1 GBP =

തലവര മാറിയില്ല; ഗോകുലത്തിന്‌ തോല്‍വി തന്നെ

തലവര മാറിയില്ല; ഗോകുലത്തിന്‌ തോല്‍വി തന്നെ

കോഴിക്കോട്‌: നൈജീരിയന്‍ താരം ഒഡാഫേ ഒകോലി സ്‌ട്രൈക്കറായി ടീമിലെത്തിയിട്ടും ഗോകുലം എഫ്‌.സിയുടെ തലവര മാറിയില്ല. ഹോം ഗ്രൗണ്ടില്‍ വീണ്ടും തോല്‍വിതന്നെ. മിനര്‍വ പഞ്ചാബുമായി ഇന്നലെ നടന്ന മത്സരവും (1-0) തോറ്റതോടെ പോയിന്റ്‌ പട്ടികയില്‍ ഗോകുലം ഒമ്പതാം സ്‌ഥാനത്ത്‌. 17-ാം മിനിട്ടില്‍ ബാലി ഗഗന്‍ദ്വീപാണ്‌ പഞ്ചാബ്‌ ടീമിനു വേണ്ടി വല ചലിപ്പിച്ചത്‌.
കഴിഞ്ഞ കളികളില്‍നിന്നു വ്യത്യസ്‌തമായി ഗോകുലം മികച്ച പാസുകളിലൂടെ എതിര്‍ ഹാഫില്‍ ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. മുന്‍ മത്സരങ്ങളില്‍ പ്രതിരോധത്തിലെ പാളിച്ചയായിരുന്നു തോല്‍വിക്കു കാരണമെങ്കില്‍ ഫിനിഷിങിലെ കൃത്യതയില്ലായ്‌മയായിരുന്നു ഇന്നലത്തെ പരാജയ കാരണം.

വിങുകളിലൂടെ ഗോകുലം അക്രമിച്ചുകയറിയപ്പോള്‍ അതിവേഗ നീക്കങ്ങളുമായി പഞ്ചാബ്‌ താരങ്ങളും നിരന്തരം ഭീഷണിയുയര്‍ത്തി. രണ്ടാം പകുതിയില്‍ സുവര്‍ണാവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചെങ്കിലും ലക്ഷ്യം മാത്രം അകലെയായി.
ആദ്യ പകുതിയില്‍ പന്തിന്റെ നിയന്ത്രണം കൂടുതലും മിനര്‍വയ്‌ക്കായിരുന്നു. ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രമായിരുന്നു ഗോകുലത്തില്‍ നിന്നുണ്ടായത്‌. കിട്ടുന്ന അവസരങ്ങളില്‍ പന്തുമായി എതിര്‍ ബോക്‌സിലെത്തുമ്പോള്‍ കളി മറക്കുന്ന അവസ്‌ഥയായിരിന്നു ഗോകുലം.

ബോക്‌സില്‍ പാസുകള്‍ കണക്‌ട് ചെയ്ുയന്നതില്‍ നിരന്തരം പിഴവുകള്‍ വരുത്തി. കളി ചൂടുപിടിച്ചു തുടങ്ങിയതോടെ ഇടതുവിങില്‍ ബോക്‌സിന്‌ അഞ്ചുമീറ്റര്‍ അകലെ നിന്നും ഭൂട്ടാന്‍ താരം ചെന്‍ചോ നല്‍കിയ ക്രോസ്‌ രണ്ട്‌ ഡിഫന്‍ഡര്‍മാര്‍ക്കിയിലൂടെ കേരള ബോക്‌സിലേക്ക്‌ കുതിച്ചെത്തിയ ബാലി ഗഗന്‍ദ്വീപ്‌ വലയിലേക്ക്‌ തട്ടിയിടുകയായിരുന്നു. ഗോള്‍ മടക്കാന്‍ ശ്രമം നടന്നെങ്കിലുംഫിനിഷിങ്‌ മികവില്ലാതായതോടെ ആദ്യ പകുതിയില്‍ ലഭിച്ച മൂന്ന്‌ കോര്‍ണര്‍ കിക്കുകള്‍ മാത്രമായിരുന്നു ഗോകുലത്തിന്റെ നേട്ടം. രണ്ടാം പകുതിയില്‍ ഇരു ടീമുകളും അക്രമം ശക്‌തമാക്കിയതോടെ ഗോള്‍ മാത്രം അകന്നുനിന്നു. കിവി മുസമ്മിക്കു പകരം പരിചയ സമ്പന്നായ സ്‌ട്രൈക്കര്‍ ഉസ്‌മാന്‍ ആശിഖിനെ കേരളം കളത്തിലിറക്കി. രണ്ട്‌ മിനുട്ട്‌ വിത്യാസത്തില്‍ കേരളത്തിന്‌ തുടരെ മൂന്ന്‌ കോര്‍ണറുകള്‍ ലഭിച്ചു. ആദ്യ കോര്‍ണര്‍കിക്കില്‍നിന്ന്‌ മുഹമ്മദ്‌ ഇര്‍ശാദ്‌ ഉതിര്‍ത്ത ഹെഡ്‌ഡര്‍ ഗോളിയുടെ കൈയിലും ക്രോസ്‌ ബാറിലും തട്ടിത്തെറിച്ചു. തുടര്‍ന്നുള്ള കോര്‍ണര്‍ പാസ്‌ സ്വീകരിച്ച്‌ അര്‍ജുന്‍ ജയരാജ്‌ ഉതിര്‍ത്ത ഷോട്ട്‌ പോസ്‌റ്റിന്‌ തൊട്ടരുമ്മി പറന്നു.
72-ാം മിനിട്ടില്‍ ലീഡ്‌ ഉയര്‍ത്താനുള്ള അവസരം മിനര്‍വ പാഴാക്കി. ഇമ്മാനുവലിന്റെ പാസ്‌ കണക്‌ട് ചെയ്യാന്‍ കേരള ഗോളിക്കു കഴിഞ്ഞില്ല.

മുന്നോട്ട്‌ കയറിയ ഗോള്‍ കീപ്പറിന്റെ വീഴ്‌ചയില്‍ ഓടിയെത്തി പന്ത്‌ കൈക്കലാക്കിയ കമല്‍പ്രീത്‌ സിങ്‌ ഒഴിഞ്ഞ പോസ്‌റ്റിലേക്ക്‌ ഷോട്ട്‌ ഉതിര്‍ത്തെങ്കിലും ലക്ഷ്യം പിഴച്ചു. അവസാന മിനിട്ടില്‍ ഗോള്‍ മടക്കാന്‍ പ്രതിരോധം മറന്ന്‌ കേരളം ശ്രമിക്കുന്നതിനിടെ ചില പ്രത്യാക്രമണങ്ങള്‍ മിനര്‍വയുടെ ഭാഗത്തുനിന്നുണ്ടായി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിട്ടില്‍ ഗോളെന്നുറച്ച ചിന്‍ചോയുടെ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. കേരളത്തിന്റെ അടുത്ത ഹോം മത്സരം 12-ന്‌ ഇന്ത്യന്‍ ആരോസുമായാണ്‌. ആദ്യ എവേ മത്സരത്തില്‍ ആരോസിനെ തോല്‍പ്പിക്കാന്‍ ഗോകുലത്തിനു കഴിഞ്ഞിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more