1 GBP = 104.37
breaking news

മാർത്തോമ്മാ നസ്രാണികളുടെ സംഗീത പാരമ്പര്യം സ്വായത്തമാക്കുകയും സംരക്ഷിക്കപ്പെടുകയും അനിവാര്യം: വെറോണിക്ക് നെബേൽ; കെന്നാറ അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം ശ്രദ്ധേയമായി…

മാർത്തോമ്മാ നസ്രാണികളുടെ സംഗീത പാരമ്പര്യം സ്വായത്തമാക്കുകയും സംരക്ഷിക്കപ്പെടുകയും അനിവാര്യം: വെറോണിക്ക് നെബേൽ; കെന്നാറ അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം ശ്രദ്ധേയമായി…

അപ്പച്ചൻ കണ്ണഞ്ചിറ

ബ്രിട്ടനിലെ സിറോ മലബാർ എപ്പാർക്കിയുടെ ആഭിമുഖ്യത്തിൽ  ഗ്‌ളൗസ്റ്ററിൽ നടന്ന അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം -കെന്നാര – നസ്രാണി പാരമ്പര്യ പ്രഘോഷണവും, പ്രൗഢ ഗംഭീരവുമായി .  അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ നടന്ന കെന്നാറ അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനത്തിൽ ഭാരതത്തിലെ  മാർത്തോമ്മാ നസ്രാണി സമൂഹത്തിന്റെ സംഗീത പാരമ്പര്യത്തെ പ്രതിനിധീകരിച്ചു ഫാദർ ജോസഫ് പാലക്കലും, ഇറാഖിലെ സുറിയാനി സംഗീത പാരമ്പര്യത്തെ പ്രതിനിധീകരിച്ചു പോലുസ് ഗാജോയും അവതരിപ്പിച്ച പ്രബന്ധങ്ങളും പ്രഭാഷണങ്ങളും സമ്മേളനത്തെ അക്ഷരാർത്ഥത്തിൽ സഭയുടെ പാരമ്പര്യ സവിശേഷതകളെ  ഉദ്ദീപിക്കുന്നതായി.
അന്താരാഷ്ട്ര തലത്തിൽ ക്രൈസ്തവ ആരാധനാ സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന ലാവൂസ് പ്ലീന ഫൗണ്ടേഷനെ പ്രതിനിധീകരിച്ചു വെറോണിക്‌ നെബേൽ നടത്തിയ ഗംഭീരമായ പ്രഭാഷണവും ഏറെ ശ്രദ്ധേയമായി. ഭാരതത്തിലെ സുറിയാനി സംഗീതം ആഗോള സഭയുടെ സ്വത്താണെന്നും അത് വീണ്ടെടുത്ത് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വെറോണിക്‌ ഉത്‌ബോധിപ്പിച്ചു. ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളുടെ തനതു ആരാധനാ സംഗീത പാരമ്പര്യം സ്വായത്തമാക്കി വരും തലമുറയിലേക്ക് പകരുവാൻ വെറോണിക്ക് നെബേൽ തഥവസരത്തിൽ  ആഹ്വാനം ചെയ്തു.
സിറോ മലബാർ സഭയുടെ ആരാധനക്രമം മലയാളത്തിലേക്ക് തർജ്ജമ ചെയ്തപ്പോൾ ഉണ്ടായ അർത്ഥ വ്യത്യാസത്തിലേക്കു വിരൽ ചൂണ്ടുന്നതായി ഫാദർ പാലക്കലിന്റെ സംഭാഷണം. ‘റൂഹാ’ എന്ന പദത്തിന്  പരിശുദ്ധ ആൽമാവ്, പരിശുദ്ധാരൂപി എന്നീ പദങ്ങൾ പൂർണ അർത്ഥം  പ്രതിഫലിപ്പിക്കുന്നില്ല.1970 കളിൽ പ്രസിദ്ധ മലയാള സിനിമ ഗാനരചയിതാവായ വയലാർ രാമ വർമ്മ ‘മകനേ നിനക്കു വേണ്ടി’ എന്ന സിനിമയ്ക്കുവേണ്ടി ‘ബാവാക്കും പുത്രനും പരിശുദ്ധ റൂഹാക്കും’ എന്ന ഗാനം രചിക്കുമ്പോൾ പരിശുദ്ധാൽമാവ് എന്ന പദം പ്രചുര പ്രചാരം നേടിയിരുന്നെങ്കിലും അദ്ദേഹം ‘റൂഹാ’ എന്ന പദം നിലനിറുത്തിയത് പ്രത്യേകം ശ്രദ്ധേയമാണ്. ട്യൂണിനു മാറ്റമില്ലാതെ പരിശുദ്ധാൽമാവ്, പരിശുദ്ധാരൂപി എന്നീ പദങ്ങൾ ഉപയോക്കാമായിരുന്നിരിക്കെ ‘റൂഹാ’ എന്ന പദം പ്രസ്തുത ഗാനത്തിൽ നിലനിറുത്തിയത് നമ്മുടെ ആരാധനാക്രമ പണ്ഡിതർക്കു ഇല്ലാതെ പോയ അദ്ദേഹത്തിന്റെ അവധാനതയെയും ഭാഷാവബോധത്തെയുമാണ് കാണിക്കുന്നത്.നമ്മുടെ സുറിയാനി സംഗീത പാരമ്പര്യം വീണ്ടെടുക്കണമെങ്കിൽ കുടുംബ പ്രാർത്ഥനയിൽ സുറിയാനി പദങ്ങളായ ‘റൂഹാ’ ‘കന്തീശ’ തുടങ്ങിയ പദങ്ങൾ കൂടുതൽ ഉപയോഗിക്കുവാനും പാടാൻ എളുപ്പമുള്ള സുറിയാനി ഗീതങ്ങൾ പരിശുദ്ധ കുർബാനയിൽ നിർബന്ധമായി ഉൾപ്പെടുത്തുകയും ചെയ്യാൻ പരിശ്രമിക്കണമെന്നും പാലക്കൽ അച്ചൻ  ഉദ്ബോധിപ്പിച്ചു .
ആരാധനാ സംഗീത പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലാവൂസ് പ്ലീന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെയും, സിറോ മലബാർ സഭയിൽ ഫാദർ പാലക്കലിന്റെ ക്രിയാൽമ്മക പ്രവർത്തനങ്ങളെയും മാർ ജോസഫ് സ്രാമ്പിക്കൽ മുക്തകണ്ഠം പ്രശംസിക്കുകയും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ ഇംഗ്ലണ്ടിലെ സഭയുടെ വളർച്ചക്ക് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘കടവിൽ ചാണ്ടി കത്തനാർ’ സുറിയാനി സംഗീതോത്സവത്തിൽ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ സുറിയാനി ഗീതങ്ങൾ ആലപിച്ചത് ആകർഷകമായി. ചെറിയ കുട്ടികളുടെ സുറിയാനി സംഗീത ആലാപനത്തിലുള്ള അതീവ താൽപര്യത്തിൽ ലാവൂസ് പ്ലീന പ്രതിനിധികൾ ഏറെ സന്തുഷ്‌ടരാവുകയും അഭിനന്ദിക്കുകയും ഉണ്ടായി. കുട്ടികളുടെ സുറിയാനി ആലാപനത്തെ ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ സ്രാമ്പിക്കൽ പിതാവും, ഫാദർ ജോസഫ്  പാലക്കലും മുക്തകണ്‌ഠം പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സിറോ മലബാർ എപ്പാർക്കിയുടെ സഭാ പഠന വിഭാഗത്തിന്റെ (ക്യാറ്റക്കേസിസ് ) തലവനായ ഫാദർ ജോയി വയലിലിന്റെ നേതൃത്വത്തിൽ ഗ്ലോസ്റ്റെർ സിറോ മലബാർ സമൂഹമാണ് ഈ സമ്മേളനവും സംഗീതോത്സവവും വർണാഭമായി സംഘടിപ്പിച്ചത്.
മാഞ്ചസ്റ്ററും, ബെർമിംഹാമും കേന്ദ്രീകരിച്ച് പാലക്കൽ അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട റീജണൽ സുറിയാനി സംഗീത ക്ലാസ്സും, സുറിയാനി ഗാനങ്ങളുടെ ആലാപനങ്ങളും നസ്രാണി പൗരാണിക ആരാധനയെ തിരിച്ചെത്തിക്കുവാനുള്ള ശ്രമങ്ങൾക്ക്  പ്രോത്സാഹനമായി. പങ്കെടുത്തവരെല്ലാം കന്തീശ തുടങ്ങിയ ഗാനങ്ങൾ വളരെ മനോഹരമായിത്തന്നെ ആലപിക്കുകയുണ്ടായി.
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ ജൂലൈ 11 മുതൽ നടന്ന ലോകോത്തര സുറിയാനി സമ്മേളനമായ ആറാം കോൺഫറൻസിൽ പങ്കെടുക്കുന്നതിനും പ്രബന്ധം അവതരിപ്പിക്കുന്നതിനുമായിട്ടാണ് ഫാ.ജോസഫ് പാലക്കൽ ഇംഗ്ലണ്ടിലെത്തുന്നത്. ബഹുമാനപ്പെട്ട പാലക്കൽ അച്ചന്റെ സഭാപരമായ  പാരമ്പര്യ സംഗീത അറിവുകളും കഴിവുകളും സീറോ മലബാർ സഭക്ക് മുതൽക്കൂട്ടാക്കുന്നതിലേക്കു ഗ്രെയ്റ്റ് ബ്രിട്ടൻ രൂപത താല്പര്യമെടുത്തു സമ്മേളനങ്ങൾ സംഘടിപ്പിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more