1 GBP = 103.69

പ്രളയക്കെടുതി; കേന്ദ്ര സംഘം സംസ്ഥാനത്ത് സന്ദര്‍ശനമാരംഭിച്ചു

പ്രളയക്കെടുതി; കേന്ദ്ര സംഘം സംസ്ഥാനത്ത് സന്ദര്‍ശനമാരംഭിച്ചു

പ്രളയകെടുതിയും കാലാവസ്ഥ ദുരന്തവും വിലയിരുത്തുന്ന കേന്ദ്ര സംഘം സംസ്ഥാനത്ത് സന്ദര്‍ശനമാരംഭിച്ചു. തൃശൂര്‍,കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര സ്പെഷ്യൽ സെക്രട്ടറി ബി.ആർ.ശർമ്മയാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.

എറണാകുളം ജില്ലയില്‍ പറവൂര്‍, ആലുവ, താലൂക്കുകളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള കേന്ദ്ര സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു. തൃശൂരില്‍ ചാലക്കുടി വി.ആർ പുരത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഘം ആദ്യമെത്തിയത്. തുടർന്നു ചാലക്കുടി താലൂക് ആശുപത്രിയിലും സംഘം സന്ദർശനം നടത്തി.

നീതി ആയോഗ് അഡ്വൈസര്‍ ഡോക്ടര്‍ യോഗേഷ് ഷൂരിയുടെ നേതൃത്വത്തിൽ നാല് അംഗ സംഘമാണ് ജില്ലയില്‍ പ്രളയക്കെടുതി വിലയിരുത്തുന്നത്. ജില്ല കലക്ടര്‍ ടി.വി അനുപമയും ജില്ല ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രതിനിധികളും കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര ജോയിന്‍റ് സെക്രട്ടറി എ.വി ധര്‍മ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചക്ക് ശേഷം കോഴിക്കോട് ജില്ലയില്‍ സന്ദര്‍ശനമാരംഭിക്കും.

കണ്ണപ്പന്‍കുണ്ട്, കരിഞ്ചോലമല, തിരുവമ്പാടി, കൂടരഞ്ഞി, വയനാട് ചുരം എന്നിവിടങ്ങളിലാണ് സംഘമെത്തുക. ഈ മാസം 24 വരെ പ്രളയബാധിത മേഖലകളിൽ സംഘം സന്ദർശനം നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more