1 GBP = 103.68
breaking news

ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം –  പ്രളയത്തിൽ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയർത്തി  ഗ്ലോസ്റ്റർഷെയർ മലയാളികൾ

ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം –  പ്രളയത്തിൽ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയർത്തി  ഗ്ലോസ്റ്റർഷെയർ മലയാളികൾ
ജോർജ്ജ് ജോസഫ്
ഗ്ലോസ്റ്റെർഷെയർ: സഹജീവികളോടുള്ള സഹാനുഭൂതി  വാട്സാപ്പിലും എഫ്ബി യിലുമായി ഒതുങ്ങി പോകുന്ന ഇക്കാലത്തു  ക്രിയാത്‌മകമായ പ്രവർത്തങ്ങളിൽകൂടി ജി.എം.എ വീണ്ടും യു.കെ മലയാളികൾക്ക്  അഭിമാനവും മാതൃകയുമായി മാറുന്നു. അതിന്റെ നേർക്കാഴ്‌ച്ചയായി മാറി ഇന്നലെ ചെങ്ങന്നൂരിലെ  പുലിയൂരിൽ ജി.എം.എ കേരള ഫ്ളഡ് റിലീഫ് ഫണ്ട് ഉപയോഗിച്ചുള്ള  ആദ്യ ഹൗസിങ് പ്രോജക്ടിന്റെ  തറക്കല്ലിടൽ കർമ്മം.
വളർത്തി വലുതാക്കിയ സ്വന്തം  നാട്, നൂറ്റാണ്ടിലെ പ്രളയത്തെ  നേരിട്ടപ്പോൾ വെറും കാഴ്ചക്കാരായി  മാറിനിൽക്കാതെ  നാടിനോടൊപ്പമെന്ന നിലപാടിലെത്താൻ  ജി.എം.എ ക്കു  രണ്ടാമതൊന്ന് അലോചിക്കേണ്ടതില്ലായിരുന്നു. ഓണാഘോഷപരിപാടികൾ പോലും  കാൻസൽ ചെയ്തുകൊണ്ട്, പ്രളയ  ദിനങ്ങളിൽ തന്നെ 25000 പൗണ്ട്  ടാർജറ്റ്‌ ആയുള്ള കേരള ഫ്ളഡ് റിലീഫ് ഫണ്ടിന് രൂപം  നൽകുകയും, ജി.എം.എ യിലെ യുവ  തലമുറയടക്കം ഓരോ അംഗങ്ങളും  അതിന്റെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി  രംഗത്ത് വരികയും  ചെയ്തു.
ജി.എം.എ അംഗങ്ങളുടെ ഡോണേഷനായും , ജോലിസ്ഥലങ്ങളിൽ സംഘടിപ്പിച്ച  ഇന്ത്യൻ സ്നാക്ക് സെയിൽ വഴിയും , മുസ്ലിം & ക്രിസ്ത്യൻ പള്ളികൾ  കേന്ദ്രീകരിച്ചും സ്ട്രീറ്റ് കളക്ഷൻ വഴിയും, എഫ്ബി  പേജ്  മുഖേനയുമെല്ലാം,  സഹജീവികളോടുള്ള സഹാനുഭൂതി  നാണയത്തുട്ടുകളായും പൗണ്ടുകളായും ഒഴുകിയെത്തുകയായിരുന്നു. ചുരുക്കം  ചിലർക്കെങ്കിലും അപ്രാപ്യമെന്നു  തോന്നിയിരുന്ന 25000 പൗണ്ട് എന്ന  ടാർജറ്റ്‌ വെറും മൂന്ന്  ആഴ്ചകൾക്കുള്ളിൽ മറികടന്ന്  ഇപ്പോൾ 28000 പൗണ്ടിൽ എത്തിനിൽക്കുന്നു  എന്നുള്ളത് , വെറും 175 കുടുംബങ്ങൾ അംഗങ്ങളായുള്ള ജി.എം.എ – ഒരു കമ്മ്യൂണിറ്റി  അസോസിയേഷൻ എങ്ങനെ  ആയിരിക്കണം  എന്നതിന്റെ  ചൂണ്ടുപലക ആയി മാറുന്നു .
പ്രളയത്തിൽ കിടപ്പാടം തന്നെ നഷ്ടപെട്ട, സാമ്പത്തികമായി  ഏറ്റവും കഷ്ടത അനുഭവിക്കുന്ന്ന  നാല് കുടുംബങ്ങൾക്ക് പൂർണ്ണമായും  ജി.എം.എ റിലീഫ് ഫണ്ട്  ഉപയോഗിച്ച്  6000 പൗണ്ടിന്  തത്തുല്ല്യമായ പുതിയ വീട്  നിർമ്മിച്ച് നൽകുകായാണ്  ജി.എം.എ ചെയ്യുന്നത്.  കേരളാ  ഗവണ്മെന്റിന്റെ  ലൈഫ്  മിഷനും  യുക്മ – സ്നേഹക്കൂട്  പദ്ധതിയുമായി  സഹകരിച്ചാണ് ഇത്  പ്രാവർത്തികമാക്കുന്നത്. ഈ പദ്ധതിയിൽ  കൂടി  നിർമ്മിക്കുന്ന  ആദ്യ ഭവനത്തിന്റെ നിർമ്മാണ  പ്രവർത്തനങ്ങൾക്ക് ഇന്നലെ  ചെങ്ങന്നൂരിനടുത്തു പുലിയൂരിൽ  കൂലിപ്പണിക്കാരനായ സജി  കാരാപ്പള്ളിയിൽ എന്ന വ്യക്തിക്കും കുടുംബത്തിനുമായി തുടക്കം  കുറിച്ചിരിക്കുന്നു.
പ്രളയത്തിൽ, അവരുടെ കൊച്ചു വീട് പൂർണ്ണമായും  ഇല്ലാതാകുകയായിരുന്നു. കാലങ്ങളായി മാറാ രോഗങ്ങൾ   അലട്ടുന്ന സജിയുടെ ഭാര്യക്കും  കുഞ്ഞുങ്ങൾക്കും  മുമ്പിൽ, വിധി  പ്രളയരൂപത്തിൽ വീണ്ടും കോമാളി  വേഷം കെട്ടിയപ്പോൾ  ജി.എം.എ യുടെ സഹായഹസ്തം അവരെ  തേടി  ചെല്ലുകയായിരുന്നു. ജി.എം.എ എക്സിക്യൂട്ടീവ് അംഗം ശ്രീ തോമസ് ചാക്കോയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു സജിയുടെ കുടുംബത്തെ കണ്ടെത്തുന്നതും നിർമ്മാണം തുടങ്ങുന്നതിനാവശ്യമായ ഏകോപനം ഇത്രയും വേഗത്തിൽ സാധ്യമായതും. തറക്കല്ലിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സജിക്കും കുടുംബത്തോടുമൊപ്പം പുലിയൂയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശൈലജ, വാർഡ് മെമ്പർമാരായ മുരളീധരൻ,  ബാബു കല്ലുത്തറ, ജി.എം.എ പ്രതിനിധി ഷാജി എബ്രഹാം, പൊതു പ്രവർത്തകരായ ബിനു മുട്ടാർ, രാജീവ് പള്ളത്ത്, അനീഷ് തുടങ്ങി  പ്രാദേശിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വിശിഷ്ട അതിഥികൾ സന്നിഹിതരായിരുന്നു.
യൂ.കെ യിൽ  ഇരുന്നു കൊണ്ട്, കേരളത്തിൽ  ഇങ്ങനെയൊരു നിർമ്മാണ പദ്ധതി  ഏറ്റെടുത്തു സാക്ഷാൽക്കരിക്കുക  എന്നുള്ളത്  വെല്ലുവിളികൾ  നിറഞ്ഞതാണെങ്കിലും, ജി.എം.എ കമ്മിറ്റിയുടെ  നിശ്ചയദാർഢ്യവും  മുഴുവൻ അംഗങ്ങളുടേയും  നിസ്വാർത്ഥ സഹകരണവും  ഈയൊരു മിഷന്റെ മുന്നോട്ടുള്ള  പ്രയാണം സുഗമമാക്കുന്നു.
ഇതിനൊപ്പം, പ്രളയത്തോടെ  വീട്ടിലെ  സാധന സാമഗ്രികളെല്ലാം  നഷ്ട്ടപെട്ടുപോകുകയോ  ഉപയോഗശൂന്യമാകുകയോ ചെയ്ത, സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന 20 കുടുംബങ്ങൾക്ക് ഇരുപതിനായിരം  രൂപ വരെ  മൂല്യമുള്ള അവശ്യ  വസ്തുക്കൾ നൽകി  സഹായിക്കുകയും ചെയ്യുന്നു.
ചാരിറ്റി രംഗത്തെ ജി.എം.എ യുടെ  ഓരോ ചുവടുവയ്പ്പും കാലപ്രയാണത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടുന്നതിന്റെ  ആൽമനിർവൃതിയിലാണ്  ഗ്ലോസ്റ്റർഷെയർ  മലയാളികൾ.  അടുത്ത മൂന്നു വീടുകൾക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുമ്പോൾ,  ജി.എം.എ പ്രസിഡന്റ് വിനോദ് മാണിയും, സെക്രട്ടറി ജിൽസ് പോളും, ട്രഷറർ വിൻസെന്റ് സ്കറിയയുമടങ്ങുന്ന കമ്മിറ്റി ഇതിനെല്ലാം നേതൃത്വം നൽകുന്നതോടൊപ്പം ഇതുമായി സഹകരിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും  ഒത്തിരി സ്നേഹത്തോടെ രേഖപ്പെടുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more