1 GBP = 103.87
breaking news

ജീവന്റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫന്‍

ജീവന്റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫന്‍

ന്യൂയോര്‍ക്ക്: സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ന്യുയോര്‍ക്കി ല്‍ നടന്ന 2016 ലെ ത്രിദിന വാര്‍ഷിക കണ്‍വന്‍ഷന്‍, സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് , ജൂബിലി മെമ്മോറിയല്‍ സി എസ് ഐ ചര്‍ച്ച് എന്നിവിടങ്ങളില്‍ വെച്ച് ഒരിക്കലും മറക്കാനാവാത്ത ദൈവാനുഭവങ്ങളുടെ പെരുമഴയായി പെയ്ത്, അനുഗ്രഹസന്ദേശങ്ങളുടെ ആത്മീയ ആഘോഷങ്ങളോടെ പൂര്‍ത്തിയായി. ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫനായിരുന്നു ഈ വര്‍ഷത്തെ മുഖ്യാതിഥി.

” വെള്ളം വീഞ്ഞാവുന്നതുപോലെ, ദൈവം ചില ജീവിതങ്ങളെ തൊടുമ്പോള്‍ അത്ഭുതം സംഭവിക്കുന്നു. ആ മഹാഗുരുവിന്റെ സ്പര്‍ശനമാണ് നമ്മളില്‍ മാറ്റമുണ്ടാക്കേണ്ടത്. ഒരു ദിവസത്തെ ഉപജീവനത്തിനു വേണ്ടി മീന്‍ ചോദിക്കുമ്പോള്‍, ക്രിസ്തു അവര്‍ക്ക് ചാകര സമ്മാനിക്കുന്നു. അതു പോലെ സ്വപ്നം കാണാന്‍ പോലുമാകാത്ത ഇടങ്ങളിലെക്കാണവന്‍ നമ്മെ ഓരോ ദിവസവും കൈപിടിച്ചു കൊണ്ടുപോകുന്നത്. പ്രാര്‍ത്ഥനയും ദൈവാനുഗ്രഹവും എന്നെ ഇത്രത്തോളം വളര്‍ത്തിയെന്ന് ഒരിക്കല്‍ പറഞ്ഞവര്‍, പിന്നീട് അഹങ്കാരവും, അധികാരവും, ആര്‍ഭാടവും, അഭിനിവേശങ്ങളും, സമ്പത്തും ലഹരിയാക്കി ആദ്യബോധ്യങ്ങളില്‍ നിന്ന് മടങ്ങിപ്പോവുന്നു.

ഒരിക്കല്‍ വീഞ്ഞായി മാറിയ ദൈവാനുഭവങ്ങള്‍ പച്ചവെള്ളമായി മാറുമെന്നും ഓര്‍ക്കുക. ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട് പറയേണ്ടവര്‍ ഇത്തരം വറ്റിപ്പോകുന്ന ചെറിയ ലഹരികളില്‍ കുരുങ്ങിക്കൂടാ. ദൈവം നല്കിയ സ്നേഹത്തിന്റെ നല്ല വീഞ്ഞ്, പങ്കാളിയും മക്കളുമാണെന്ന തിരിച്ചറിവോടെ ജീവിക്കുക, അവസാനം വരെ ആ നല്ല വീഞ്ഞ് സൂക്ഷിക്കുക, ഒപ്പം ഭൂമിയോട് മുഴുവന്‍ സഹാനുഭൂതിയുള്ളവരായിരിക്കുക. അങ്ങനെ നമ്മെക്കുറിച്ചുള്ള ദൈവീക പദ്ധതി പൂര്‍ത്തിയാക്കി ജീവന്റെ നല്ല ഭാഗം കണ്ടെത്തുക” യെന്നും സണ്ണി സ്റ്റീഫന്‍ തന്റെ തിരുവചന സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.

” നിഷ്‌കളങ്കവും, സുഗന്ധപൂരിതവും, പ്രായോഗികവുമായ തിരുവചനത്തിന്റെ മറക്കാനാവാത്ത മൂന്നു നാള്‍, ഇത്രയേറെ മനുഷ്യ ജീവിതത്തോടു ചേര്‍ന്നു നടന്ന്, മനസ്സിന്റെ ആഴങ്ങളില്‍ തൊട്ട് വചനവിരുന്നു നല്കുന്നവര്‍ അപൂര്‍വ്വം. പങ്കെടുത്തവര്‍ ഒന്നടങ്കം ആത്മാവിന്റെ ആഴങ്ങളില്‍ ദൈവ സ്നേഹാനുഭവത്തിന്റെ നിറഞ്ഞ തലോടല്‍ ആസ്വദിച്ചു”വെന്നും സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രസിഡന്റ് റവ. ഫാ. ജോണ്‍ തോമസ്, സണ്ണി സ്റ്റീഫനു കൃതജ്ഞത പ്രകാശിപ്പിച്ചു കൊണ്ട് പറഞ്ഞു.

വൈസ് പ്രസിഡന്റ് റവ. ഫാ. ബിജു വി ജോണ്‍ കൂടാതെ റവ. ഐസക്ക് പി കുര്യന്‍, റവ. റോബിന്‍ ഐപ്പ്, റവ. ഡോ. വര്‍ഗീസ് പ്ലാന്തോട്ടം എന്നിവരും സന്നിഹിതരായിരുന്നു. സെക്രട്ടറി ശ്രീ ജോണ്‍ താമരവേലില്‍ എക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. ശ്രീ. ജോര്‍ജ് തോമസ്, സുരേഷ് ജോണ്‍, ലിറ്റി ജോണ്‍സണ്‍, ഷെറിന്‍ എബ്രഹാം, ജെസ്സി വിത്സണ്‍, മിനി എസ് കോശി, ജെസ്സി ജേക്കബ്, ഗീവര്‍ഗീസ് മാത്യുസ്, കോശി കുഞ്ഞുമ്മന്‍, ഡോണ്‍ തോമസ്, ജോസ് മാത്യു, ജോളി എബ്രഹാം, ജോണ്‍ വര്‍ഗീസ്, ജോസഫ് വി തോമസ്, ബോബിന്‍ വര്‍ഗീസ്, ബിജു വര്‍ഗീസ് , ജോസ് തോമസ്, ജിബി മാത്യു, ജിന്‍സണ്‍ പത്രോസ്, സിബു ജേക്കബ്, ഡോ. ജോര്‍ജ് വര്‍ഗീസ്, ജോണ്‍ വര്‍ക്കി, ജയാ കെ വര്‍ഗീസ്, അനീഷ് കെ ജോസ്, തോമസ് ജേക്കബ്, തോമസ് തടത്തില്‍, തോമസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കിയ വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന് ആവശ്യമായ ക്രമീകരണങ്ങള്‍ നല്‍കി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more