1 GBP = 94.46
breaking news

‘ഗബ്രിയേൽ അവാർഡു’കൾ പ്രഖ്യാപിച്ചു: ‘ശാലോം വേൾഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനൽ

‘ഗബ്രിയേൽ അവാർഡു’കൾ പ്രഖ്യാപിച്ചു: ‘ശാലോം വേൾഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനൽ

ആന്റണി ജോസഫ്

ചിക്കാഗോ: മാധ്യമാധിഷ്ഠിത ലോകസുവിശേഷ വത്ക്കരണത്തിൽ ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തുന്ന ‘ശാലോം വേൾഡിന്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനലിനുള്ള ‘ഗബ്രിയേൽ അവാർഡ്’. ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ മികവുകൾക്ക് അംഗീകാരമായി ‘കാത്തലിക് പ്രസ് അസോസിയേഷൻ ഓഫ് യു.എസ്.എ ആൻഡ് കാനഡ’ സമ്മാനിക്കുന്ന, അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ പുരസ്‌ക്കാരമാണ് ‘ഗബ്രിയേൽ അവാർഡ്’.

ഇ.ഡബ്ല്യു.ടി.എൻ, ദ കാത്തലിക് ടി.വി നെറ്റ്‌വർക്ക്, സാൾട്ട് ആൻഡ് ലൈറ്റ് ടി.വി എന്നിവ ഉൾപ്പെടെയുള്ള മുൻനിര ചാനലുകളിൽനിന്നാണ് ‘ടി.വി സ്റ്റേഷൻ ഓഫ് ദ ഇയർ’ അവാർഡിന് ശാലോം വേൾഡ് തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ കാത്തലിക് മാധ്യമശൃംഖലയായ ഇ.ഡബ്ല്യു.ടി.എന്നിനാണ് രണ്ടാം സ്ഥാനം.

ഇതോടൊപ്പം, ശാലോം വേൾഡ് സംപ്രേഷണം ചെയ്യുന്ന ‘ജേർണൽ’ സീരീസിലെ ‘മാർട്ടയേഴ്‌സ് ഷ്രൈൻ’ എപ്പിസോഡും ഗബ്രിയേൽ അവാർഡിന് അർഹമായി. ലോകപ്രശസ്ത ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചുള്ള പരമ്പരയാണ് ‘ജേർണൽ’. കൂടാതെ, മികച്ച ടെലിവിഷൻ ചാനൽ വെബ് സൈറ്റ് വിഭാഗത്തിൽ ശാലോം വേൾഡ് വെബ് സൈറ്റും, കുട്ടികൾക്കുവേണ്ടിയുള്ള പ്രോഗ്രാം വിഭാഗത്തിൽ ‘ലിറ്റിൽ ഡഗ്ലിംങ്‌സും’ പ്രത്യേക പരാമർശം നേടി. പ്രവീൺ സോണിച്ചനാണ് ശാലോം മീഡിയ കാനഡ നിർമിച്ച ‘മാർട്ടയേഴ്‌സ് ഷ്രൈൻ’, ‘ലിറ്റിൽ ഡഗ്ലിംങ്‌സ്’ എന്നിവയുടെ പ്രൊഡ്യൂസർ.

സംപ്രേഷണം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ഏറ്റവും മികച്ച ചാനലായി ശാലോം വേൾഡ് തിരഞ്ഞെടുക്കപ്പെട്ടത് വലിയ നേട്ടമാണ്. ആഗോളസഭയുടെ അഭിമാനമായി ശാലോം മാറിയ ഈ അവസരത്തിൽ ഇതിനു പിന്നിൽ സമർപ്പണം നടത്തുന്ന വിദേശനാടുകളിലെ മലയാളികളെ വിശിഷ്യാ, ശാലോമിന്റെ സഹകാരികളെ ശാലോം മീഡിയയുടെ രക്ഷാധികാരികളായ ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, നോർത്ത് അമേരിക്കയിലെ സീറോ മലങ്കര ബിഷപ്പ് ഫിലിപ്പോസ് മാർ സ്‌തെഫാനോസ് എന്നിവർ അഭിനന്ദിച്ചു.

കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെയും പ്രസാധകരുടെയും കൂട്ടായ്മയായി 1911ൽ രൂപീകൃതമായ ‘കാത്തലിക് പ്രസ് അസോസിയേഷൻ’, സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്‌സാഹിപ്പിക്കാനുമായി ഏർപ്പെടുത്തിയിരിക്കുന്ന നിരവധി അവാർഡുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ഗബ്രിയേൽ അവാർഡ്’. ജൂൺ മാസത്തിൽ സംഘടിപ്പിക്കുന്ന പ്രസ് അസോസിയേഷന്റെ വാർഷിക കോൺഫറൻസിലാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

ജോൺ പോൾ രണ്ടാമൻ പാപ്പ, ജോൺ 23-ാമൻ പാപ്പ എന്നിവരെ വിശുദ്ധഗണത്തിലേക്ക് ഉയർത്തിയ തിരുക്കർമങ്ങൾ വത്തിക്കാനിൽനിന്ന് തൽസമയം ലഭ്യമാക്കി 2014 ഏപ്രിൽ 27നാണ് ‘ശാലോം വേൾഡ്’ പിറവിയെടുത്തത്. അദ്യഘട്ടത്തിൽ അമേരിക്കയിലും കാനഡയിലുംമാത്രം ലഭ്യമായിരുന്ന ‘ശാലോം വേൾഡ്’ ആറ് വർഷംകൊണ്ട് കൈവരിച്ചത് വലിയ നേട്ടങ്ങളാണ്. ഒരു ചാനലിൽനിന്ന് മൂന്ന് ചാനലുകളായി വളർന്നു എന്നതുതന്നെ ഇതിൽ പ്രധാനം. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങൾക്കായി പ്രത്യേകം രൂപം കൊടുത്ത ചാനലുകളിലൂടെ 145പ്പരം രാജ്യങ്ങളിലെ 1.5 ബില്യൺ ജനങ്ങളിലേക്കാണ് ‘ശാലോം വേൾഡ്’ എത്തുന്നത്.

പാനമ ആതിഥേയത്വം വഹിച്ച ‘ലോക യുവജനസംഗമം 2019’, അയർലൻഡ് ആതിഥേയത്വം വഹിച്ച ‘ലോക കുടുംബസംഗമം 2018’ എന്നിവ ഉൾപ്പെടെ ആഗോളസഭയുടെ ഔദ്യോഗിക സംരംഭങ്ങളുടെ മീഡിയാ പാർട്ണറാകാനും ശാലോം വേൾഡിന്അവസരം ലഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ ടെലിവിഷൻ ചാനലായ ‘ശാലോം ടി.വി’യെപ്പോലെ പരസ്യങ്ങളില്ലാതെ, എസ്.പി.എഫ് (ശാലോം പീസ് ഫെല്ലോഷിപ്പ്) അംഗങ്ങളുടെ വിശ്വാസത്തിലൂന്നിയുള്ള സാമ്പത്തിക പിന്തുണയിൽ മാത്രം ആശ്രയിച്ചാണ് ചാനലിന്റെ പ്രവർത്തനം.

ലോക് ഡൗണിനെ തുടർന്ന് പൊതുവായ ദിവ്യബലികൾ ലോകവ്യാപകമായി റദ്ദാക്കിയ സാഹചര്യത്തിൽ, ദിവ്യബലി അർപ്പണത്തിന്റെ തത്‌സമയ സംപ്രേഷണം 24 മണിക്കൂറും ലോകമെങ്ങും ലഭ്യമാക്കാൻ നാലാമത് ഒരു ചാനൽ തുടങ്ങിയതും ശ്രദ്ധേയമായി. ഫീച്ചേർഡ് പ്രോഗ്രാമുകൾക്കൊപ്പം വാർത്തകൾ സ്‌പ്രേഷണം ചെയ്യുന്നതിന്റെ ആദ്യപടിയായി ‘SW NEWS’ (ശാലോം വേൾഡ് ന്യൂസ്) ബുള്ളറ്റിനുകൾക്കും തുടക്കം കുറിച്ചുകഴിഞ്ഞു. കൂടാതെ കുട്ടികൾക്കു വേണ്ടിയുള്ള ചാനൽ ‘SW PALS’ (ശാലോം വേൾഡ് പാൽസ്) ആരംഭിക്കുന്നതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്‌സ് തുടങ്ങിയവയ്‌ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് തികച്ചും സൗജന്യമായി ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.shalomworld.org

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more