1 GBP = 104.08

ഗ്രീസ്‌മാൻ മിന്നി; ഫ്രാൻസ് സെമിയിൽ

ഗ്രീസ്‌മാൻ മിന്നി; ഫ്രാൻസ് സെമിയിൽ

അർജന്‍റീനയ്ക്കെതിരായ പ്രീക്വാർട്ടർ ഫൈനലോടെ തകർപ്പൻ ഫോമിലെത്തിയ ഫ്രാൻസിനെ തടുക്കാൻ ഉറുഗ്വേയ്ക്ക് ആയില്ല. ഒരു ഗോൾ അടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുയും ചെയ്ത് സൂപ്പർ താരം അന്‍റോണിയോ ഗ്രീസ്‌മാൻ തിളങ്ങിയപ്പോൾ കരുത്തരായ ഫ്രാൻസ് ലോകകപ്പ് സെമിയിലെത്തി. ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് തകത്തത്. റാഫേൽ വരാനെ, അന്‍റോണിയോ ഗ്രീസ്‌മാൻ എന്നിവരാണ് ഫ്രാൻസിന്‍റെ ഗോളുകൾ നേടിയത്. പരുക്ക് മൂലം കളിക്കാതിരുന്ന എഡിൻസൻ കവാനിയുടെ അഭാവത്തിൽ പല്ലുകൊഴിഞ്ഞ സിംഹത്തെപ്പോലെ ആയിരുന്നു ഉറുഗ്വേ. ബ്രസീൽ-ബെൽജിയം ക്വാർട്ടർ ഫൈനലിലെ വിജയികളാണ് സെമിയിൽ ഫ്രാൻസിന്‍റെ എതിരാളികൾ.

മൽസരത്തിന്‍റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യമാണ് ഫ്രാൻസ് പുലർത്തിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ഫ്രാൻസ് ആയിരുന്നു മുന്നിൽ. ഇടയ്ക്കിടെ ഉറുഗ്വേ നടത്തിയ പ്രത്യാക്രമണങ്ങൾ ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.

40-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെ റാഫേൽ വരാനെയാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്. അന്‍റോണിയോ ഗ്രീസ്മാൻ എടുത്ത ഫ്രീകിക്കിന് തലവെച്ച വരാനെയ്ക്ക് പിഴച്ചില്ല. ബന്‍റകൌർ ടൊലീസോയെ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചത്.

ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഒപ്പമെത്താനുള്ള ഉറുഗ്വേയുടെ ശ്രമം ഫ്രാൻസ് ഗോൾകീപ്പർ തടഞ്ഞു. ഡീഗോ ഗോഡിന്‍റെ ഹെഡർ ഫ്രഞ്ച് ഗോളി ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു.

61-ാം മിനിട്ടിൽ തകർപ്പനൊരു ഷോട്ടിലൂടെ ഗ്രീസ്‌മാൻ ഫ്രാൻസിന്‍റെ ലീഡ് ഉയർത്തി. ബോക്സിന് പുറത്തുനിന്ന് ഗ്രീസ്‌മാൻ പായിച്ച ഷോട്ട് ഗോൾകീപ്പറെ മറികടന്ന് വലയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി. ടൊലീസോയുടെ പാസിൽനിന്നായിരുന്നു ഗോൾ പിറന്നത്.

രണ്ടു ഗോളിന് പിന്നിലായതോടെ ഉറുഗ്വേ ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. ഇതിനിടയിൽ പരുക്ക് അഭിനയിച്ച എംബാപ്പെ മഞ്ഞ കാർഡ് കണ്ടത് നാണക്കേടായി. കഴിഞ്ഞ കളിയിലെ മികവ് തുടരാനാകാതെ പോയ എംബാപ്പയെ തിരിച്ചുവിളിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more