1 GBP = 104.04
breaking news

കോവിഡ് 19: ഒറ്റക്കെട്ടായി നേരിടാം; യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം സജീവമാക്കുന്നു…

കോവിഡ് 19: ഒറ്റക്കെട്ടായി നേരിടാം; യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം സജീവമാക്കുന്നു…
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ബ്രിട്ടണില്‍ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മലയാളി സമൂഹത്തില്‍ വിഷമതയനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിന് യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് ന്റെ നേതൃത്വത്തില്‍ ദേശീയ ഭരണസമിതിയും റീജണല്‍ കമ്മറ്റികളും അംഗ അസോസിയേഷനുകളെ അണിചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അറിയിച്ചു. ഇതിന്റെ ആദ്യ പടിയായി യുക്മ അംഗ അസോസിയേഷനുകള്‍ പ്രാദേശികമായി അതാത് സ്ഥലങ്ങളിലുള്ള വിവിധ സംഘടനകളെയും ഉള്‍പ്പെടുത്തി കോവിഡ്-19 ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എല്ലാ അംഗ അസോസിയേഷനുകള്‍ക്കും കഴിഞ്ഞ ദിവസം ഇ-മെയില്‍ അയച്ചു.
പ്രിയ സ്നേഹിതരെ, അസോസിയേഷന്‍ ഭാരവാഹികളെ, യുക്മ പ്രതിനിധികളെ,
കോവിഡ് – 19 (കൊറോണാ വൈറസ്) മനുഷ്യവംശത്തിന് വ്യാപകമായരീതിയില്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അഴിഞ്ഞാടുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തതയോ കൃത്യമായ ദിശാബോധമോ ഇല്ലാതെ ലോകരാഷ്ട്രങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുന്നു. പരസ്പരം കൈത്താങ്ങായല്ലാതെ ജീവന് നിലനില്‍പ്പില്ല എന്ന് ലോകം വീണ്ടും തിരിച്ചറിയുകയാണ്. യുദ്ധസമാനമായ സാഹചര്യം നേരിടാന്‍ നാമോരോരുത്തരും തയ്യാറാകേണ്ട സമയമാണിത്.
ബ്രിട്ടനിലെ സര്‍ക്കാര്‍  കൊറോണ വ്യാപനം തടയാന്‍ എടുക്കുന്ന നടപടികള്‍ക്കൊപ്പം, നമ്മള്‍ ജീവിക്കുന്ന പ്രാദേശീക സമൂഹത്തില്‍ സാധ്യമായ സഹായങ്ങളും മുന്‍കരുതലുകളും ഉറപ്പുവരുത്തുവാന്‍ യുക്മ അംഗ അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും മുന്‍കൈ എടുക്കണമെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തട്ടെ. നാളെ എന്തുസംഭവിക്കും എന്നതിന് യാതൊരു ഉറപ്പും ഇല്ലാത്ത ഈ സാഹചര്യത്തില്‍, നമ്മുടെ സാമൂഹ്യ ഉത്തരവാദിത്തത്തില്‍നിന്നും നമുക്ക് മാറിനില്‍ക്കുവാന്‍ കഴിയില്ല.
ഈ ദിവസങ്ങളില്‍ ബ്രിട്ടനില്‍ “ക്വാറന്റീന്‍”, “സെല്‍ഫ് ഐസൊലേഷന്‍” തുടങ്ങിയ നാമങ്ങളില്‍ അറിയപ്പെടുന്ന ഏകാന്ത വാസം നിര്‍ബന്ധിതമാക്കപ്പെടുവാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണല്ലോ. രോഗവ്യാപനം തടയുകയാണിവിടെ പ്രധാനമായും ലക്ഷ്യമിടുക. രോഗ ബാധിതരും, ഇതര രോഗങ്ങള്‍ നിലവില്‍ ഉള്ളവരും മൂന്ന് മാസത്തോളം ഏകാന്ത വാസത്തിന് വിധിക്കപ്പെടുമ്പോള്‍, അതിന്റെ പ്രത്യാഘാതം നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറമാണ്.
പ്രാദേശികമായി, പ്രധാനമായും മലയാളി സാമൂഹത്തില്‍, ഇത്തരം സാഹചര്യം നേരിടുന്ന കുടുംബങ്ങളെ സഹായിക്കേണ്ട ബാധ്യത പ്രാദേശീക മലയാളി അസോസിയേഷനുകള്‍ ഏറ്റെടുക്കണമെന്ന് യുക്മ അംഗ അസോസിയേഷന്‍ നേതൃത്വത്തെ വിനീതമായി ഓര്‍മ്മപ്പെടുത്തട്ടെ. അങ്ങനെ ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബങ്ങളില്‍ ഭക്ഷണം, ഭക്ഷണ സാമഗ്രികള്‍, മരുന്നുകള്‍ ഉള്‍പ്പെടയുള്ള അവശ്യ വസ്തുക്കള്‍   തുടങ്ങിയവ  ലഭ്യമാണെന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. അത്തരം കുടുംബങ്ങള്‍ അസോസിയേഷന്‍ അംഗങ്ങളാണോ, ഏതു അസോസിയേഷനിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതൊന്നും നമുക്കിവിടെ ഒരു പ്രശനം ആകുവാന്‍ പാടുള്ളതല്ല.  അതിജീവനത്തിനായി പോരടിക്കുന്ന ഒരുസമൂഹം മാത്രമേ നമ്മുടെ മുന്നിലുള്ളൂ.
അതോടൊപ്പം തന്നെ വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരെയും, സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെയും നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ഒരു ചെറിയ അശ്രദ്ധ ഒരുജീവന്‍ നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവാതിരിക്കുവാന്‍ പ്രാദേശീക അസോസിയേഷന്‍ നേതൃത്വം കൂട്ടായ പ്രവര്‍ത്തനം കാഴ്ചവക്കണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ ജീവിക്കുന്ന പ്രാദേശീക സമൂഹത്തിന്റെ ഭാഗമായ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ഭാഷക്കാരുമായ കുടുംബങ്ങളെയും സഹായിക്കാനുള്ള അവസരങ്ങള്‍ വിനിയോഗിക്കണമെന്നുകൂടി ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തട്ടെ.
ഒഴിച്ചുകൂടാനാവാത്ത ഈ സാമൂഹ്യ ഉത്തരവാദിത്തം നമുക്ക്  ഒറ്റക്കെട്ടായി ഏറ്റെടുത്ത് ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കാം. അതിജീവനത്തിന്റെ വ്യത്യസ്തങ്ങളായ വഴികളില്‍ കൂടി ഈ പ്രവാസ ലോകത്ത് എത്തിയിരിക്കുന്ന നമുക്ക് മുന്നില്‍ കാലം ഉയര്‍ത്തിയിരിക്കുന്നു മറ്റൊരു കനത്ത വെല്ലുവിളിയും നാം ഏറ്റെടുത്തു വിജയിപ്പിച്ചേ മതിയാകൂ.  നമ്മുടെ വരുംതലമുറകള്‍ക്കായി നമുക്കത് ചെയ്ത് മാതൃകയാകാം.
സ്നേഹാശംസകളോടെ,
യുക്മ ദേശീയ കമ്മറ്റി
യുക്മയുടെ ജീവകാരുണ്യ സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരിക്കും കോവിഡ്-19 ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ടിറ്റോ തോമസ്, ഷാജി തോമസ്, വര്‍ഗ്ഗീസ് ഡാനിയേല്‍,ബൈജു തോമസ് എന്നിവരാവും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ടിറ്റോ തോമസ് – 07723956930
ഷാജി തോമസ് – 07737736549
വർഗ്ഗീസ് ഡാനിയേൽ – 07882712049
ബൈജു തോമസ് – 07825642000

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more