ബർമിംഗ്ഹാം BCMC യുടെ വെള്ളി നക്ഷത്രങ്ങളായ ഫിയോണ ജോയിയും സഹോദരൻ ഫെയിൻ ജോയിയും ഇന്ന് വ്യാഴാഴ്ച (23/07/2020) 5 PM ന് “Let’s Break it Together” ൽ ദേവസംഗീതത്തിൻ്റെ മേളപ്പൊലിമ തീർക്കും…..
Jul 23, 2020
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
ബർമിംഗ്ഹാം BCMC യുടെ വെള്ളി നക്ഷത്രങ്ങളായ ഫിയോണ ജോയിയും സഹോദരൻ ഫെയിൻ ജോയിയും ഇന്ന് വ്യാഴാഴ്ച (23/07/2020) 5 PM ന് “Let’s Break it Together” ൻ്റെ സംഗീത സായാഹ്നത്തിൽ ദേവസംഗീതത്തിൻ്റെ മേളപ്പൊലിമ തീർക്കാനെത്തുന്നു. യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന് ജൂലൈ 23 വ്യാഴാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) അഴകിന്റെ വാദ്യ വിസ്മയം തീർക്കാൻ എത്തുന്നത് ബർമിംഗ്ഹാം BCMC യുടെ ഫിയോണ ജോയിയും സഹോദരൻ ഫെയിൻ ജോയിയുമാണ്.
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ പാട്ടിന്റെ വിരുന്നൊരുക്കാൻ എത്തുന്ന ഫിയോണ വയലിനിലും ഫെയിൻ പിയാനോയിലും ആയിരിക്കും നമ്മെ ആനന്ദിപ്പിക്കുന്നത്.
ബർമിംഗ്ഹാം സെന്റ്. പോൾസ് സ്കൂൾ ഫോർ ഗേൾസിലെ ഇയർ 10 വിദ്യാർത്ഥിനിയായ ഫിയോണ യുക്മ കലാമേളകളിലെ സ്ഥിര സാന്നിദ്ധ്യമാണ്.യു കെ യിലെമ്പാടുമായി നിരവധി വേദികളിൽ തന്റെ പ്രതിഭ പ്രകടിപ്പിച്ചിട്ടുള്ള ഈ 15 വയസ്സ്കാരി യുക്മ കലാമേളകളിൽ ഡാൻസിനും സോളോ സോങ്ങിനും നിരവധി തവണ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. Fiona Joy എന്ന യു ട്യൂബ് ചാനലിലൂടെ തന്റെ കലാപ്രകടനങ്ങൾ ആസ്വാദകരിലെത്തിക്കുന്ന ഫിയോണ ബൈബിൾ കലോത്സവ വേദികളിൽ നിരവധി തവണ വയലിൻ വിഭാഗത്തിൽ സമ്മാനാർഹയായിട്ടുണ്ട്. വയലിൻ ഗ്രേഡ് നാലിൽ പരിശീലനം തുടരുന്ന ഫിയോണ സംഗീത വഴിയിൽ കൂടുതൽ ഉയരങ്ങളിലെത്താനുള്ള ഉറച്ച തീരുമാനത്തിലാണ്.
ഫിയോണയുടെ കുഞ്ഞനുജൻ 11 വയസ്സ്കാരൻ ഫെയിൻ ചേച്ചിയോടൊപ്പം സംഗീതലോകത്ത് ചുവടുറപ്പിക്കുകയാണ്. ബർമിംഗ്ഹാം, കിറ്റ്സ് ഗ്രീൻ ഔവ്വർ ലേഡീസ് കാത്തലിക് പ്രൈമറി സ്കൂൾ ഇയർ 6 വിദ്യാർത്ഥിയായ ഫെയിൻ പിയാനോ ഗ്രേഡ് നാലിൽ പരിശീലനം തുടരുകയാണ്. ബർമിംഗ്ഹാമിലെ ജോയി ജോൺ – മിനി ജോയി ദമ്പതികളുടെ മക്കളാണ് ഈ കലാമുകുളങ്ങൾ.യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ ബർമിംങ്ഹാം BCMC യിലെ സജീവാംഗങ്ങളാണ് ഈ കുടുംബം.
പാട്ടരങ്ങുകളിൽ സംഗീതത്തിന്റെ പൊൻകിരണങ്ങൾ വീശുന്ന ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ ഇന്ന് (23/07/2020) വ്യാഴാഴ്ച 5PM ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages