1 GBP = 103.01
breaking news

സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവ് ഇനി ചരിത്രം

സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവ് ഇനി ചരിത്രം

മോസ്കോ: ശീതയുദ്ധം അവസാനിപ്പിക്കാനും സോവിയറ്റ് യൂനിയന്റെ തകർച്ചക്കും നിമിത്തമായ മുൻ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവ് ഇനി ചരിത്രം. ഹൗസ് ഓഫ് യൂനിയൻസിന്റെ പില്ലർ ഹാളിൽ നൂറുകണക്കിന് പേർ അന്തിമോപചാരം അർപ്പിച്ച പൊതുചടങ്ങിന് ശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഭാര്യ റെയ്സക്ക് സമീപം അടക്കം ചെയ്തു.

ഓണററി ഗാർഡുകൾ വലയം ചെയ്ത ശവപ്പെട്ടിക്കരികിൽ ഗോർബച്ചേവിന്റെ മകൾ ഐറിനയും രണ്ട് പേരക്കുട്ടികളും ഇരുന്നു. സോവിയറ്റ് കാലഘട്ടത്തിലെ ദേശീയ ശവസംസ്കാര ചടങ്ങുകൾക്കും ഉന്നതതല യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും വേദിയായ പില്ലർ ഹാൾ മറ്റൊരു ചരിത്ര മുഹൂർത്തത്തിനും വേദിയായി. ചരിത്രപ്രധാനമായ വേദിയിൽ തന്നെ അന്തിമോപചാര ചടങ്ങ് സംഘടിപ്പിച്ചിട്ടും ശവസംസ്കാര ചടങ്ങിനെ ദേശീയ പരിപാടിയെന്ന് വിശേഷിപ്പിക്കാൻ അധികൃതർ തയാറായില്ല. 

സോവിയറ്റിന് ശേഷമുള്ള റഷ്യയുടെ ആദ്യത്തെ നേതാവായിരുന്ന ബോറിസ് യെൽറ്റ്‌സിന് നൽകിയ 2007-ലെ ആഡംബരപൂർണമായ സംസ്‌കാരച്ചടങ്ങിൽ നിന്ന് വ്യത്യസ്തമായിരുന്നു ഈ ലളിതമായ ചടങ്ങ്. വ്യക്തമായ പ്രശംസയോ വിമർശനമോ ഒഴിവാക്കി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അനുശോചനക്കുറിപ്പിൽ ഗോർബച്ചേവിനെ വിശേഷിപ്പിച്ചത് ‘ലോക ചരിത്രത്തിന്റെ ഗതിയിൽ വലിയ സ്വാധീനം ചെലുത്തിയ’ വ്യക്തി എന്നാണ്. ബിസിനസ് യോഗങ്ങളുടെയും ഔദ്യോഗികമായ ഫോൺ കാളിന്റെയും തിരക്ക് ചൂണ്ടിക്കാട്ടിയാണ് പുടിൻ സംസ്കാര ചടങ്ങിൽനിന്ന് വിട്ടുനിന്നത്. 

ദേശീയ ടെലിവിഷൻ സംപ്രേക്ഷണങ്ങളിൽ ഗോർബച്ചേവിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ റഷ്യൻ ഭരണകൂടത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിക്കുന്നുണ്ടായിരുന്നു. ലോകനേതാക്കളുടെ പ്രശംസ വിവരിച്ചതിനൊപ്പം രാഷ്ട്രീയ അരാജകത്വത്തിലേക്കും സാമ്പത്തിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടതിനും രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനും അദ്ദേഹം ഉത്തരവാദിയാണെന്ന് മരണാനന്തര റിപ്പോർട്ടിങ്ങിൽ പറയുന്നുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more