1 GBP = 103.12

യുവാവിനെ മര്‍ദിച്ച കേസ്: ഗണേഷ് കുമാര്‍ ഒത്തുതീര്‍പ്പിന്, ബാലകൃഷ്ണപിള്ളയും എന്‍എസ്എസും ഇടപെടുന്നു

യുവാവിനെ മര്‍ദിച്ച കേസ്: ഗണേഷ് കുമാര്‍ ഒത്തുതീര്‍പ്പിന്, ബാലകൃഷ്ണപിള്ളയും എന്‍എസ്എസും ഇടപെടുന്നു

കൊല്ലം: അഞ്ചലില്‍ യുവാവിനെയും അമ്മയെയും മര്‍ദിച്ച സംഭവത്തില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഒത്തുതീര്‍പ്പിന്. ഗണേഷിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയും പ്രാദേശിക എന്‍എസ്എസ് നേതൃത്വവും സംഭവത്തില്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നത്. കാറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞാണ് അനന്തകൃഷ്ണനെന്ന യുവാവിനെ ഗണേഷ് മര്‍ദിക്കുകയും അമ്മ ഷീനയെ അസഭ്യം പറയുകയും ചെയ്തത്. അസഭ്യം പറഞ്ഞ സംഭവത്തില്‍ ചവറ മജിസ്‌ട്രേറ്റ് കോടതിയില്‍ ഷീന നല്‍കിയ രഹസ്യമൊഴി അഞ്ചല്‍ പൊലീസ് കഴിഞ്ഞ ദിവസം കൈപ്പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചത്.

ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയുകയോ അല്ലെങ്കില്‍ മാപ്പ് എഴുതി നല്‍കുകയോ വേണമെന്നാണ് ഷീനയുടെയും കുടുംബത്തിന്റെയും ആവശ്യം. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്നാണ് വിവരം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഗണേഷിനെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കാനുള്ള സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങിയിരിക്കുന്നത്.

ജൂണ്‍ 13 ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. അഞ്ചല്‍ അഗസ്ത്യകോടത്ത് വച്ച് ഷീനയും മകനും ഗണേഷിന്റെ മര്‍ദനത്തിനും അസഭ്യം പറച്ചിലിനും ഇരകളായെന്നാണ് പരാതി. ഇടുങ്ങിയ റോഡില്‍ തന്റെ കാറിന് എതിരെ കാറില്‍ വന്ന അനന്തകൃഷ്ണന്‍ സൈഡ് നല്‍കിയില്ലെന്ന് കാട്ടിയാണ് എംഎല്‍എയും ഡ്രൈവറും അനന്തകൃഷ്ണനെ മര്‍ദിച്ചത്. ഇത് തടയാനെത്തിയ ഷീനയെ പിടിച്ച് തള്ളുകയും അസഭ്യം പറയുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി ഷീന പരാതി നല്‍കിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. തുടര്‍ന്നാണ് രഹസ്യമൊഴി നല്‍കിയത്. ഇതിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം അഞ്ചല്‍ പൊലീസ് കൈപ്പറ്റി. രഹസ്യമൊഴിയില്‍ ഗണേഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടെന്നാണ് വിവരം.

സംഭവത്തില്‍ തുടക്കം മുതല്‍ ഗണേഷിന് അനുകൂലമായ നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചിരുന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന അഞ്ചല്‍ മുന്‍ സിഐ പരാതി ലഭിച്ചിട്ടും കേസ് എടുത്തില്ല. എന്നാല്‍ ഗണേഷിന്റെ പരാതിയില്‍ അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പിന്നീടാണ് അനന്തകൃഷ്ണന്റെ പരാതിയില്‍ കേസെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more