1 GBP = 103.87

യുകെയിൽ അനധികൃതമായി തങ്ങിയ ഇന്ത്യൻ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം; ഒടുവിൽ മോചനം

യുകെയിൽ അനധികൃതമായി തങ്ങിയ ഇന്ത്യൻ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം; ഒടുവിൽ മോചനം

ലണ്ടൻ: കുടിയേറ്റ കുറ്റം ചുമത്തി രാജ്യത്ത് നിന്ന് പുറത്താക്കാൻ യു.കെ. ഭരണകൂടം ശ്രമിച്ച രണ്ട് ഇന്ത്യൻ പൗരന്മാർക്ക് ജനകീയ പ്രതിഷേധത്തെ തുടർന്ന് മോചനം. 10 വർഷമായി യു.കെയിലെ ഗ്ലാസ്ഗോയിൽ താമസിക്കുന്ന 30കാരായ സുമിത് സെഹ്ദേവ്, ലഖ് വീർ സിങ് എന്നിവരെയാണ് എട്ടു മണിക്കൂറിന് ശേഷം തടങ്കൽ വാനിൽ നിന്ന് മോചിപ്പിച്ചത്. പാകിസ്താൻ വംശജനായ മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ആമിർ അൻവറിന്‍റെ ഇടപെടലും യുവാക്കളുടെ മോചനം എളുപ്പമാക്കി.

പെരുന്നാൾ ദിനത്തിൽ ഗ്ലാസ്ഗോയിലെ പൊള്ളോഷീൽഡ് പട്ടണത്തിലാണ് സംഭവം. ആറ് എമിഗ്രേഷൻ എൻഫോഴ്സ്മെന്‍റ് ഒാഫീസർമാരും സ്കോട്ട് ലൻഡ് പൊലീസും അടങ്ങുന്ന സംഘമാണ് സുമിത്തിനെയും ലഖ് വീറിനെയും വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് രാജ്യത്ത് നിന്ന് പുറത്താക്കേണ്ടവരെ പാർപ്പിക്കുന്ന പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാൻ വാനിൽ കയറ്റി.

എന്നാൽ, സ്ഥലത്തെത്തിയ നൂറുകണക്കിന് അയൽവാസികൾ ഉൾപ്പെടന്ന വലിയ സംഘം വാഹനം തടയുകയുമായിരുന്നു. ‘ഞങ്ങളുടെ അയൽക്കാരെ വിടുക, അവരെ വിട്ടയക്കുക, പൊലീസുകാർ മടങ്ങി പോകുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധിക്കാർ വിളിച്ചു. എട്ടു മണിക്കൂറിന് ശേഷം ഉദ്യോഗസ്ഥർ വിട്ടയച്ച സുമിത്തിനെയും ലഖ് വീറിനെയും കയ്യടിച്ചാണ് അയൽവാസികൾ സ്വീകരിച്ചത്.

”പെരുന്നാൾ ദിനത്തിൽ ആഭ്യന്തര കാര്യാലയം നടത്തിയത് കപടവും പ്രകോപനപരവുമായ നടപടിയാണെന്ന് അഭിഭാഷകൻ ആമിർ അൻവർ പറഞ്ഞു. ജനങ്ങളുടെ ജീവിതത്തെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. കുടിയേറ്റക്കാർ അവരുടെ രക്തവും വിയർപ്പും കണ്ണീരും കൊണ്ടാണ് ഈ നഗരം കെട്ടിയുയർത്തിയത്. ഞങ്ങൾ അവർക്കൊപ്പം നിലക്കൊള്ളുമെന്നും” അൻവർ വ്യക്തമാക്കി.

ഉദ്യോഗസ്ഥന്മാർ തങ്ങളെ കസ്റ്റഡിയിലെടുത്ത് വാനിൽ കയറ്റുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നുവെന്ന ഭയത്തിലായിരുന്നുവെന്ന് ലഖ് വീൻ സിങ് പറഞ്ഞു. തങ്ങളുടെ മോചനത്തിൽ പരിശ്രമിച്ച എല്ലാ അയൽവാസികളോടും കണ്ണീരോടെ ലഖ് വീർ നന്ദി പറഞ്ഞു. ജനകീയ പ്രതിഷേധത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more