1 GBP = 103.87

മൊറോക്കൻ കുതിപ്പിന് അന്ത്യം; അർജന്റീന-ഫ്രാൻസ് ഫൈനൽ

മൊറോക്കൻ കുതിപ്പിന് അന്ത്യം; അർജന്റീന-ഫ്രാൻസ് ഫൈനൽ

ദോഹ: അൽബെയ്ത് സ്റ്റേഡിയ​ത്തെ ചെങ്കടലാക്കിയ മൊറോക്കൻ ആരാധകരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ ഫ്രഞ്ചുപടക്ക് തുടർച്ചയായ രണ്ടാം ഫൈനൽ. ശക്തമായ വെല്ലുവിളിയുയർത്തി തിരമാല പോലെ അടിച്ചുകയറിയ മൊറോക്കൻ ആക്രമണത്തെ അതിജീവിച്ച ഫ്രാൻസ് എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് വിജയക്കൊടി പാറിച്ചത്. ഡിസംബർ 18ന് ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ മൂന്നാം ലോക കിരീടം ലക്ഷ്യമാക്കി അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടും. ലോകകപ്പ് ഫേവറൈറ്റുകളെ ഒന്നൊന്നായി തകർത്തെറിഞ്ഞ് മുന്നേറിയ മൊറോക്കോയുടെ അവിശ്വസനീയ കുതിപ്പിന് വിരാമമിട്ട് തിയോ ഹെർണാണ്ടസും കോളോ മൗനോയുമാണ് ഫ്രാൻസിനായി ഗോൾ നേടിയത്. ഡിസംബർ 17ന് മൂന്നാംസ്ഥാനക്കാർക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മൊറോക്കൻ പ്രതിരോധം തുളച്ച് ഫ്രാൻസിന്റെ ഗോളെത്തി. അന്റോയ്ൻ ഗ്രീസ്മാന്റെ മുന്നേറ്റത്തിനൊടുവിൽ മൊറോക്കൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചെത്തിയ പന്ത് അക്രോബാറ്റിക് മികവോടെ തിയോ ഫെർണാണ്ടസ് ഗോളിലേക്ക് തൊടുക്കുകയായിരുന്നു. ടൂർണമെന്റിൽ മൊറോക്കോ എതിർടീമിൽ നിന്നും വഴങ്ങുന്ന ആദ്യ ഗോളായിരുന്നു അത്. കനഡക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ വീണ സെൽഫ് ഗോൾ മാത്രമായിരുന്നു ഇതുവരെ മൊറോക്കോ ഡെബിറ്റ് ലിസ്റ്റിലുണ്ടായിരുന്നത്.

തിയോ ഹെർണാണ്ടസിന്റെ അക്രോബാറ്റിക് ഗോൾ

ആക്രമണം ലക്ഷ്യമാക്കി 4-2-3-1 ഫോർമേഷനിലാണ് ഫ്രാൻസ് ഇറങ്ങിയതെങ്കിൽ പ്രതിരോധം ലക്ഷ്യമാക്കി 5-4-1 ശൈലിയിലാണ് മൊറോക്കോ വന്നത്. ഗോൾ വീണതോടെ മൊറോക്കോ ആക്രമണ മൂഡി​ലേക്ക് മാറി. മാലപോലെ കൊരുത്തുകയറിയ മൊറോക്കൻ ആക്രമണങ്ങൾ ബോക്സിലേക്ക് കയറും മുമ്പേ പലകുറി നിർവീര്യമായി. 17ാം മിനിറ്റിൽ മൊറോക്കൻ പ്രതിരോധം തുളച്ച് ഓടിക്കയറിയ ഒലിവർ ജിറൂഡിന്റെ കിക്ക് ​വലതുപോസ്റ്റിലിടിച്ച് മടങ്ങി. ഗാലറിയിൽ തിങ്ങി നിറഞ്ഞ മൊറോക്കൻ ആരാധകരുടെ നെഞ്ചുകുലുങ്ങിയ നിമിഷങ്ങൾ. 

മത്സരത്തിന്റെ 22ാം മിനിറ്റിൽ തന്നെ സായിസിനെ പിൻവലിച്ച് സെലിം അമല്ലായെ മൊറോക്കൻ കോച്ച് കളത്തിലേക്ക് വിളിച്ചു. ആക്രണത്തിന് മുൻതൂക്കം നൽകുന്ന 4-3-3 എന്ന ഫോർമേഷനിലേക്ക് പരിവർത്തിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. 35ാം മിനിറ്റിൽ കിലിയൻ എംബാപ്പേയുടെ അതിവേഗത്തിലുള്ള റൺ മൊറോക്കൻ ഡിഫൻസിൽ തട്ടിത്തെറിച്ചപ്പോൾ ഫ്രീ സ്‍പേസിൽ വീണുകിട്ടിയ പന്ത് ജിറൂഡ് പുറത്തേക്കടിച്ച് പാഴാക്കി. മറുവശത്ത് സ്വന്തം പകുതി വിട്ടിറങ്ങി ഫ്രഞ്ച് പ്രതിരോധനിരയെ സമ്മർദ്ദത്തിലാക്കുന്നതിൽ മൊറോക്കോ വിജയിച്ചു. 44ാം മിനിറ്റിൽ മൊറോക്കോയുടെ എൽ യാമിഖ് ബോക്സിനുള്ളിൽ നിന്നും തൊടുത്ത ബൈസിക്കികൾ കിക്ക് ഫ്രഞ്ച് പോസ്റ്റിലിടിച്ച് തെറിച്ചത് കാണികളിൽ ദീർഘനിശ്വാസങ്ങളുയർത്തി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ആർത്തലച്ചുകയറിയ മൊറോക്കൻ ആക്രമണങ്ങ​ൾക്കാണ് അൽബെയ്ത് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more