1 GBP = 103.97

ദിവ്യ മുഖ്യമന്ത്രിക്ക് കത്തെഴുതി; സ്‌‌കൂളിന് പുതിയ ബസ് എത്തി

ദിവ്യ മുഖ്യമന്ത്രിക്ക് കത്തെഴുതി; സ്‌‌കൂളിന് പുതിയ ബസ് എത്തി

തിരുവനന്തപുരം: അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ദിവ്യയെ അഭിനന്ദിച്ചു മതിയായിട്ടില്ല. മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെ സ്‌‌‌കൂളിന് സ്വന്തം ബസ് എത്തിച്ചാണ് ദിവ്യ എന്ന നാലാം ക്ലാ‌‌സ്സുകാരി സ്‌കൂളിന്റെയും നാടിന്റെയും പ്രിയങ്കരിയായത്.

പ്രസിദ്ധമായ കണ്ടല ലഹളയിലൂടെ ചരിത്രത്തില്‍ ഇടം നേടിയ സ്‌കൂളാണ് ഊരൂട്ടമ്പലം എല്‍. പി സ്‌കൂള്‍. കണ്ടല ലഹളയുമായി ബന്ധപ്പെട്ട പഞ്ചമിയുടെ നാലാം തലമുറയില്‍പ്പെട്ട ആതിര ഇപ്പോള്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്. ആതിരയുടെ കൂട്ടുകാരിയാണ് കത്തെഴുതിയ ദിവ്യ. സ്‌കൂളിലെ 4 ബിയിലെ വിദ്യാര്‍ത്ഥിയാണ് ദിവ്യ എസ്. എസ്. കഴിഞ്ഞ ജൂണ്‍ 12നാണ് ദിവ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയത്.

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിക്കത്തിലാണ് സ്‌കൂളിന് സ്വന്തമായി ബസ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നതായി ദിവ്യ എഴുതിയത്. ഒപ്പം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് സ്‌കൂളില്‍ പ്ലാസ്റ്റിക് ഉപയോഗം കുറച്ചതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ മഷിപ്പേന ഉപയോഗിക്കാന്‍ തുടങ്ങിയതിനെപ്പറ്റിയും എഴുതിയിരുന്നു.

കത്ത് വായിച്ച മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെ അനുമോദിച്ചതിനൊപ്പം ബസിന്റെ കാര്യം പരിഗണിക്കാമെന്നറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഈ വിഷയം സൂചിപ്പിച്ച് ഡോ.എ. സമ്പത്ത് എം. പിക്ക് മുഖ്യമന്ത്രി കത്ത് നല്‍കി. എം. പി ഫണ്ടില്‍ നിന്ന് തുക അനുവദിച്ചാണ് 16 സീറ്റുകളുള്ള ബസ് വാങ്ങിയത്.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍എ.സമ്പത്ത് എം.പിയും ദിവ്യയും ചേര്‍ന്ന് ബസ് ഫ്ളാഗ് ഓഫ് ചെയ്‌തു. സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുട്ടികള്‍ വഹിച്ച പങ്ക് മാതൃകാപരമാണെന്ന് സമ്പത്ത് എം. പി പറഞ്ഞു. അവധി ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തുന്നതിനും നാടിനെ മനസിലാക്കുന്നതിനും പുതിയ ബസ് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more