1 GBP =
breaking news

ദിലീപിനെക്കാണാന്‍ ഗണേഷ്‌കുമാര്‍ ആലുവ സബ് ജയിലിലെത്തി; കൂടുതല്‍ പേര്‍ ദിലീപിന് പിന്തുണ നല്‍കണമെന്ന് ഗണേഷ്

ദിലീപിനെക്കാണാന്‍ ഗണേഷ്‌കുമാര്‍ ആലുവ സബ് ജയിലിലെത്തി; കൂടുതല്‍ പേര്‍ ദിലീപിന് പിന്തുണ നല്‍കണമെന്ന് ഗണേഷ്

കൊച്ചി: ദിലീപിനെക്കാണാന്‍ കെ ബി ഗണേഷ് കുമാര്‍ ആലുവ സബ് ജയിലെത്തി. ദിലീപിന്റെ സഹായം സ്വീകരിച്ചിട്ടുള്ളവര്‍ കൂടെ നില്‍ക്കേണ്ട സമയമാണിതെന്നും പോലീസ് കള്ളക്കേസ് എടുക്കുമെന്ന് ഭയന്ന് ദിലീപിനെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

മനുഷ്യന്റെ സ്‌നേഹമാണ് ഏറ്റവും വലുത്. ആ സ്‌നേഹം മൂലമാണ് താനിവിടെ വന്നത്. ഒരാളുടെ നല്ല സമയത്തല്ല മറിച്ച് ആപത്ത് വരുമ്പോഴാണ് സുഹൃത്തുകളും സഹപ്രവര്‍ത്തകരും കൂടെ നില്‍ക്കേണ്ടത്. സിനിമയില്‍ ഉള്ളവര്‍ പലരും ദിലീപിന്റെ ഉപകാരങ്ങള്‍ സ്വീകരിച്ചിട്ടുള്ളവരാണ്. പോലീസ് ചോദ്യംചെയ്യുമെന്നോ, ഫോണ്‍ കോളുകള്‍ ചോര്‍ത്തുമെന്നോ, ചാനല്‍ ചര്‍ച്ചയ്‌ക്കെത്തുന്നവരുടെ വിമര്‍ശനം ഭയന്നോ അദ്ദേഹത്തെ പിന്തുണക്കാതിരിക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ദിലീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തും വരെ അദ്ദേഹത്തോടൊപ്പം നില്‍ക്കണം. കോടതി കുറ്റക്കാരനെന്നു സ്ഥിരീകരിക്കാത്ത ഒരാളെ കുറ്റവാളിയായി മുദ്രകുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസുകാര്‍ കെട്ടി ചമക്കുന്ന കഥകളുടെ തിക്തഫലം അടുത്തകാലം വരെ അനുഭവിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടു തന്നെ ദിലീപിന്റെ കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണ നടപടി സ്വീകരിക്കാന്‍ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ പീഡനത്തില്‍ നേരിട്ട് പങ്കെടുത്ത എംഎല്‍എയ്ക്ക് ജാമ്യം നേടിയ നാട്ടില്‍ പാവപ്പെട്ട കലാകാരന് ജാമ്യം നിഷേധിച്ച് ഉള്ളിലിട്ടിരിക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് വിയോജിപ്പുണ്ടെന്നും ഗണേഷ് പറഞ്ഞു. എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നുള്ളതാണ് തന്റെ നിലപാട്. ഒരു എംഎല്‍എ ആയല്ല ഒരു സാധാരണക്കാരനായാണ് താന്‍ ഇവിടെ എത്തിയത്. പോലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് കാലം തെളിയിക്കുമെന്നും ഗണേഷ് അഭിപ്രായപ്പെട്ടു.

അച്ഛന്‍ അടുത്തില്ലാത്ത ഒരു മകളുടെയും, ഭാര്‍ത്താവ് അടുത്തില്ലാത്ത ഭാര്യയുടെയും സര്‍വോപരി വാര്‍ധക്യത്തിലുള്ള ഒരമ്മയുടെയും വേദന നമ്മള്‍ തീരിച്ചറിയണമെന്നും ഗണേഷ് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയെയും താന്‍ പോയി കണ്ടിരുന്നു. കാര്യക്ഷമമായ അന്വേഷണത്തിന് മന്ത്രിമാരോടും അന്വേഷണ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് നടിക്ക് നീതി ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ഗണേഷ് കുമാര്‍ എംഎല്‍എ മടങ്ങിയ ശേഷം നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരും ആലുവ ജയിലിലെത്തി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമായിരുന്നു ആന്റണി പെരുമ്പാവൂര്‍ ദിലീപിന് പിന്തുണയുമായി എത്തിയത്.

രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിനെ കാണാനായി ഓരോരുത്തരും എത്തിത്തുടങ്ങിയത്. ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും സംവിധായകന്‍ നാദിര്‍ഷായ്‌ക്കൊപ്പം ജയിലില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓരോ താരങ്ങളും ദിലീപിനെ കാണാനായി ജയിലിലെത്തി തുടങ്ങിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more