1 GBP = 103.70

ഇംഗ്ലണ്ടിനെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ

ഇംഗ്ലണ്ടിനെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ

ചാമ്പ്യൻമാരായ ഫ്രാൻസ്‌ ഇംഗ്ലണ്ടിനെ തകർത്ത്‌ ലോകകപ്പ്‌ സെമിയിൽ. ഒന്നിനെതിരെ രണ്ടുഗോളിനാണ്‌ ജയം. ഫ്രാൻസിനായി ഓർലൈൻ ചൗമെനിയും ഒളിവർ ജിറൂവും ഗോളടിച്ചു. ഇംഗ്ലണ്ടിനായി ഹാരി കെയ്‌നാണ്‌ ലക്ഷ്യം കണ്ടത്‌. പെനൽറ്റിയിൽനിന്നായിരുന്നു ഗോൾ. രണ്ടാമത്‌ കിട്ടിയ പെനൽറ്റി കെയ്‌ൻ പുറത്തേക്ക്‌ അടിച്ചു കളഞ്ഞു. സെമിയിൽ മൊറോക്കോയാണ്‌ ഫ്രാൻസിന്റെ എതിരാളികൾ. 

പോർച്ചുഗലിനെ ഒറ്റ ഗോളിന്‌ കീഴടക്കിയാണ്‌ മൊറോക്കോ അവസാന നാലിലേക്ക്‌ കുതിച്ചത്‌. ലോകകപ്പ്‌ ചരിത്രത്തിലാദ്യമായാണ്‌ ഒരു ആഫ്രിക്കൻ രാജ്യം സെമിയിലെത്തുന്നത്‌. യൂസഫ്‌ എൻ നെസ്‌റിയാണ്‌ സ്വർണക്കപ്പിന്റെ വിലയുള്ള ഗോളടിച്ചത്‌. പോർച്ചുഗൽ ഗോളി ദ്യേഗോ കോസ്‌റ്റയ്ക്കുമുകളിലൂടെ ഗോപുരമായി വളർന്ന യൂസഫിന്റെ പൊള്ളുന്ന ഹെഡർ.  

സമനില ഗോളിനായി പോർച്ചുഗൽ കിണഞ്ഞുശ്രമിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവന്നു. ബ്രൂണോ ഫെർണാണ്ടസിനും ഗോൺസാലോ റാമോസിനും സാധ്യമാകാത്തത്‌ റൊണാൾഡോയ്‌ക്കുമായില്ല. പറങ്കിവീര്യത്തിനുമുന്നിൽ കോട്ടപോലെ നിലകൊണ്ട മൊറോക്കോയുടെ പ്രതിരോധം കളിയിൽ നിർണായകമായി. ഗോളിലേക്ക്‌ ഊർന്നിറങ്ങിയ നിരവധി ഷോട്ടുകളാണ്‌ ഗോൾകീപ്പർ യാസിൻ ബോണോ കുത്തിയകറ്റിയത്‌. വാലിദ്‌ ചെഡീരി ചുവപ്പുകാർഡ്‌ കണ്ടതിനാൽ അവസാന അഞ്ച്‌ മിനിറ്റ്‌ 10 പേരുമായാണ്‌ മൊറോക്കോ പൊരുതിയത്‌.  

ആറാംലോകകപ്പ്‌ കളിക്കുന്ന മൊറോക്കോയുടെ ആറാമത്തെ ജയംമാത്രമാണിത്‌. ഈ ലോകകപ്പിന്‌ വരുംമുമ്പ്‌ ജയിച്ചത്‌ രണ്ട്‌ കളി. ഇത്തവണ ആറ്‌ കളിയിൽ എതിരാളികൾക്ക്‌ മൊറോക്കോ വലയിൽ പന്തെത്തിക്കാൻ സാധിച്ചിട്ടില്ല. ക്യാനഡ നേടിയ ഗോളാവട്ടെ മൊറോക്കോയുടെ ദാനമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more