1 GBP = 103.94

ഫിഫ അണ്ടർ-17 ലോകകപ്പിന് ഇന്ന് തുടക്കം

ഫിഫ അണ്ടർ-17 ലോകകപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി : ലോക കായിക ചരിത്രത്തിൽ ഇന്ത്യയുടെ നാമം തങ്കലിപികളിൽ എഴുതിച്ചേർക്കുന്ന സുവർണ മുഹൂർത്തം പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകിട്ട് 5ന് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും മുംബയ് ഡിവൈ പട്ടീൽ സ്റ്റേഡിയത്തിലുമായി ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ആദ്യമത്സരങ്ങൾക്ക് വിസിൽ മുഴങ്ങുമ്പോൾ രാജ്യം മുഴുവൻ ഫുട്ബാൾ ലഹരിയിലാവും.

സിരകളിൽ ആവേശമുണർത്തുന്ന കാൽപ്പന്തുകളിയുടെ ഗതിവേഗങ്ങൾക്ക് ഇനി കൊച്ചിയും സാക്ഷിയാകും. ആതിഥേയരെന്ന നിലയിൽ ആദ്യമായൊരു ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുന്ന ഇന്ത്യൻ ടീം ഇന്ന് വൈകിട്ട് എട്ടിന് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കരുത്തരായ അമേരിക്കയ്ക്കെതിരെ ബൂട്ടുകെട്ടിയിറങ്ങും. ഈ മാസം 28ന് കൊൽക്കത്തയിലാണ് കൗമാര കായിക മാമാങ്കത്തിന്റെ കലാശക്കൊട്ട്.

ആദ്യമായാണ് ഇന്ത്യ ഒരു ഫിഫ ലോകകപ്പിന് ആതിഥേയരാകുന്നത്. ഏത് പ്രായവിഭാഗത്തിലും ഇന്ത്യൻ ജഴ്സി അണിയാൻ അവസരം ലഭിക്കുന്ന ആദ്യ ലോകകപ്പുമാണിത്. ന്യൂഡൽഹി, കൊച്ചി, മുംബയ്, ഗോവ, കൊൽക്കത്ത, ഗോഹട്ടി എന്നിങ്ങനെ ആറ് നഗരങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ലോകകപ്പ് മത്സരങ്ങൾ. നാളെയാണ് കൊച്ചിയിലെ ആദ്യമത്സരം.

എല്ലാ വൻകരകളിൽ നിന്നുമായി 24 ടീമുകളാണ് ടൂർണമെന്റിൽ മത്സരക്കാൻ എത്തിയിരിക്കുന്നത്. ഏഷ്യയിൽ നിന്ന് ജപ്പാൻ, ഇറാഖ്, ഇറാൻ, ഉത്തരകൊറിയ എന്നീ ടീമുകളാണ് മത്സരിക്കുന്നത്.
യൂറോപ്പിൽ നിന്ന് ഇംഗ്ളണ്ട്, ഫ്രാൻസ്, ജർമ്മനി, സ്പെയ്ൻ, തുർക്കി തുടങ്ങിയ വൻകിട ടീമുകൾ എത്തുന്നു. ബ്രസീൽ, ചിലി, കൊളംബിയ, പരാഗ്വേ എന്നിവരാണ് ലാറ്റിനമേരിക്കൻ പ്രതിനിധികൾ. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകകപ്പിന്റെ ഒൗദ്യോഗിക ഉദ്ഘാടനം നടത്തും.

ഇന്നത്തെ മത്സരങ്ങൾ
ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം
കൊളംബിയ Vs ഘാന (വൈകിട്ട് 5 മുതൽ)
ഇന്ത്യ Vs യു.എസ്.എ (രാത്രി 8 മുതൽ)
മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയം
ന്യൂസിലൻഡ് Vs തുർക്കി (വൈകിട്ട് 5 മുതൽ)
പരാഗ്വേ Vs മാലി (രാത്രി 8 മുതൽ)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more