1 GBP = 104.02

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനുള്ള വിലക്ക് പിൻവലിച്ച് ഫിഫ

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനുള്ള വിലക്ക് പിൻവലിച്ച് ഫിഫ

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയിരുന്ന (എഐഎഫ്എഫ്) വിലക്ക് ഫിഫ പിൻവലിച്ചു. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഇന്ത്യയിൽ തന്നെ നടക്കും. ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി പിരിച്ചു വിട്ടുവെന്ന് സ്ഥിരീകരണം ലഭിച്ചതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കുന്നതെന്ന് ഫിഫ അറിയിച്ചു.

താത്കാലിക സമിതി സുപ്രിംകോടതി പിരിച്ച് വിട്ടതിന് പിന്നാലെയാണ് ഫിഫയുടെ നടപടി. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറൽ സുനന്ദോ ധറിനു കൈമാറിക്കൊണ്ടാണ് സുപ്രിംകോടതി ഉത്തരവിറക്കിയത്. എക്‌സിക്യൂട്ടീവ് കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 28 ആയിരുന്നു. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എക്‌സിക്യൂട്ടിവ് കൗൺസിലിൽ ആകെ 23 അംഗങ്ങളാണ് ഉള്ളത്. ഇതിൽ പതിനേഴ് അംഗങ്ങളെ തിരഞ്ഞെടുക്കണം. 6 സ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട താരങ്ങളെ നോമിനേറ്റ് ചെയ്യും. ഇതിൽ നാല് പുരുഷന്മാരും രണ്ട് വനിതകളും വേണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

എഐഎഫ്എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് പ്രസിഡൻ്റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രിം കോടതി ഇടപെട്ടാണ് പുറത്താക്കിയത്. പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്. ഇതായിരുന്നു എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം.

ദേശീയ ഫെഡറേഷനുകൾക്ക് അംഗീകാരം നൽകേണ്ടത് തങ്ങളാണെന്നും അതിൽ മറ്റ് ഘടകങ്ങൾ ഇടപെട്ടാൽ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിലക്കിനെ തുടർന്ന് എഎഫ് സി കപ്പിൽ പങ്കെടുക്കാനായി ഉസ്ബക്കിസ്ഥാനിലെത്തിയ ഗോകുലം കേരള വനിതാ ടീം ടൂർണമെൻ്റിൽ പങ്കെടുക്കാതെ തിരികെ നാട്ടിലെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more