1 GBP = 104.37
breaking news

ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം

ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം

ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ വ്യാഴാഴ്ച ഇസ്രായേൽ വ്യോമാക്രമണം നടത്തി. കഴിഞ്ഞയാഴ്ചയും ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ബുധനാഴ്ച രാത്രിയും വ്യോമാക്രമണത്തിനുശേഷവും ഗസ്സയിൽനിന്ന് ഇസ്രായേൽ ലക്ഷ്യമാക്കി റോക്കറ്റാക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. 

കഴിഞ്ഞയാഴ്ച വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ഒമ്പതുപേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി കിഴക്കൻ ജറൂസലമിലെ ജൂതപ്പള്ളിക്ക് മുമ്പിൽ ഫലസ്തീൻ പൗരൻ ഏഴ് ഇസ്രായേലികളെ വെടിവെച്ചുകൊന്നു. മേഖലയിൽ സംഘർഷം വർധിച്ചുവരുകയാണ്. പ്രശ്നപരിഹാരത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യയിൽ മൂന്നുദിവസത്തെ സന്ദർശനം നടത്തി ബുധനാഴ്ചയാണ് മടങ്ങിയത്. 

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി തുടങ്ങിയവരുമായി ബ്ലിങ്കൻ ചർച്ച നടത്തി. അതിനുശേഷവും സംഘർഷം വർധിക്കുകയാണ്. വെസ്റ്റ് ബാങ്കിൽ ഒരു വർഷമായി ദിനേനയെന്നോണം ഇസ്രായേൽ നടത്തുന്ന റെയ്ഡും ഇതിനോടുള്ള ഫലസ്തീനികളുടെ ചെറുത്തുനിൽപുമാണ് സംഘർഷത്തിനിടയാക്കിയത്. 

ഇസ്രായേൽ സുരക്ഷ മന്ത്രി ബെൻ ഗാവിർ മസ്ജിദുൽ അഖ്സ സന്ദർശിച്ചതും പ്രകോപനമായി. ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇസ്രായേൽ അന്യായമായി കസ്റ്റഡിയിലെടുത്ത ഫലസ്തീനികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനമാണ് കാരണമെന്ന് അവർ പറഞ്ഞു. ഗസ്സയിൽനിന്നുള്ള റോക്കറ്റാക്രമണം തന്നെ പിന്തിരിപ്പിക്കില്ലെന്നും തടവുകാരോട് കർശന നിലപാട് തുടരുമെന്നും ഇസ്രായേൽ സുരക്ഷ മന്ത്രി ബെൻ ഗാവിർ പറഞ്ഞു. 

കഴിഞ്ഞ വർഷം 200ലേറെ ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തി. ഈ വർഷം ജനുവരിയിൽ മാത്രം 35 പേരെയാണ് കൊലപ്പെടുത്തിയത്. 25ലേറെ ഇസ്രായേലികളും ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ അതിക്രമങ്ങളെ ചെറുക്കുമെന്ന് ഹമാസ് വ്യക്തമാക്കി. മേഖല മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക നയതന്ത്ര വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more