1 GBP = 103.83
breaking news

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുന്നു;നാളെയോടെ കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുന്നു;നാളെയോടെ കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികൾ കാരണം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുന്നു. വിസമ്മതപത്രം നല്‍കാത്തവരുടെ ശമ്പളം പിടിക്കാന്‍ നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ശമ്പളം ബില്ലില്‍ ചെയ്ത ക്രമീകരണമാണ് ഇപ്പോഴുള്ള പ്രശ്നത്തിന് കാരണം . എന്നാൽ പ്രശ്നം നാളത്തോടെ പരിഹരിക്കുമെന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.

ശമ്പള ബില്ലുകള്‍ ട്രഷറികളില്‍ എത്തിയ ശേഷമാണ് സാലറി ചലഞ്ചിലെ വിസമ്മത പത്രമെന്ന വ്യവസ്ഥ സുപ്രിം കോടതി റദ്ദാക്കിയത്. ഇതോടെ സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ തയ്യാറുളളവരില്‍ നിന്ന് ഡി.ഡി.ഒമാര്‍ സമ്മതപത്രം നല്‍കണമെന്ന് കാട്ടി ധനവകുപ്പ് ആദ്യ സര്‍ക്കുലര്‍ ഇറക്കി. സമ്മതപത്രം സമര്‍പ്പിക്കാതെ ബില്ലുകള്‍ നല്‍കിയ ഡി.ഡി.ഒമാര്‍ അവ തിരികെ വാങ്ങി തിരുത്തല്‍ വരുത്തി ബില്ലുകള്‍ വീണ്ടും സമര്‍പ്പിക്കണമെന്ന് കാണിച്ച് രണ്ടാമത്തെ സര്‍ക്കുലറും വന്നു. സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ എല്ലാവരും രേഖാമൂലം സന്നദ്ധത അറിയിച്ച ഓഫീസുകളുടെ ബില്ലുകള്‍ മാത്രമെ മാറാന്‍ കഴിയൂ എന്ന സ്ഥിതി വന്നു. ഇതോടെ ഒന്നാം തിയതി തന്നെ ശമ്പള വിതരണം താളം തെറ്റി. സർക്കാർ ജീവനക്കരെ രണ്ട് തട്ടിലാക്കിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും പ്രശ്നം വേഗത്തിൽ പരിഹരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനായി വേണ്ട നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more