1 GBP = 103.79
breaking news

ഫ്ലോറൻസ് നൈറ്റിംഗേലിൻ്റെ ഇരുന്നൂറാം ജന്മദിനത്തിൽ ലോകമെങ്ങുമുള്ള നേഴ്സുമാർക്ക് ആശംസകളും അഭിവാദ്യങ്ങളും അർപ്പിച്ച് യുക്മ ദേശീയ സമിതി…

ഫ്ലോറൻസ് നൈറ്റിംഗേലിൻ്റെ ഇരുന്നൂറാം ജന്മദിനത്തിൽ ലോകമെങ്ങുമുള്ള നേഴ്സുമാർക്ക് ആശംസകളും അഭിവാദ്യങ്ങളും അർപ്പിച്ച് യുക്മ ദേശീയ സമിതി…
പ്രവാസത്തിന്റെ വഴിത്താരയിലെ കേരളപ്പെരുമയുടെ ആദ്യത്തെയും അവസാനത്തെയും നാമം ഒന്ന് മാത്രം – നേഴ്‌സ്. ആതുരസേവന രംഗത്തെ മാലാഖമാർ തെളിച്ച വെളിച്ചം തന്നെയാണ് മലയാളിയുടെ മടിനിറച്ച പ്രവാസത്തിന്റെ വഴിവിളക്ക്. ഇന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്ന അന്താരാഷ്‌ട്ര നേഴ്സസ് ദിനം ആചരിക്കപ്പെടുമ്പോൾ, എല്ലാ കാരുണ്യത്തിന്റെ മാലാഖാമാർക്കും കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സ്വജീവൻ തൃണവൽഗണിച്ച് സേവനം അനുഷ്ടിക്കുന്ന എല്ലാ നേഴ്സുമാർക്കും യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ ഹൃദയം നിറഞ്ഞ ആശംസകളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു…….
“വിളക്കേന്തിയ വനിത”യ്ക്ക് 200 വയസ്സ്; ജീവന്റെ വാനമ്പാടികള്‍ക്ക് നഴ്സസ് ദിനാശംസകള്‍… 
അഡ്വ.എബി സെബാസ്റ്റ്യൻ
കോട്ടയം പട്ടണത്തിന്റെ​ ഹൃദയഭാഗത്ത് മഹാത്മാ ഗാന്ധിയ്ക്കും പി.ടി ചാക്കോയ്ക്കും ശേഷം ഇനിയാരുടെയെങ്കിലും പ്രതിമ സ്ഥാപിക്കുന്നതിന് തീരുമാനമുണ്ടെങ്കില്‍ അത് ഫ്ളോറന്‍സ് നൈറ്റിങ്​ഗേലിന്റെയാവണം. സ്ഥലപരിമിതിയുടെ പ്രശ്നമുണ്ടെങ്കില്‍  കിഴക്ക് കാഞ്ഞിരപ്പള്ളിയിലോ പടിഞ്ഞാറ് കുമരകത്തോ വടക്ക്  കുറവിലങ്ങാട്ടോ തെക്ക്  കുമ്പനാട്ടോ എവിടെ വേണമെങ്കിലും സ്ഥാപിക്കാവുന്നതേയുള്ളൂ. കാരണം മധ്യതിരുവതാംകൂറിന്റെ സാമ്പത്തിക അടിത്തറയായിരുന്ന കാര്‍ഷിക മേഖല പാടെ തകര്‍ന്നടിഞ്ഞപ്പോള്‍ പതിനായിരക്കണക്കിന് കുടുംബങ്ങളെ നേരിട്ടും അവരിലൂടെ ലക്ഷങ്ങളെ പരോക്ഷമായും ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നിര്‍ത്തിയത്  “വിളക്കേന്തിയ വനിത” എന്നറിയപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിങ്​ഗേല്‍ വഴികാട്ടിയായ നഴ്സിങ് പ്രൊഫഷനാണ്. ഫ്ളോറന്‍സ് നൈറ്റിങ്ഗേലിന്റെ ജന്മദിനമായ മെയ് 12നെയാണ് അന്താരാഷ്ട്ര നഴ്സിങ് ദിനമായി ആചരിക്കുന്നത്.
കുറവിലങ്ങാട് നസ്രത്ത്ഹില്‍ ഡീ പോള്‍ സ്ക്കൂളിലാണ് 5,6 ക്ലാസ്സുകള്‍ പഠിച്ചത്. അക്കാലത്ത് എല്ലാ ദിവസവും നടക്കുന്ന സ്ക്കൂള്‍ അസംബ്ലിയിലുണ്ടായിരുന്ന നിര്‍ബന്ധിത ഇനങ്ങളായിരുന്നു​  യു.പി വിദ്യാര്‍ത്ഥികളുടെ പത്രപാരായണവും ഹൈസ്ക്കൂളുകാരുടെ ലഘുപ്രസംഗവും. ആയിടയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ്/മലയാളം ലഘുപ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകമിറക്കുകയും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധമായി ഓരോ കോപ്പി നല്‍കുകയും ചെയ്തു. അതില്‍​ നഴ്സിങിനെപ്പറ്റിയുയുള്ള ഒരു പ്രസംഗമുണ്ടായിരുന്നത് ഇന്നും ഓര്‍മ്മിക്കുന്നു. നഴ്സ് എന്നുള്ള വാക്കിന്റെ ഓരോ അക്ഷരങ്ങളും എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന ഭാഗത്തിന്റെ തുടക്കം കുലീനത്വം എന്നര്‍ത്ഥം വരുന്ന നൊബിലിറ്റി ആയിരുന്നു. മറന്നുപോയവ ഇപ്പോള്‍ നെറ്റില്‍ നിന്നും കണ്ടു പിടിച്ചു.
N= Nobility U= Understanding,
R= Responsibility,  S= Sympathy. E= Efficency.
ഈ പഞ്ചഗുണങ്ങളും ഒത്തുചേര്‍ന്ന എല്ലാ നഴ്സുമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നഴ്സ് ദിനാശംസകള്‍.
തലക്കെട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ നഴ്സുമാര്‍ ജീവന്റെ വാനമ്പാടികളാന്. നൈറ്റിങ്ഗേല്‍ എന്നുള്ളത് ബ്രിട്ടണിലെ ഒരു അതിസമ്പന്ന കുടുംബത്തിന്റെ  കുടുംബപ്പേരില്‍ നിന്നും ലോകമെങ്ങും നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെടുന്ന ഒരു പേരായി മാറി. 1973 മുതല്‍ ഇന്ത്യാ ഗവണ്‍മെന്റ് നഴ്സുമാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡും ഫ്ളോറന്‍സ് നൈറ്റിങ്​ഗേലിന്റെ പേരിലുള്ളതാണ്. നിപ്പയെ പ്രതിരോധിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ സി. ലിനിയ്ക്ക് മരണാനന്തര ബഹുമതിയായി ഈ പേരില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ അവാര്‍ഡ് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നും ഏറ്റുവാങ്ങിയത് ഭര്‍ത്താവ് സജീഷാണ്.  നൈറ്റിങ്ഗേല്‍ എന്ന പേര് ഏറ്റവും മധുര സ്വരത്തില്‍ പാടുന്ന പക്ഷിയ്ക്ക് കൂടിയുണ്ട്. മലയാളത്തിലതിന് വാനമ്പാടി എന്നാണ് പറയുന്നത്. ഫ്ലോറന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി കൃത്യമായി പരിശീലനം ലഭിച്ച് പുറത്തിറങ്ങിയിരുന്ന നഴ്സുമാരെ പാശ്ചാത്യനാടുകളില്‍ “നൈറ്റിങ്ഗേല്‍സ്” എന്നു വിളിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ കോവിഡ് ദുരിത കാലത്ത് എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് മനുഷ്യരെ മധുരതരമായി പരിചരിച്ച് ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നവരെ “ജീവന്റെ വാനമ്പാടികള്‍”  എന്നതില്‍ കുറഞ്ഞൊരു വാക്ക് കൊണ്ട് വിശേഷിപ്പിക്കാനാവില്ല.
അതിസമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ച് വളര്‍ന്ന് വന്ന നൈറ്റിങ്ഗേല്‍  ചെറുപ്പം മുതലേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി  നഴ്സിങ് തന്റെ ജീവിതദൗത്യമെന്ന് തിരിച്ചറിഞ്ഞ് തന്റെ ദൈവവിളി അതാണെന്ന് വിശ്വസിച്ച് നിശ്ചയദാര്‍ഡ്യത്തോടെ കര്‍മ്മരംഗത്തേയ്ക്ക് ഇറങ്ങിത്തിരിച്ചതാണ്. ഫ്ളോറന്‍സിന്റെ മാതാപിതാക്കളായ വില്ല്യം എഡ്‌വേഡ്‌ നൈറ്റിങ്ഗേലും ഫ്രാന്‍സിസ്‌ നീ സ്മിത്തും വിവാഹശേഷം യൂറോപ്പിലൊന്നാകെ ചുറ്റിക്കറങ്ങാന്‍ തീരുമാനിച്ചു. പരിചാരകരും മറ്റ് പരിവാരങ്ങളുമായി മാസങ്ങളോളും വിലകൂടിയ വസതികള്‍ വാടകയ്ക്കെടുത്ത് താമസിക്കുന്നത് അക്കാലത്തെ അതിസമ്പന്നരായ ബ്രിട്ടീഷുകാരുടെ വിനോദങ്ങളിലൊന്നായിരുന്നു.  രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഈ യാത്രയില്‍ 1920 മെയ് 12ന് ജനിച്ച ഇളയ കുട്ടിയ്ക്ക് അപ്പോള്‍ താമസിക്കുന്ന നഗരത്തിന്റെ പേര് നല്‍കി. അങ്ങനെയാണ് ഇറ്റലിയിലെ ഫ്ളോറന്‍സ് നഗരത്തിന്റെ പ്രാന്തപ്രദേശമായ പോര്‍ട്ടോ റൊമാനോയിലെ ആഡംബര വസതിയായ “വില്ല കൊളംബിയ”യില്‍ ​ ജനിച്ച  പെണ്‍കുട്ടി ഫ്ളോറന്‍സ് നൈറ്റിങ്ഗേല്‍ എന്നറിയപ്പെടുന്നത്. ഫ്ളോറന്‍സിന്റെ ജനനത്തിന് ഒരു വര്‍ഷം കഴിഞ്ഞ് മാതാപിതാക്കള്‍ ബ്രിട്ടണിലേയ്ക്ക് മടങ്ങി.
ബ്രിട്ടണില്‍ രണ്ട് വീടുകളുണ്ടായിരുന്ന നൈറ്റിങ്ഗേല്‍ കുടുംബം ഡര്‍ബിഷെയറിലെ മറ്റ്ലോക് പട്ടണത്തിനു സമീപമുള്ള ലീ ഹസ്റ്റ് എന്ന വസതിയിലേയ്ക്കാണ് മടങ്ങിയെത്തിയത്. പീക്ക് ഡിസ്ട്രിക്ട് നാഷണല്‍ പാര്‍ക്കിന് അതിരിടുന്ന വിശാലമായ 20 ഏക്കര്‍ സ്ഥലത്ത്  ജാക്കോബിയന്‍ ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഇവിടെയാണ് അഞ്ച് വയസ്സു വരെയുള്ള കുട്ടിക്കാലം  ഫ്ളോറന്‍സ് തന്നേക്കാള്‍ ഒരു വയസ്സിന് മൂത്ത സഹോദരി പാര്‍ത്തനോപ്പിനും മാതാപിതാക്കള്‍ക്കുമൊപ്പം കഴിഞ്ഞത്. തുടര്‍ന്ന് ഹാംഷയറിലുള്ള എസ്റ്റേറ്റിലേയ്ക്ക് താമസം മാറ്റിയ നൈറ്റിംങ്ഗേല്‍ കുടുംബത്തിന്റെ വേനല്‍ക്കാല വസതിയായി ലീ ഹസ്റ്റ് മാറി. പതിമൂന്ന് കിടപ്പുമുറികളുള്ള ഈ വീട് ഇപ്പോള്‍ ബെഡ് ആന്റ് ബ്രേക്ക്ഫാസ്റ്റ് സൗകര്യങ്ങളോട് കൂടിയ ഒരു ലോഡ്ജായിട്ട് പ്രവര്‍ത്തിച്ചു വരുന്നു.
ഹാംഷെയറില്‍ സൗത്താംപ്ടണ് സമീപമുള്ള എംബ്ലേ പാര്‍ക്കിലുള്ള വിക്ടോറിയന്‍ വസതിയിലേയ്ക് താമസം മാറിയതോടെ ഗ്രാമത്തിലുള്ള സാധാരണക്കാരെ സഹായിക്കുന്നതില്‍ കുട്ടിയായ ഫ്ളോറന്‍സ് പ്രത്യേക താത്പര്യം കാട്ടിത്തുടങ്ങി. 4000 ഏക്കര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ഇവരുടെ എസ്റ്റേറ്റിന്റെ സമീപമുള്ള സ്ഥലം രണ്ട് തവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലോര്‍ഡ് പാല്‍മേഴ്സ്റ്റന്റേതായിരുന്നു. അദ്ദേഹവുമായുള്ള അടുപ്പം പില്‍ക്കാലത്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുന്നതിന് ഫ്ളോറന്‍സിനെ ഏറെ സഹായിച്ചു. പത്ത് വയസ്സുള്ളപ്പോള്‍ തന്നെ വീട്ടില്‍ ക്ലാസിക്കല്‍ വിദ്യാഭ്യാസത്തിനും ഗണിതശാസ്ത്രത്തിനും തത്വശാസ്ത്രത്തിനുമൊപ്പം ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ ഭാഷകളിലും പഠനത്തിനുള്ള അവസരം പിതാവൊരുക്കി. ആ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയ്ക്ക് അക്കാലത്ത് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നത് അത്യപൂര്‍വമാണെന്ന് വിലയിരുത്തപ്പെടുന്നു. പതിനേഴ് വയസ്സ് തികയുന്നത്` മുന്‍പ് 1837 ഫെബ്രുവരി 7ം തീയതി എംബ്ലെ പാര്‍ക്കിലെ വലിയ ഒരു സീഡര്‍ മരത്തിന്റെ ചുവട്ടിലിരിക്കുമ്പോളാണ് ഫ്ലോറന്‍സിന് നഴ്സ് ആകുന്നതിനുള്ള ദൈവവിളി കിട്ടിയതായി പറയപ്പെടുന്നത്. അവിടെ വച്ച് ദൈവം തന്നോട് നേരിട്ട് സംസാരിച്ചുവെന്നാണ് ആ പെണ്‍കുട്ടിയുടെ വിശ്വാസം. ഫ്ളോറന്‍സിന്റെ കുടുംബപശ്ചാത്തലമുള്ള പെണ്‍കുട്ടികള്‍ അനുയോജ്യരായ വരന്മാരെ കണ്ടെത്തുന്നതിനുള്ള പ്രായത്തില്‍, നഴ്സാകണം എന്ന ആഗ്രഹവുമായെത്തിയ മകളെ മാതാപിതാക്കള്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍  ഒടുവില്‍ മാതാപിതാക്കളുടെ എതിര്‍പ്പിനെ മറികടന്ന ഫ്ളോറന്‍സ് 1844ല്‍ ജര്‍മ്മനിയിലെ കൈസര്‍വര്‍ത്ത്-ലെ ലൂഥറന്‍ ഹോസ്പിറ്റലില്‍ പാസ്റ്റര്‍ തിയോഡോര്‍ ഫ്ലൈഡ്‌നര്‍ക്കൊപ്പം ചേര്‍ന്നു. അവിടെ നിന്ന് നഴ്സിങിന്റെ പാഠങ്ങള്‍ സ്വായത്തമാക്കിയ  ഫ്ലോറന്‍സ് 1850 ല്‍ ലണ്ടനിലേയ്ക്ക് മടങ്ങിയെത്തി. കൈസര്‍വര്‍ത്ത്  എന്ന സ്ഥലം ജര്‍മ്മനിയിലെ ഡുസുല്‍ഡോര്‍ഫ് പട്ടണത്തിന്റെ പ്രാന്തപ്രദേശമാണ്, എയര്‍പോര്‍ട്ടിന് സമീപം. കഴിഞ്ഞ വര്‍ഷം  ഡ്രൈവ് ചെയ്ത് ഡുസുല്‍ഡോര്‍ഫ് കറങ്ങിയപ്പോഴും ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് അറിയാതെ പോയതിനാല്‍ സന്ദര്‍ശിക്കാനൊത്തില്ല. പോകുന്ന പ്രദേശങ്ങളെപ്പറ്റി വ്യക്തതയില്ലെങ്കില്‍ ഇത്തരം അബദ്ധങ്ങളൊക്കെ സ്വാഭാവികം മാത്രം.
1850കളുടെ തുടക്കത്തില്‍ ലണ്ടനിലേക്ക് മടങ്ങിയെത്തിയ നൈറ്റിങ്ഗേല്‍ ഹാര്‍ലേ സ്ട്രീറ്റ് ആശുപത്രിയില്‍ നഴ്സിംഗ് ജോലി ആരംഭിച്ചു.   ലണ്ടനില്‍ മേഫെയറിലുള്ള “10 സൗത്ത് സ്ട്രീറ്റ്” എന്ന അഡ്രസ്സിലാണ് അവര്‍ തന്റെ ജീവിതകാലം മുഴുവനും താമസിച്ചിരുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷന് കീഴിലുള്ള നെഹ്റു സെന്റര്‍ ഇതിന് തൊട്ടടുത്ത സൗത്ത് ഓഡ്​ലേ സ്ട്രീറ്റിലാണ്. തുടര്‍ന്ന് 1853ല്‍ പാരീസിലെ സിസ്റ്റേഴ്സ് ഓഫ് മേഴ്സി-യുടെ കീഴില്‍ നിന്നും കൂടുതല്‍ പരിശീലനം നേടുകയും മടങ്ങിയെത്തി ഹാര്‍ലി സ്റ്റ്രീറ്റിലെ ഇന്‍സ്റ്റിറ്റിയൂട്ട്ട്‌ ഒഫ്‌ കെയറിംഗ്‌ സിക്ക്‌ ജെന്റില്‍വുമണ്‍ എന്ന സ്ഥാപനത്തില്‍ സൂപ്രണ്ടായി ജോലി ആരംഭിച്ചു. അക്കാലത്ത് നഴ്സുമാര്‍ക്ക് കാര്യമായ പ്രതിഫലമൊന്നുമില്ല. അതിനാല്‍ പ്രതിവര്‍ഷം 500 പൗണ്ട് നല്‍കി ഫ്ളോറന്‍സിന്റെ പിതാവ് മകളെ സഹായിച്ചു. ഇപ്പോഴത്തെ ഏകദേശം 64,000 പൗണ്ട് വരുമെന്ന് കണക്കാക്കപ്പെടുന്നു. മകള്‍ താത്പര്യമില്ലാത്ത മേഖലയില്‍ തൊഴില്‍ തേടിയെങ്കിലും അക്കാലത്തെ ആ പിതാവിന്റെ വിശാല മനസ്സോടെയുള്ള സമീപനം ഇന്നും അത്ഭുതത്തോടെയേ കാണാനാവൂ.
1853 ഒക്ടോബറില്‍ ആരംഭിച്ച ക്രിമിയന്‍ യുദ്ധമാണ് ഫ്ലോറന്‍സ് നൈറ്റിങ്ഗേലിന്റെ പ്രവര്‍ത്തനങ്ങളെ ഏറെ ശ്രദ്ധേയമാക്കിയത്.   ഇപ്പോഴത്തെ ടര്‍ക്കി, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ വിശുദ്ധ നാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ അധികാരത്തിനായി  ബ്രിട്ടീഷ്-ഫ്രഞ്ച് സഖ്യസൈന്യം റഷ്യന്‍ സാമ്രാജ്യത്തിനെതിരെ നടത്തിയ പോരാട്ടമായിരുന്നുവത്. ക്രിമിയയിലെ സൈനിക ആശുപത്രികളില്‍ വേണ്ടത്ര നഴ്‌സുമാര്‍ ഉണ്ടായിരുന്നില്ല. യുദ്ധത്തില്‍ ഉണ്ടായ പരിക്കുകളേക്കാള്‍ കൂടുതല്‍ സൈനികര്‍ ടൈഫോയ്ഡ്, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ മൂലം മരിക്കുകയായിരുന്നു. രോഗബാധിതരും പരിക്കേറ്റവരുമായ  സൈനികര്‍ നേരിടുന്ന അവഗണനയില്‍ ബ്രിട്ടണില്‍ കടുത്ത ജനരോഷമുയര്‍ന്നു. ക്രിമിയയിലെ സൈനികരെ ശുശ്രൂഷിക്കുവാനായി നഴ്സുമാരുടെ സംഘത്തെ രൂപീകരിക്കുവാന്‍ ആവശ്യപ്പെട്ട് നൈറ്റിങ്ഗേലിന് യുദ്ധസെക്രട്ടറി സിഡ്നി ഹെര്‍ബര്‍ട്ട്  കത്ത്  നല്‍കി. 1854ന്റെ തുടക്കത്തില്‍ ലണ്ടനില്‍ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് നൈറ്റിങ്ഗേളിനെ ഔദ്യോഗിക വൃത്തങ്ങളില്‍  ശ്രദ്ധേയയാക്കിയത്. വളരെ വേഗത്തില്‍ തന്നെ അവര്‍ നഴ്‌സുമാരുടെ ഒരു ടീമിനെ സംഘടിപ്പിക്കുകയും  ക്രിമിയയിലേക്ക് യാത്ര തിരിക്കുകയും  ചെയ്തു.1854 നവംബര്‍ 4ന് 38 നഴ്സുമാരുടെ സംഘത്തോടൊപ്പം നൈറ്റിങ്ഗേല്‍ ഇസ്താംബൂളിന് സമീപം സ്കട്ടറില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് സൈനിക ക്യാമ്പിലെത്തി. 18,000ല്‍ കുറയാതെയുള്ള സൈനികരെ ശുശ്രൂഷിക്കുന്നതിനുള്ള ഉത്തരവാദിത്വവുമായി.
യാതൊരു ചിട്ടയുമില്ലാതെ വൃത്തിഹീനമായി അലങ്കോലപ്പെട്ട് കിടന്നിരുന്ന ആശുപത്രി എന്ന് വിളിക്കപ്പെടാന്‍ പോലുമുള്ള അവസ്ഥയില്ലാതിരുന്ന ക്യാമ്പ് വൃത്തിയാക്കി ഉപകരണങ്ങളും മറ്റും ചിട്ടയായി സ്ഥാപിച്ച് നൈറ്റിങ്ഗേലും സംഘവും ചേര്ന്ന് രോഗീപരിചരണത്തിന് സമൂലമായ മാറ്റം വരുത്തി. അവരുടെ നിര്‍ദ്ദേശപ്രകാരം 1855 മാര്‍ച്ചില്‍ ബ്രിട്ടീഷ്‌ ഗവണ്‍മന്റ്‌ ശുചിത്വപാലനത്തിനായി ഒരു കമ്മീഷനെ നിയോഗിക്കുകയും ഫലപ്രദമായ തുടര്‍നടപടികള്‍ മരണനിരക്ക് 40 ശതമാനത്തില്‍ നിന്നും 2 ശതമാനത്തിലേയ്ക്ക് എത്തിക്കുന്നതിനും സാധിച്ചതോടെ അവരെ “ക്രിമിയയുടെ മാലാഖ” എന്ന് വിളിച്ചു. ഉണര്‍ന്നിരിക്കുന്ന സമയങ്ങള്‍ പൂര്‍ണ്ണമായും രോഗീപരിചരണത്തിന് അവര്‍ മാറ്റി വച്ചു.  രാത്രികളില്‍ അവര്‍ ഇടനാഴികളിലൂടെ ഒരു റാന്തല്‍ വിളക്ക് ചുമന്ന് ചുറ്റിക്കറങ്ങി, സൈനികരെ ശുശ്രൂഷിച്ചു. ഫാനോസ് എന്നു പേരുള്ള ടര്‍ക്കിഷ് റാന്തല്‍ വിളക്കാണ് അവര്‍ അക്കാലത്ത് ഉപയോഗിച്ചത്. ലണ്ടനിലെ മ്യൂസിയത്തില്‍ ഇതിന്റെ ഒരു മോഡല്‍ പ്രദര്‍ശനത്തിലുണ്ട്. അനുകമ്പാര്‍ദ്രമായ അവരുടെ പെരുമാറ്റത്താല്‍ ആശ്വാസം ലഭിച്ച  സൈനികര്‍ അവരെ “ലേഡി വിത്ത് ദ ലാമ്പ്” എന്ന് വിളിച്ചത് പിന്നീട് ലോകം മുഴുവന്‍ അറിയപ്പെടുന്ന വിശേഷണമായി. ചികിത്സയിലുള്ളവര്‍ക്ക് ഭക്ഷണത്തിന് പ്രത്യേക അടുക്കളയും രോഗികള്‍ക്ക് വൃത്തിയുള്ള ലിനന്‍ ലഭിക്കുന്നതിനായി ലോണ്‍ട്രിയും സ്ഥാപിച്ചു. “ഇടനാഴിയിലൂടെ അവര്‍ കടന്നു പോകുന്നത് കാണുന്നത് തന്നെ വലിയ ആശ്വാസം നല്‍കിയിരുന്നു”- പരിക്കേറ്റ ഒരു സൈനികന്റെ കുറിപ്പായിരുന്നു ഇത്.
ഓഗസ്റ്റ്‌ 7 1857-നു അവര്‍ ബ്രിട്ടണിലേക്ക്‌ തിരിച്ചുവന്ന നൈറ്റിങ്ഗേലിന് വീരപരിവേഷമാണ് ലഭിച്ചത്. വിക്റ്റോറിയ രാജ്ഞി കഴിഞ്ഞാല്‍ അക്കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തയായ വനിതയും ഫ്ലോറന്‍സ് നൈറ്റിങ്ഗേല്‍ ആയിരുന്നു.  വിക്ടോറിയ രാജ്ഞി നൈറ്റിംഗേല്‍ ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് “നൈറ്റിംഗേല്‍ ജുവല്‍” എന്ന മെഡലും  അതോടൊപ്പം  ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് 45,000 പൗണ്ട് സമ്മാനവും നല്‍കി. ഈ പണം 1860-ല്‍ സെന്റ് തോമസ് ഹോസ്പിറ്റലെ നൈറ്റിങ്ഗേല്‍  നഴ്സ് പരിശീലന സ്‌കൂളും സ്ഥാപിക്കുന്നതിനായി അവര്‍ ധനസഹായം നല്‍കി. ഈ പരിശീലന സ്ഥാപനം ഇപ്പോള്‍ കിങ്സ് കോളേജിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് നഴ്സിങിനെ ആധുനികവത്കരിക്കുന്നതിനായി പുസ്തകങ്ങളും പഠന റിപ്പോര്‍ട്ടുകളുമെഴുതി. ഇന്നത്തെ ഡേറ്റ അനാലിസിസ് പോലെ അക്കാലത്ത് ഫ്ലോറന്‍സ് ഉപയോഗിച്ചിരുന്നത് കണക്കിലെ പൈ ചാര്‍ട്ടിനെ ഉപയോഗപ്പെടുത്തി “പോളാര്‍ ഡയഗ്രം” വികസിപ്പിച്ചെടുത്തായിരുന്നു. “നൈറ്റിങ്ഗേല്‍ ഡയഗ്രം” എന്ന പേരിലും അറിയപ്പെടുന്ന ഇവയുപയോഗിച്ചാണ് അക്കാലത്ത് ആരോഗ്യപരിപാലന രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി അവര്‍ അധികാരികള്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നത്. 1860-ല്‍ പ്രസിദ്ധീകരിച്ച ‘നോട്ട്‌സ് ഓണ്‍ നഴ്‌സിങ് : വാട്ട് ഇറ്റ് ഈസ് ആന്‍ഡ് വാട്ട് ഇറ്റീസ് നോട്ട്’ (Notes on Nursing : What it is and What it is not) എന്ന നൈറ്റിങ്ഗേലിന്റെ പുസ്തകം, നഴ്‌സിങിന്റെ അടിസ്ഥാന പാഠ്യപുസ്തകമായി. ഇന്ത്യയില്‍ ഒരിക്കല്‍ പോലും വന്നിട്ടില്ലെങ്കിലും അന്ന് ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലുള്ള ഇന്ത്യയിലെ ഗ്രാമങ്ങളിലെ ശുചീകരണത്തെക്കുറിച്ച്‌ സമഗ്രമായ പഠനം നടത്തുകയും ഇന്ത്യയിലെ വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുവാനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 1859-ല്‍ റോയല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സൊസൈറ്റിയിലെക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായി. 1883-ല്‍, വിക്റ്റോറിയ രാജ്ഞി “റോയല്‍ റെഡ്‌ ക്രോസ്സ്‌” നല്‍കി ആദരിച്ചു. 1907-ല്‍ എഡ്വേര്‍ഡ് രാജാവ് ‘ഓര്‍ഡര്‍ ഒഫ്‌ മെറിറ്റ്‌’ സമ്മാനിച്ചപ്പോള്‍ ആ ബഹുമതി നേടുന്ന ആദ്യ  വനിതയായി. 1910ലെ  മെയ് മാസത്തില്‍  90-ാം ജന്മദിനത്തില്‍,  ജോര്‍ജ്ജ് രാജാവില്‍ നിന്ന് പ്രത്യേക ആശംസാസന്ദേശം ലഭിച്ചു. ജീവിതത്തിന്റെ നല്ല കാലത്തെല്ലാം ലഭിച്ച സമൂഹത്തിലെ ഉന്നതശ്രേണിയിലെ യോഗ്യരായ പലരുടേയും വിവാഹ അഭ്യര്‍ത്ഥനകള്‍ അവര്‍ സ്നേഹപൂര്‍വം നിരസിച്ച് ജീവിതാന്ത്യം വരെ അവിവാഹിതയായി തുടര്‍ന്നു.
ഫ്ലോറന്‍സ് നൈറ്റിങ്ഗേല്‍ 1910 ഓഗസ്റ്റ് 13 ന് ലണ്ടന്‍ മേഫെയറിലെ തന്റെ വസതിയില്‍ വച്ച് അന്തരിച്ചു.  ശവസംസ്ക്കാരം അവരുടേയോ രാജ്യത്തിന്റെയോ താത്പര്യമനുസരിച്ചല്ല നടന്നതെന്ന് പറയപ്പെടുന്നു. തന്റെ ശരീരം മെഡിക്കല്‍ റിസര്‍ച്ചിന് നല്‍കണമെന്നായിരുന്നു അവരുടെ താത്പര്യം. എന്നാല്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ അബിയിലോ സെന്റ് പോള്‍സിലോ അടക്കണമെന്നായിരുന്നു ദേശീയ താത്പര്യം. ഒടുവില്‍ കുടുംബത്തിന്റെ അഭിപ്രായം മാനിക്കപ്പെട്ടു. ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം പ്രത്യേക ട്രയിനില്‍ ഹാംഷയറിലേയ്ക്ക് കൊണ്ടുപോയി. ക്രിമിയന്‍ യുദ്ധത്തില്‍ നൈറ്റിങ്ഗേലിന് ഒപ്പമുണ്ടായിരുന്ന പട്ടാളക്കാര്‍ അവരെ അന്തിമയാത്രയില്‍ അനുഗമിച്ചു. ഹാംഷെയറിലെ ഈസ്റ്റ് വെലോയിലുള്ള സെന്റ് മാര്‍ഗരറ്റ് പള്ളിയില്‍ നൈറ്റിങ്ഗേല്‍  കുടുംബകല്ലറയില്‍ സംസ്കരിച്ചു. ഫ്ളോറന്‍സ് നൈറ്റിംഗേലിനുള്ള സ്മാരകം 1913 ല്‍ ഇറ്റലിയിലെ ഫ്ലോറന്‍സിലെ സാന്താ ക്രോസിലെ ബസിലിക്കയുടെ കന്യാസ്ത്രീമഠത്തില്‍  സ്ഥാപിച്ചു.
ഫ്ലോറന്‍സ് നൈറ്റിങ്ഗേല്‍ “ആധുനിക നഴ്‌സിങിന്റെ മാതാവ്” എന്ന നിലയില്‍ ലോകമെമ്പാടും ആദരിക്കപ്പെടുന്നു.  ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലിലുള്ള​  ഫ്ലോറന്‍സ് നൈറ്റിങ്ഗേല്‍ മ്യൂസിയത്തില്‍ നൈറ്റിങ്ഗേലിന്റെ ജീവിതത്തെയും നഴ്സിങ്നെയും അനുസ്മരിപ്പിക്കുന്ന രണ്ടായിരത്തിലധികം  വസ്തുക്കള്‍ ഉണ്ട്. ഒരു വര്‍ഷം മുന്‍പ് ഈ മ്യൂസിയം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം കിട്ടിയിരുന്നു. ക്രിമിയയില്‍ ഉപയോഗിച്ചിരുന്ന തരത്തിലുള്ള ടര്‍ക്കിഷ് വിളക്ക്,  ക്രിമിയന്‍ യുദ്ധത്തില്‍ സേവനമനുഷ്ഠിച്ചത് ഉള്‍പ്പെടെയുള്ള നഴ്സുമാരുടെ വിവിധ കാലഘട്ടങ്ങളിലെ  യൂണിഫോമുകള്‍, പിതാവ് സമ്മാനമായി നല്‍കിയ ഗോള്‍ഡണ്‍ വാച്ച്, നൈറ്റിങ്ഗേളിന്റെ മെഡിക്കല്‍ ബോക്സ്,  ഫ്ലോറന്‍സിന്റെ വളര്‍ത്ത് മൂങ്ങ “ഏതന്‍സ്”നെ സ്റ്റഫ് ചെയ്ത് വച്ചിരിക്കുന്നത് ഉള്‍പ്പെടെ തികച്ചും ആകര്‍ഷകമായതും വിജ്ഞാനപ്രദവുമായ മ്യൂസിയമാണിത്. ബ്രിട്ടണിലെ എല്ലാ നഴ്സുമാരും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണിത്.
ആധുനിക കാലഘട്ടത്തില്‍ വൈദ്യശാസ്ത്ര രംഗം പുരോഗമിച്ചതോടെ നഴ്സിങ് മേഖലയ്ക്കും കാലാനുസൃതമായ മാറ്റമുണ്ടായി. ഇന്ന് ഡോക്ടര്‍മാര്‍ക്കൊപ്പം തന്നെ ആരോഗ്യപരിപാലന രംഗത്ത് പ്രാധാന്യം നഴ്സുമാര്‍ക്കുമുണ്ട്. നഴ്സിങില്‍ തന്നെ വിവിധ ശാഖകള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. കേവലം രോഗീ പരിചരണം എന്ന സങ്കല്പത്തില്‍ നിന്നും ഉയര്‍ന്ന് പരിചരണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുക, ചികിത്സയിലെ പുരോഗതി വിലയിരുത്തുക, സ്ഥിതിവിവര കണക്കുകള്‍ വിലയിരുത്തുക, നല്‍കുന്ന മരുന്നുകളില്‍ തീരുമാനമെടുക്കുക, ഭക്ഷണക്രമത്തെ നിരീക്ഷിച്ച് നിര്‍ദ്ദേശം നല്‍കുക തുടങ്ങിയ ഏറെ അധികം ഉത്തരവാദിത്വങ്ങള്‍ നഴ്സുമാരിലേയ്ക്ക് എത്തപ്പെട്ടിരിക്കുന്നു. ഈ കൊറോണ കാലഘട്ടത്തില്‍ തൊഴിലിടങ്ങളിലും കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ‘ഈ കാലവും കടന്നു പോവും’ എന്ന് കരളുറപ്പോടെ പറഞ്ഞ് എല്ലാ വെല്ലുവിളികളേയും നേരിട്ട് മാനവരാശിയുടെ അതിജീവനത്തിനും സഹജീവനത്തിനുമായി സ്വജീവനെ തൃണവത്ഗണിച്ച് മുന്‍നിരയില്‍ നിന്ന് പോരാടുന്ന ജീവന്റെ വാനമ്പാടികള്‍ക്ക് നഴ്സസ് ദിനാശംസകൾ!!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more