1 GBP = 103.71
breaking news

കലാപ്രതിഭകൾ നിറഞ്ഞാടിയ രൂപതാ കലോത്സവത്തിന് വർണാഭമായ പരിസമാപ്തി; കവെൻറി റീജിയൻ ഓവറോൾ ചാമ്പ്യൻമാർ… റണ്ണറപ്പ് ബ്രിസ്റ്റോൾ – കാർഡിഫിനും മൂന്നാം സ്ഥാനം ലണ്ടൻ റീജിയനും… അടുത്ത വർഷം പ്രെസ്റ്റൺ റീജിയനിലെ ലിവർപൂളിൽ….

കലാപ്രതിഭകൾ നിറഞ്ഞാടിയ രൂപതാ കലോത്സവത്തിന് വർണാഭമായ പരിസമാപ്തി; കവെൻറി റീജിയൻ ഓവറോൾ ചാമ്പ്യൻമാർ… റണ്ണറപ്പ് ബ്രിസ്റ്റോൾ – കാർഡിഫിനും മൂന്നാം സ്ഥാനം ലണ്ടൻ റീജിയനും… അടുത്ത വർഷം പ്രെസ്റ്റൺ റീജിയനിലെ ലിവർപൂളിൽ….

ഫാ.ബിജു കുന്നയ്ക്കാട്ട് (പി.ആർ.ഒ)

ബ്രിസ്റ്റോൾ:-കലാവിരുന്നിലൂടെ സുവിശേഷ പ്രഘോഷണത്തിന് പുതിയ മാനം പകർന്ന അതേ സമയം, ആവേശവും ഉദ്വേഗവും അവസാനനിമിഷം വരെ കാത്തുവച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രണ്ടാം ബൈബിൾ കലോത്സവത്തിന് ആവേശോജ്വലസമാപനം. കഴിഞ്ഞ വർഷങ്ങളിലെ പക്വതയാർന്ന സംഘാടന മികവിന്റെ നേർക്കാഴ്ചയായി മാറിയ ബ്രിസ്റ്റോളിലെ കമ്മിറ്റിയുടെ മികവിൽ ഇന്നലെ ബ്രിസ്റ്റോൾ ഗ്രീൻവേ സെന്ററിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് ഒൻപതു വരെ നടന്ന സുവിശേഷപ്രഘോഷണത്തിനു ആയിരത്തിഅഞ്ഞൂറിലധികം അംഗങ്ങൾ വ്യത്യസ്തമായ രീതിയിൽ പങ്കുചേർന്നത്, യൂറോപ്പിലെ ഏറ്റവും വലിയ സുവിശേഷാധിഷ്ഠിത കലാപ്രകടനങ്ങളിലൂടെയായിരുന്നു. ഒടുവിൽ, മത്സരദിവസത്തിന്റെ ഫലം വന്നപ്പോൾ 152 പോയിൻറ്റോടെ കവെൻറി റീജിയൺ ഒന്നാം സ്ഥാനം നേടി. 145 പോയിൻറ്റോടെ ബ്രിസ്റ്റോൾ-കാർഡിഫ് റീജിയൻ രണ്ടാം സ്ഥാനത്തും 137 പോയിൻറ്റോടെ ലണ്ടൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ട്രോഫികൾ വിതരണം ചെയ്തു.

രാവിലെ ഒൻപതു മണിക്ക് നടന്ന ബൈബിൾ പ്രതിഷ്ഠയ്ക്കും പ്രത്യേക കലോത്സവ സുവനീർ പ്രകാശനത്തിനും മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. “ബൈബിൾ കലോത്സവത്തിൽ മത്സരങ്ങൾ ഉണ്ടങ്കിലും ഇതിലൂടെ ഈശോയെ അറിയുകയും സ്നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് പ്രധാനമായി ലക്‌ഷ്യം വയ്‌ക്കേണ്ടതെന്ന” സ്രാമ്പിക്കൽ പിതാവിന്റെ വാക്കുകളെ മത്സരാർത്ഥികൾ നെഞ്ചിലേറ്റി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി രൂപതയുടെ എട്ടു റീജിയനുകളിൽ നടന്ന മത്സരങ്ങളിലെ വിജയികളാണ് ഇന്നലത്തെ രൂപതാതല മത്സരങ്ങളിൽ പങ്കെടുത്തത്. വികാരി ജനറാൾമാരായ റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ, റെവ. ഫാ. സജിമോൻ മലയിൽപുത്തന്പുരയിൽ, റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, റെവ. ഫാ. ജോയി വയലിൽ, റെവ. ഫാ. ടോമി ചിറക്കൽമണവാളൻ, റെവ. ഫാ. ജോസഫ് വേമ്പാടുംതറ , റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, റെവ. ഡോ. ബാബു പുത്തെൻപുരക്കൽ, റെവ. ഫാ. ജിജി പുതുവീട്ടിക്കളം, റെവ. ഫാ. മാത്യു മുളയോലിൽ, റെവ. ഫാ. ബിനു കിഴക്കേയിളംതോട്ടം, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ, ബഹു. സിസ്റ്റേഴ്സ്, കോർ കമ്മറ്റി അംഗങ്ങൾ തൃടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

രൂപത ബൈബിൾ കമ്മീഷൻ ചെയർമാനും മുഖ്യസംഘാടകനുമായ റെവ. ഫാ. പോൾ വെട്ടിക്കാട്ടിന്റെയും കലോത്സവം കോ ഓർഡിനേറ്റർ ജോജി മാത്യുവിന്റെയും കോർ കമ്മറ്റി അംഗങ്ങളുടെയും സംഘാടക പാടവം ഒരിക്കൽക്കൂടി മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. മുൻ വര്ഷങ്ങളേക്കാൾ മത്സരാര്ഥികളും പ്രേക്ഷകരും ഒത്തുചേർന്നപ്പോൾ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിലുള്ള മറ്റൊരു അഭൂതപൂർവമായ വിശ്വാസകൂട്ടായ്മയ്ക്കാണ് ഇന്നലെ ബ്രിസ്റ്റോൾ സാക്ഷ്യം വഹിച്ചത്. പക്ഷെ, കൃത്യമായ പ്ലാനിങ്ങിലും ക്രമീകരണങ്ങളിലും മികച്ചുനിന്നു സംഘടകസമിതിയുടെ പ്രവർത്തനങ്ങൾ എല്ലാ കാര്യങ്ങളും സുഗമമാക്കി. നേരത്തെ എത്തിയവർക്കായി താമസസൗകര്യം, ഭക്ഷണ ക്രമീകരണങ്ങൾ, മതിയായ വാഹന പാർക്കിങ് സൗകര്യങ്ങൾ, മത്സരങ്ങളുടെ കൃത്യമായ സമയക്രമീകരണം, സുതാര്യമായ വിധിനിര്ണയങ്ങൾ, പൊതുവായ മറ്റു ക്രമീകരണങ്ങൾ എന്നിവ വഴി അതിഥികളായി എത്തിയവർക്കെല്ലാം ഒരു അനുഗ്രഹ ദിവസം സമ്മാനിക്കാൻ സംഘാടക സമിതിക്കു സാധിച്ചു.

മുൻ വര്ഷങ്ങളിലെ പതിവിനു വിപരീതമായി അടുത്ത വർഷത്തെ രൂപത കലോത്സവം പ്രെസ്റ്റൺ റീജിയണിലെ ലിവർപൂളിൽ വച്ച് നടക്കും. മാർ ജോസഫ് സ്രാമ്പിക്കൽ, മത്സരങ്ങളുടെ നിയമാവലി പ്രെസ്റ്റൺ റീജിയന്റെ പ്രതിനിധിയായ റെവ. ഫാ. മാത്യു മുളയോലിക്കു കൈമാറി അടുത്ത വർഷത്തെ കലോത്സവ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു. ഈ വർഷത്തെ കോർ കമ്മറ്റി കത്തിച്ച തിരി നൽകി പുതിയ കമ്മറ്റിക്കും കൈമാറി. ആല്മാർത്ഥമായ സഹകരണത്തിലൂടെയും സമർപ്പണത്തിലൂടെയും റീജിയണൽ, രൂപത കലോത്സവങ്ങൾക്കു വേണ്ടി അധ്വാനിച്ച എല്ലാവര്ക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നന്ദി പ്രകാശിപ്പിച്ചു. മത്സരാർത്ഥികളുടെ പ്രകടനങ്ങളും അവതരിപ്പിക്കപ്പെട്ട ഇനങ്ങളുടെ തിരഞ്ഞെടുപ്പും ഉന്നത നിലവാരം പുലർത്തിയെന്നു വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മത്സരാര്ഥികള്ക്കും വിജയികൾക്കും സംഘടകസമിതിക്കും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അഭിനന്ദനങ്ങൾ!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more