1 GBP = 103.90

ഗാന്ധിജിയുടെ ഗ്രാമസ്വരാജുo, ഇന്ത്യാ ചൈനാ വ്യാപാര ബന്ധവും…

ഗാന്ധിജിയുടെ ഗ്രാമസ്വരാജുo,  ഇന്ത്യാ ചൈനാ വ്യാപാര ബന്ധവും…

ജയകുമാർ നായർ 

(എക്സിക്യുട്ടീവ് എഡിറ്റർ, യുക്മ ന്യൂസ്)


ഇന്ത്യാ ടിബറ്റൻ അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റവും ഇരുപതു സൈനികരുടെ വീരമൃത്യുവും ഇന്ത്യക്കാർക്കിടയിൽ ശക്തമായ ചൈനീസ് വിരുദ്ധ വികാരം ഉണ്ടാക്കുകയും, ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുവാൻ ഭൂരിഭാഗം ആളുകളും  താല്പര്യ പെടുകയും ചെയ്യുന്നു എന്നതാണ് ഇന്നത്തെ പ്രധാന ചർച്ചാ വിഷയം. ദേശീയതാ ലോബിയും വിദേശിയതാ ലോബിയും അവരവരുടെ ഭാഗങ്ങൾ വാദിച്ചു കൊണ്ട് മാധ്യമങ്ങളിൽ നിറയുകയാണ്. ഒപ്പം രാഷ്ട്രീയ ആരോപണ പ്രത്യാരോപണ ലോബിയും അവരുടെ ജോലി ഭംഗിയായി  നിർവഹിക്കുന്നു.അതു കൊണ്ടു തന്നെ ഇരു രാജ്യങ്ങളുടെയും  നിലവിലെ സാമ്പത്തിക  ക്രയവിക്രയങ്ങളെ കുറിച്ച്  ഒരു സാമാന്യ ബോധം ഓരോ ഭാരതീയനും ഉണ്ടാകേണ്ടത്  അനിവാര്യമാണ്.

 
1962 ലെ ചൈനയുടെ ഇന്ത്യ ആക്രമണവും തുടർ നടപടികളും  സൃഷ്ടിച്ച അവിശ്വാസം  വളരെക്കാലം നീണ്ടു നിന്നു. പിന്നീട് ചൈന ആഗോള നിർമാണ ഹബ്ബായി മാറിയപ്പോൾ, ഇന്ത്യയും ചൈനയും സാമ്പത്തിക സഹകരണത്തിലൂടെ  ബന്ധം മെച്ചപ്പെടുത്തുവാനും, മേഖലയിൽ സമാധാനവും സാമ്പത്തിക ഉന്നമനവും കൊണ്ട് വരുവാനും ശ്രമിച്ചു, ഒപ്പം തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാം എന്ന ധാരണയിലും എത്തിച്ചേർന്നു. ചൈന പരസ്പര ധാരണകളിൽ നിന്നും  ഏകപക്ഷീയമായി നടത്തിയ പിന്മാറ്റത്തോട് ഇക്കുറി ഭരണകൂടം ശക്തമായി പ്രതികരിച്ചതാണ്  നിലവിലെ സവിശേഷമായ സാഹചര്യങ്ങൾക്ക് കാരണം.  1988 ൽ  തുടക്കം കുറിച്ച വ്യാപാര ബന്ധം ഇന്ന് പ്രതിവർഷം നൂറു ബില്യൻ  യു എസ് ഡോളർ പിന്നിട്ടു മുന്നേറുമ്പോൾ ഇപ്പോൾ തുടരുന്ന വ്യാപാര ബന്ധം അവസാനിപ്പിച്ചാൽ ഏത് രാജ്യത്തെയാണ് കൂടുതൽ ദോഷകരമായി ബാധിക്കുക എന്നതാണ് ചൂടേറിയ തർക്കവിഷയം. മുൻപ്  ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയേയും, പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയേയും നാടുകടത്തിയപ്പോഴും ചില കോണുകളിൽ ഇത്തരം ചർച്ചകൾ സജീവമായിരുന്നു.

 
ചൈനാ സാധനങ്ങളുടെ ഇറക്കുമതി പൂർണമായും നിർത്തിയാൽ പ്രതി വർഷം 68.16 ബില്യൻ ഡോളർ ലാഭിക്കുവാൻ കഴിയും. (2017 -2018 ലെ കണക്കുകൾ ) അഥവാ  അത്രയും തുകയുടെ വിദേശ വിനിമയം ഒഴിവാക്കാം. ഈ തുക പ്രതിവർഷം പ്രാദേശിക ഉൽപ്പാദന രംഗത്ത് നിക്ഷേപിച്ചാൽ പ്രാദേശീയ സമ്പദ് ഘടനയുടെയും അടിസ്ഥാന സൗകര്യമേഖലയുടെ  വികസനത്തിനും  ഉന്നമനത്തിനും ആയിരകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും എന്നതിൽ തർക്കമില്ല. എന്നാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമാക്കി ഇതു നടപ്പിലാക്കുവാൻ കഴിയില്ല എന്നതാണ് സത്യം.   1988 ലെ രാജീവ് ഗാന്ധിയുടെ ചൈന സന്ദർശനത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര രംഗത്ത് സഹകരിക്കുവാൻ തിരുമാനിച്ചതുമുതൽ ഇന്നുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അതുമനസിലാക്കാം. ചുരുക്കത്തിൽ അന്നുമുതൽ ചൈനയുടെ പുതുവത്സര ആഘോഷങ്ങൾക്ക് ഇന്ത്യയുടേയും സംഭാവന ഉണ്ടായിരുന്നു എന്നു സാരം. രാജീവ്  ഗാന്ധി  മുതൽ നരേന്ദ്ര  മോഡി വരെയുള്ള  എല്ലാ ഇന്ത്യൻ ഭരണാധികാരികളും ഇന്ത്യാ ചൈനാ വ്യാപാരത്തെ  മുന്നോട്ടു നയിച്ചു.

 ഇന്ന് അടുക്കളയിൽ  തുടങ്ങി   അങ്ങാടിയിൽ വരെയും, അംഗൻവാടിയിൽ  തുടങ്ങി   സർക്കാർ ഓഫീസുകൾ വരെയും, പോലീസ് സ്റ്റേഷനിൽ തുടങ്ങി പട്ടാള ബാരക്കുകളിൽ വരെയും ചൈനാ സാധനങ്ങളുടെ ഉപഭോഗം നീളുന്നു. (മുൻനിര പട്ടാളക്കാർക്ക് അണിയുവാൻ ഇന്ത്യയിൽ നിർമ്മിക്കുന്ന സുരക്ഷാ കവചങ്ങളുടെ പ്രധാന  ഘടകങ്ങൾ ചൈനയിൽ നിർമ്മിക്കുന്നതാണ് എന്നുപോലും വാർത്തകൾ പുറത്തുവരുന്നു.


ഓപ്പോ, വിവോ, വൺ പ്ലസ്,  ഷവോമി, റിയൽമി, വാവേയ് തുടങ്ങിയ  കമ്പനികൾ ഇന്ത്യയിലെ മൊബൈൽ ഫോൺ കച്ചവടത്തിന്റെ സിംഹ ഭാഗവും കൈയ്യാളുമ്പോൾ, ഇന്ത്യൻ വിപണിയുടെ  എൺപത്തിഏട്ടു  ശതമാനം മൊബൈൽ ഫോണുകളോ  ഫോൺ ഘടകങ്ങളോ ആയി ചൈനയ്ക്കുസ്വന്തം. ടിക് ടോക്, സൂം തുടങ്ങിയ അൻപതോളം സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകളും, വിപണിയുടെ  ഇരുപതു ശതമാനം വാഹന ഘടകങ്ങളും,നാൽപതു ശതമാനം തുകൽ ഉൽപ്പന്നങ്ങളും, വൈദ്യുത വിളക്കുകളും, അലങ്കര വിളക്കുകളും, കൃത്രിമ തുകൽ, കാമറ, കംപ്യൂട്ടറുകൾ, പരുത്തി വസ്ത്രങ്ങളും, പട്ടും, മറ്റു  തുണിത്തരങ്ങളും,  മരുന്ന് ഘടകങ്ങളും, മെഴുകു തിരിയും, ദിപാവലി വിളക്കുകളും  വിഗ്രഹങ്ങളും പ്രതിമകളും  എന്തിനേറെ ഒരു വർഷം നൂറുകോടി രൂപയുടെ ചന്ദന തിരി പോലും നാം ഇറക്കുമതി ചെയ്യുന്നു. മെട്രിക് ടൺ കണക്കിന് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്  വസ്തുക്കൾ വലിച്ചെറിയുന്ന നമ്മൾ കണ്ടയ്‌നറുകൾ നിറയെ ചൈനീസ് പ്ലാസ്റ്റിക് ഉൽപ്പങ്ങൾ ഇറക്കുമതി ചെയ്യുന്നു.ഇന്ത്യയിലെ പതിനായിരം കോടിയുടെ കളിപ്പാട്ടവിപണി പോലും ഏറെക്കുറെ   മെയ്ഡ് ഇൻ ചൈന തന്നെ!!! 

ചുരുക്കത്തിൽ ചൈനയിൽ നിന്നുമുള്ള ഇറക്കുമതിയിൽ അഞ്ഞൂറിൽ പരം ഇനങ്ങൾ ഇറക്കുമതിയുടെ ആവശ്യമില്ലാത്തവയും ഏറെക്കുറെ അതേ വിലക്ക്   മികച്ച  ഗുണമേൽമയിൽ ‌ ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചു വിതരണം ചെയ്യാവുന്ന ഉൽപ്പന്നങ്ങളുമാണ്. പ്രസ്തുത ഉൽപ്പന്നങ്ങളുടെ അനാവശ്യ ഇറക്കുമതി  ഒഴിവാക്കിയാൽ തന്നെ പ്രതിവർഷം 13-14 ബില്യൺ യു എസ് ഡോളർ വിദേശ നാണ്യം ലാഭിക്കാം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.


ഇതിനെല്ലാം പുറമെയാണ് നിർമ്മാണകരാറുകൾ. അടുത്തിടെ ചൈനീസ് കമ്പനികളുമായുള്ള വിവിധ നിർമ്മാണ, നിക്ഷേപ കരാറുകൾ ഒന്ന് പരിശോധിക്കാം, ഷാംങ്ങ്ഹായ് ടണൽ എൻജിനിയറിംഗ് കോർപറേഷൻ നേടിയ 1126 കോടിയുടെ മീററ്റ് ആർ ആർ ടി എസ് കരാറും, 471  കോടി  രൂപയുടെ റെയിൽവേ സിഗ്നലിംഗ് ജോലികരാറും, ഫോർ ജി കരാറും, ഫൈവ് ജി പരീക്ഷണ അനുവാദവും,10000 കോടിയുടെ  മഹാരാഷ്ട്രയിലെ വിവിധ കരാറുകളും വിവിധ സംസ്ഥാനങ്ങൾ നൽകിയിട്ടുള്ള മറ്റു കരാറുകളും, വിവിധ സ്റ്റാർട്ടപ്പുകളിലെ 41961കോടി ചൈന നിക്ഷേപവും ഇവയിൽ ചിലതുമാത്രം.( ഇപ്പോൾ ഇവയിൽ ഭൂരിഭാഗവും വേണ്ടെന്നു വയ്ക്കുകയും ബാക്കിയുള്ളവ പുനർ പരിശോധിക്കുകയും ചെയ്യുന്നു) എന്തിനേറെ കോടാനുകോടി മുടക്കി നിർമിച്ച സർദാർ പട്ടേൽ പ്രതിമയുടെ നിർമാണം പോലും ചൈന കമ്പനി കളുടെ സഹായത്തോടെയാണ് പൂർത്തീകരിച്ചത്.


ചൈനയുടെ ആഗോള കയറ്റുമതിയിൽ 2-3 ശതമാനം മാത്രമേ ഇന്ത്യയിലേക്കുള്ളൂ എങ്കിലും കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക സാഹചര്യം തികച്ചും വത്യസ്ഥ മായിരിക്കും.ലോകമെമ്പാടുമുള്ള വിപണികൾ ചൈനയ്ക്കു നഷ്ടമായികൊണ്ടിരിക്കുബോൾ ഇന്ത്യാ വ്യാപാരത്തിലുണ്ടാകുന്ന നഷ്ടം അവരുടെ  സമ്പദ്ഘടനയെ കാര്യമായി ബാധിക്കും.  ഇന്ത്യയുടെ മൊത്തകയറ്റുമതിയുടെ 3.1 ശതമാനം മാത്രമാണ് ചൈനയിലേക്കുള്ളത്. പതിനെണ്ണായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ ചൈനയിലെ വിവിധ സർവകലാശാലകളിൽ ഇപ്പോൾ ഉണ്ട്.(കുറച്ചധികം ചൈനീസ് വിദ്യാർഥികൾ ഇന്ത്യയിലും പഠിക്കുന്നു).  റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സൺസ്, മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയ   ഇന്ത്യൻ കമ്പനികളൊക്കെ ചൈനയിൽ മുതൽ മുടക്കിയിട്ടുണ്ട്. പേടിഎം, ഫ്ലിപ്കാർട്, സ്‌നാപ് ഡീൽ,തുടങ്ങിയ  ചൈനാ കമ്പനികളും, എം ജി, വോൾവോ തുടങ്ങിയ  ചൈനീസ് നിയന്ത്രണത്തിലുള്ള കാർ നിർമ്മാണകമ്പനികളും മറ്റും  ഇന്ത്യയിലും മുതൽ മുടക്കിയിട്ടുണ്ട്.

 
ചുരുക്കത്തിൽ അനാവശ്യ ഇറക്കുമതി ഒഴിവാക്കുകയും, ഇന്ത്യയിലെ ഉൽപ്പാദന നിർമ്മാണ വിതരണ മേഖല ശക്തിപ്പെടുത്തുകയും, ഇന്ത്യൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം  പുതിയ കരാറുകളിൽനിന്നും ചൈനീസ് കമ്പനികളെ  ഒഴിവാക്കുകയും, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുകയും ചൈന ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള മൂലധനം സ്വികരിക്കുകയും, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഭാരതീയർ കഴിവതും ചൈനാ ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും  ചെയ്യേണ്ടത് അനിവാര്യമാണ്. ചൈന ഉൽപ്പന്നങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യില്ല എന്ന് ഇറക്കുമതിക്കാരും, വിതരണക്കാരും, വ്യാപാരികളും, തീരുമാനിക്കുകയും, ഒപ്പം പുതിയ സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ചൈനയെ കഴിവതും  ഒഴിവാക്കും എന്ന് ജനങ്ങളും തീരുമാനിച്ചാൽ W T O ചട്ടങ്ങളൊക്കെ പുസ്തകത്തിലെ പശു മാത്രമായി മാറും. സർക്കാരും ജനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ രണ്ടു  മുതൽ നാലുവരെ   വർഷങ്ങൾ കൊണ്ട്  ചൈനാ വ്യാളിയെ (Dragon) കുടത്തിലാക്കാം. 


കമ്പോള വൽക്കരണത്തിന്റെ യുഗത്തിൽ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് മുന്നേറുവാൻ കഴിയില്ല. എന്നാൽ ഏത്  രാജ്യത്തിനും  മറ്റൊരു രാജ്യത്തെ ഒഴിവാക്കി കൊണ്ട്‌ വളരുവാനുള്ള ഇടം ആധുനിക ലോകക്രമത്തിൽ ഉണ്ടുതാനും. ഗാന്ധിജി വിഭാവനം ചെയ്‌ത ഗ്രാമ സ്വരാജ് എന്ന ആശയത്തിൻ്റെ ആധുനിക മാതൃക നാം പ്രവർത്തികമാക്കണം. ശത്രുക്കളെ  ഒഴിവാക്കി മിത്രങ്ങളോടൊപ്പം മുന്നോട്ടുനീങ്ങണം. ഇപ്പോഴത്തെ അതിർത്തി പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം ഉണ്ടായാലും,  ചൈനയുടെ ഭൂതകാലവും വർത്തമാന കാലവും ഭാവി പദ്ധതികളും പഠിച്ചാൽനമുക്ക്  മനസിലാകും, “ഒരു രാജ്യമായി നിലനിൽക്കുന്നിടത്തോളം കാലം  ചൈന ചതിക്കും”.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more