1 GBP =
breaking news

“ഈ രൂപതയെ നിങ്ങൾ സ്നേഹിക്കണം” ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ; ‘ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ ദൈവം കൈപിടിച്ചു നടത്തുന്നു’ മാർ ജോസഫ് സ്രാമ്പിക്കൽ; ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഒന്നാം പിറന്നാൾ പ്രസ്റ്റൺ കത്തീഡ്രലിൽ സമുചിതമായി ആഘോഷിച്ചു….

“ഈ രൂപതയെ നിങ്ങൾ സ്നേഹിക്കണം” ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ; ‘ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ ദൈവം കൈപിടിച്ചു നടത്തുന്നു’ മാർ ജോസഫ് സ്രാമ്പിക്കൽ; ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഒന്നാം പിറന്നാൾ പ്രസ്റ്റൺ കത്തീഡ്രലിൽ സമുചിതമായി ആഘോഷിച്ചു….

ഫാ. ബിജു കുന്നയ്‌ക്കാട്ട്
പ്രസ്റ്റൺ: കൃത്യം ഒരു വർഷം മുൻപ് നടന്ന ചരിത്രസംഭവത്തിന്റെ മധുരസ്മരണകൾ അയവിറക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം പ്രസ്റ്റൺ കത്തീഡ്രലിൽ ഒത്തുച്ചേർന്നു രൂപതയുടെ ഒന്നാം പിറന്നാൾ പ്രാർത്ഥനാപൂർവ്വം ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസ്റ്റൺ സെന്റ്. അൽഫോൺസാ കത്തീഡ്രലിൽ രൂപതാ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമ്മികനായ ദിവ്യ ബലിയോടെയാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കമായത്. പപ്പുവാ ന്യൂ ഗിനിയായുടെയും സോളമൻ ഐലന്റിന്റെയും അപ്പസ്‌തോലിക് ന്യൂൺഷ്യോയും കോട്ടയം അതിരൂപതാംഗവുമായ ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ ദിവ്യബലി മദ്ധ്യേ വചനസന്ദേശം നൽകി. രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും വിവിധ വി. കുർബാന സെന്ററുകളിൽ നിന്നെത്തിയ അൽമായ പ്രതിനിധികളുമടക്കം നിരവധി പേര് ശുശ്രൂഷകളിൽ പങ്ക് ചേർന്നു.

കഴിഞ്ഞ വർഷം നടന്ന രൂപതാ ഉത്‌ഘാടനത്തിലും മെത്രാഭിഷേകത്തിലും പങ്കെടുക്കുവാൻ സാധിക്കാതെ പോയത്തിന്റെ സങ്കടം ഇന്ന് ഒന്നാം വാർഷികത്തിൽ പങ്ക് ചേരുന്നതോടെ പരിഹരിക്കുകയാണെന്നും പറഞ്ഞാണ് ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ തൻറെ വചന സന്ദേശം ആരംഭിച്ചത്. “കഴിഞ്ഞ വർഷം ഈ രൂപതയേയും മെത്രാനെയും നമുക്ക് തന്നിട്ട് സഭ പറഞ്ഞു “Keep them, love them, and grow with them”. യുകെയിലെ സീറോ മലബാർ കുടിയേറ്റ ജനതയ്ക്ക് ദൈവം നൽകിയ സമ്മാനമാണ് ഈ രൂപതയും മെത്രാനും. അത് കൊണ്ട് ഏറ്റവും പ്രധാനമായി എനിക്ക് നിങ്ങളെ ഓർമ്മിപ്പിക്കാനുള്ളത് നിങ്ങൾ ഈ രൂപതയെ സ്നേഹിക്കണം, ഹൃദയത്തിലേറ്റ് വാങ്ങണം” – മാർ വയലുങ്കൽ കൂട്ടിച്ചേർത്തു. രൂപതയുടെ പിറവിയുടെ ആരംഭകാലമാണെന്നതിനാൽ മാർത്തായെ പോലെ പല കാര്യങ്ങളിലും വ്യാകുലതയും അസ്വസ്ഥതയും തോന്നിയാലും മറിയത്തെ പോലെ ദൈവത്തോട് ചേർന്ന് നിന്നും മുൻപോട്ടു പോയാൽ ഒരു കാര്യത്തിലും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് വി. കുർബാനയിൽ വായിച്ച സുവിശേഷഭാഗത്തെ ഉദ്ധരിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.

തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ കത്തീഡ്രൽ വികാരിയും വികാരി ജനറാളുമായ റവ. ഫാ. മാത്യു ചൂരപൊയ്കയിൽ എല്ലാവർക്കും സ്വാഗതമാശംസിച്ചു. അഭിവന്ദ്യ പിതാക്കന്മാരെ കൂടാതെ ലങ്കാസ്റ്റർ രൂപതാ മെത്രാൻ മൈക്കിൾ ജി. കാംബെല്ലിന്റെ പ്രതിനിധി റവ. ഫാ. റോബർട്ട് ബില്ലിംഗ്, വികാരി ജനറാൾ റവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ , വിവിധ വി. കുർബാന സെന്ററുകളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ, സിസ്റ്റേഴ്സ്, ഡീക്കന്മാർ, വൈദിക വിദ്യാർത്ഥികൾ, വിവിധ വി. കുർബാന സെന്ററുകളിൽ നിന്നുള്ള പ്രതിനിധികളായെത്തിയ അല്മായർ തുടങ്ങി നൂറ് കണക്കിനാളുകൾ തിരുക്കർമ്മങ്ങളിൽ പങ്കാളികളായി.

വി. കുർബാനയ്ക്ക് മുൻപായി പോർചുഗലിലെ ഫാത്തിമയിൽ മാതാവിന്റെ ദർശനം ലഭിച്ചവരും ഈ അടുത്തെ കാലത്തു വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടവരുമായ ഫ്രാൻസിസ്കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പ് ഔദ്യോഗികമായി കത്തീഡ്രൽ ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്ന കർമ്മവും അവരുടെ ബഹുമാനാർത്ഥമുള്ള ലദീഞ് പ്രാർത്ഥനയും നടന്നു. വി. കുർബാനയുടെ സമാപനത്തിൽ ലങ്കാസ്റ്റർ രൂപതാ മെത്രാൻ മൈക്കിൾ ജി. കാംബെല്ലിന്റെ സന്ദേശം അദ്ദേഹത്തിന്റെ പ്രതിനിധി റവ. ഫാ. റോബർട്ട് ബില്ലിംഗ് വായിച്ചു. സീറോ മലബാർ സഭയും ഇവിടുത്തെ പ്രാദേശിക സഭയും പരസ്പരം പ്രോത്സാഹിപ്പിച്ചും വിശ്വാസ പ്രഘോഷണത്തിൽ സഹകരിച്ചും വളരണമെന്നും യുകെയുടെ മണ്ണിൽ സീറോ മലബാർ സഭയുടെ സാന്നിധ്യം വലിയ അനുഗ്രഹമാണെന്നും സന്ദേശത്തിൽ ലങ്കാസ്റ്റർ രൂപതാ അധ്യക്ഷൻ അനുസ്മരിച്ചു.

തുടർന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതാവർഷിക ദിനത്തിന്റെ മംഗളങ്ങൾ എല്ലാവർക്കും ആശംസിക്കുകയും നൽകിവരുന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും നദി പറയുകയും ചെയ്തു. മാർപാപ്പയുടെ പ്രതിനിധിയാണ് അപ്പസ്‌തോലിക് ന്യൂൺഷ്യോയെന്നും ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിന്റെ സാന്നിധ്യത്തിലും വാക്കുകളിലും മാർപാപ്പയുടെ തന്നെ സാനിധ്യവും വാക്കുകളുമാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു. അതിവിശാലമായ രൂപത സന്ദർശിച്ച സ്ഥലങ്ങളിലെല്ലാം വിശ്വാസികൾ വലിയ താല്പര്യത്തോടെയാണ് തന്നെ സ്വീകരിച്ചതെന്നും ഇതിന് എല്ലാവരോടും നന്ദി പറയുന്നതായും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ ഏറ്റവും വലിയ ശക്തി മിഷനറി ചൈതന്യത്തോടെ അത്യദ്ധ്വാനം ചെയ്യുന്ന വൈദികരാണെന്നും നാലു സമർപ്പിതർ രൂപതയിൽ സേവനം ചെയ്യുന്നതും ഈ ആദ്യ വർഷത്തിൽ തന്നെ മൂന്നു വൈദിക വിദ്യാർത്ഥികളെ ലഭിച്ചതും നമ്മുടെ രൂപതയിൽ ദൈവാനുഗ്രഹത്തിന്റെ വലിയ അനുഗ്രഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മതബോധനവും വനിതാഫോറവും ഉൾപ്പടെ രൂപതയുടെ വിവിധ പ്രവർത്തനങ്ങളും ആദ്യ വർഷം തന്നെ ഒരു സെമിനാരി തുടങ്ങാൻ സാധിച്ചതുമെല്ലാം ഇത് ദൈവം കൈപിടിച്ച് നടത്തുന്ന രൂപതയാണെന്നതിന്റെ വ്യക്തമായ തെളിവുകളാണെന്നും രൂപതാധ്യക്ഷൻ പറഞ്ഞു.
തുടർന്ന് കത്തീഡ്രൽ ദേവാലയത്തിന് സമീപമുള്ള നൂർ ഹാളിൽ എല്ലാവർക്കും സ്നേഹവിരുന്ന് ഒരുക്കിയിരുന്നു. അതിനു ശേഷം വൈദികസമിതിയുടെ സമ്മേളനവും വിവിധ വി. കുർബാന കേന്ദ്രങ്ങളിലെ കൈക്കാരന്മാരുൾപ്പടെയുള്ളവരുടെ പൊതു ആലോചനായോഗവും നടന്നു. തുടർന്നു വരുന്ന നാളുകളിലേക്കുള്ള പ്രവർത്തനങ്ങളുടെ അഭിപ്രായം ആരാഞ്ഞു.

തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമാക്കിയ റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘവും ഒന്നാം വാർഷികത്തിനായി കത്തീഡ്രൽ വികാരി റവ. ഫാ. മാത്യു ചൂരപൊയ്കയുടെ നേതൃത്വത്തിൽ നടത്തിയ ഒരുക്കങ്ങളും ഏറെ ഹൃദ്യമായി. വരും നാളുകളിലും എല്ലാ വിശ്വാസികളുടെയും കൂട്ടായ പ്രവർത്തനവും സഹകരണവും രൂപതയ്ക്ക് ലഭിക്കണമെന്നും വരാനിരിക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവൻഷനും ബൈബിൾ കലോത്സവവും അതിനു പ്രചോദനമാകട്ടെയെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more