സ് വര്‍ഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍, യുക്മ ദേശീയ സമിതിയും റീജിയണല്‍ കമ്മറ്റികളും ഒരേ മനസ്സോടെ യുക്മ കേരളപിറവി ദിനാഘോഷം ഒരു അവിസ്മരണീയ മുഹൂര്‍ത്തമാക്കി മാറ്റുവാനുള്ള ഒരുക്കങ്ങളിലാണ്.

 
യുക്മ കലാഭൂഷണം പുരസ്കാര ജേതാവും യുകെയിലെ നൃത്ത കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ദീപ നായര്‍ ഇവൻറ് കോർഡിനേറ്ററായി ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുമ്പോള്‍ ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഒരുക്കുന്നത് യുകെയിലെ പ്രശസ്തമായ റെക്സ് ബാന്‍ഡിലെ റെക്സ് ജോസാണ്. യുക്മ കേരളപിറവി ദിനാഘോഷങ്ങളിലേക്ക് ഏവരേയും യുക്മ ദേശീയ സമിതി സാദരം സ്വാഗതം ചെയ്തു കൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more