1 GBP = 104.02

കാത്തിരിപ്പിന് വിരാമമായി…. മാഞ്ചസ്റ്ററിൽ സീറോ മലബാർ വിശ്വസികൾക്കായി റവ.ഫാ.ജോസ് അഞ്ചാനിക്കൽ നാളെ എത്തിച്ചേരും….

കാത്തിരിപ്പിന് വിരാമമായി…. മാഞ്ചസ്റ്ററിൽ സീറോ മലബാർ വിശ്വസികൾക്കായി റവ.ഫാ.ജോസ് അഞ്ചാനിക്കൽ നാളെ എത്തിച്ചേരും….
അലക്സ് വർഗ്ഗീസ്
മാഞ്ചസ്റ്റർ:- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ പ്രത്യേക താല്പര്യപ്രകാരം പാലാ രൂപതയിൽ നിന്നും  പ്രഗത്ഭനായ ഒരു വൈദികൻ നാളെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30നുള്ള ഇത്തിഹാദ് വിമാനത്തിൽ മാഞ്ചസ്റ്റർ എയർ പോർട്ടിൽ എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ.മാത്യു ചൂരപ്പൊയ്കയിലിനൊപ്പമാണ് നിയുക്ത ഷ്രൂസ്ബറി രൂപതാ ചാപ്ലയിൻ ആയി ചുമതലയേൽക്കുന്ന ബഹുമാനപ്പെട്ട  ജോസ് അഞ്ചാനിക്കൽ അച്ചൻ എത്തിച്ചേരുന്നത്. പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന ഷ്രൂസ്ബറി രൂപതയിലെയും മാഞ്ചസ്റ്ററിലെയും സീറോ മലബാർ വിശ്വാസ സമൂഹത്തിന് ദൈവം അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിലൂടെ നൽകുന്ന വലിയ സമ്മാനമാണ് ജോസച്ചൻ.
കഴിഞ്ഞ വർഷം ഡിസംബർ 11 ന് റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരി തന്റെ മൂന്ന് വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം തന്റെ മാതൃസഭയിലെ അജപാലന ശുശ്രൂഷകൾക്കായി തിരികെ പോയപ്പോൾ, ഷ്രൂസ്ബറി രൂപതയിലെ സീറോ മലബാർ വിശ്വാസ സമൂഹം വലിയൊരു വിഷമഘട്ടത്തിലൂടെയാണ് കടന്നു പോയത്. യു കെയിൽ ഇപ്പോഴത്തെ മലയാളി കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ മുതൽ ഇവിടെ സ്ഥിരമായി വൈദികരുണ്ടായിരുന്നു. കഴിഞ്ഞ ആറ് മാസക്കാലമായി ദിവ്യബലിക്കും മറ്റ് ആഘോഷങ്ങളിലെ ശുശ്രൂഷകൾക്കും മുടക്കം വന്നില്ലെങ്കിലും,  ഓരോ ദിവസവും വൈദികരെ  കണ്ടെത്തുവാൻ
ഒത്തിരിയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു ചുമതലപ്പെട്ട  ട്രസ്റ്റിമാർ.
യുകെയിലെ ഏറ്റവും വലിയ തിരുന്നാളാഘോഷമായ മാഞ്ചസ്റ്ററിലെ വി.തോമാശ്ലീഹായുടെയും, വി.അൽഫോൺസയുടെയും തിരുനാളാഘോഷത്തിന്റെ പടിവാതിലിലെത്തി നിൽക്കേ ഇടവകക്ക് സ്വന്തമായി  ഒരു വൈദികനെ ലഭിക്കുന്നത് തിരുനാളാഘോഷിക്കുന്ന വിശുദ്ധരുടെ അനുഗ്രഹമായാണ് വിശ്വാസികൾ കരുതുന്നത്.
പാലാ രൂപതയിലെ അറക്കുളം സെന്റ്.മേരീസ് പുതിയ പള്ളി ഇടവകാംഗമായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, 1956 ജൂലൈ മാസം 7 നാണ് ജനിച്ചത്. അടുത്ത മാസം എഴിന് അറുപത്തിരണ്ട് വയസ് പൂർത്തിയാക്കുന്ന ജോസച്ചൻ  1982 ഡിസംബർ 30 ന് പൗരോഹിത്വം സ്വീകരിച്ചു. 1982-ൽ കടപ്ലാമറ്റം ദേവാലയത്തിലെ അസിസ്റ്റൻറ് വികാരിയായിട്ടായിരുന്നു  അദ്യ നിയമനം. 1983ൽ പൂഞ്ഞാറിലും സഹവികാരിയായിരുന്നു. 1985 മുതൽ 1991 പാലാ സെന്റ്.തോമസ് കോളേജിലെ പoനത്തോടൊപ്പം മ്യൂസിക് മിനിസ്ട്രി കൺവീനറായി സേവനം അനുഷ്ടിച്ചു.
സെന്റ്.ജോസഫ് ചർച്ച്  ചൂണ്ടശ്ശേരിയിലായിരുന്നു വികാരിയായിട്ടുള്ള ആദ്യ നിയമനം.1991 മുതൽ 2000 വരെയുള്ള ഈ കാലഘട്ടത്തിൽ  സാൻജോസ് പബ്ലിക് സ്കൂളിന്റെ സ്ഥാപകമാനേജരായിരുന്നു.    91 – 98 വർഷങ്ങളിൽ കെ.സി.വൈ.എം. ഭരണങ്ങാനം മേഖലാ കൺവീനറായും സേവനം ചെയ്തു. 1993 മുതൽ 1998 വരെ കുറുമണ്ണ്,  പ്രവിത്താനം, മേലുകാവുമറ്റം, ഭരണങ്ങാനം എന്നീ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു.
2002 മുതൽ 2011 വരെ ഇടപ്പാടി ദേവാലയത്തിലെ വികാരിയായിക്കെ ജീസസ് യൂത്ത് ആനിമേറ്റർ,  പാലാ രൂപതാ കരിസ്മാറ്റിക് കോഡിനേറ്റർ തുടങ്ങിയ ചുമതലകളും വഹിച്ചു.
2011 – ൽ പാലാ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലും 2012-ൽ കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന്റെ സെക്രട്ടറിയായും 2002 മുതൽ 2011 വരെ ഭരണങ്ങാനത്ത് അദ്ധാപകനായും സേവനം അനുഷ്ടിച്ചു. 2013 മുതൽ നീലൂർ സെന്റ്.ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നു.
ധ്യാനഗുരു, മികച്ച സംഘാടകൻ, ഗായകൻ, ശാലോം ടെലിവിഷനിലൂടെ വചന ശുശ്രൂഷയും നടത്തി വരുന്നു. അങ്ങനെ കാത്തിരിപ്പിനൊടുവിൽ ലഭിക്കുന്നത് ദൈവജനത്തെ നയിക്കാൻ പരിപൂർണ്ണമായും യോഗ്യനായ ഒരു വൈദികനെ തന്നെയാണെന്നുള്ളത്  ഷ്രൂസ്ബറി രൂപതയിലെ സീറോ മലബാർ വിശ്വസികൾക്ക് ഒരു അനുഗ്രഹമാവുകയാണ്.
നാളെ മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തുന്ന ജോസച്ചന്  ഷ്രൂസ്ബറി രൂപതയിലെ വിവിധ മാസ് സെന്ററുകളിൽ നിന്നുമുള്ള വിശ്വാസി സമൂഹം ഊഷ്മളമായ സ്വീകരണം  നൽകും. അച്ചൻ ബർക്കിംഗ്ഹെട്ടും വിഥിൻഷോയും കേന്ദ്രമായിട്ടായിരിക്കും പ്രവർത്തിക്കുന്നതെന്നാണ് അറിയുന്നത്. മാഞ്ചസ്റ്റർ തിരുനാളിന് മുൻപായി തന്നെ അച്ചൻ എത്തുന്നത് തിരുനാളിന്റെ ഒരുക്കങ്ങൾക്ക് വലിയൊരു സഹായമാവുകയും കൂടുതൽ കരുത്താവുകയും ചെയ്യും.
ബഹുമാനപ്പെട്ട ജോസ് അഞ്ചാനിക്കൽ അച്ചന് യുകെയിലേക്ക് സ്വാഗതം ആശംസിക്കുന്നതിനൊപ്പം, ഇവിടുത്തെ അജപാലന ശുശ്രൂഷകൾക്ക് എല്ലാവിധ അനുഗ്രഹങ്ങൾക്കുമായി വിശ്വാസി സമൂഹം പ്രാർത്ഥിക്കുകയും ചെയ്യുന്നു. ബഹുമാനപ്പെട്ട ജോസച്ചന് യുക്മാ ന്യൂസിന്റെ പ്രാർത്ഥനാശംസകൾ!!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more