1 GBP = 103.69
breaking news

നിയമങ്ങൾ ലംഘിച്ചു; ഇന്ത്യയെ വിലക്കി ഫിഫ

നിയമങ്ങൾ ലംഘിച്ചു; ഇന്ത്യയെ വിലക്കി ഫിഫ

ദുബൈ: ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ഫിഫയുടെ വിലക്ക്. നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ലോക ഫുട്ബാൾ ഭരണസമിതി വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 വനിത ലോകകപ്പ് അനിശ്ചിതത്വത്തിലായി. 

അസോസിയേഷൻ ഭരണത്തിൽ പുറത്ത് നിന്നുണ്ടായ ഇടപെടലാണ് വിലക്കിനു കാരണം. എ.ഐ.എഫ്.എഫിന് സുപ്രീംകോടതി ഒരു താൽക്കാലിക ഭരണസമിതി വച്ചിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്ന് ഫിഫ പ്രസ്താവനയിൽ വ്യക്തമാക്കി. 

ഒക്ടോബർ 11 മുതൽ 30 വരെയാണ് വനിത ലോകകപ്പ് നടക്കുന്നത്. 2020ൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡിനെ തുടർന്ന് മാറ്റിവെക്കുകയുമായിരുന്നു. ഫിഫ കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. 

എ.എഫ്‌.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പ്, എ.എഫ്‌.സി കപ്പ്, എ.എഫ്‌.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഇന്ത്യൻ ക്ലബുകൾക്ക് പങ്കെടുക്കാനാകില്ല. 2020ല്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനു പിന്നാലെ എ.ഐ.എഫ്.എഫിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം താറുമാറായതിനു പിന്നാലെയാണ് നടത്തിപ്പിന് സുപ്രീംകോടതി താൽകാലിക ഭരണസമിതിയെ നിയോഗിച്ചത്. 

മുൻ ജസ്റ്റിസ് അനിൽ ആർ ദവെ, ഡോ. എസ്.വൈ. ഖുറേഷി, മുൻ ഇന്ത്യൻ താരം ഭാസ്കർ ഗാംഗുലി എന്നിവരടങ്ങുന്ന ഭരണസമിതിയെയാണ് സുപീംകോടതി നിയോഗിച്ചത്. ഉടൻ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ ഫിഫ ഇടപെട്ടിരുന്നു. ഫിഫയുടെ നയങ്ങൾക്കു വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഫുട്ബാൾ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടർ -17 വനിത ലോകകപ്പ് വേദി മാറ്റുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. 

പിന്നാലെയാണ് ഫിഫയുടെ നടപടി. ഈ മാസം 28ന് തെരഞ്ഞെടുപ്പു നടത്താനാണ് സുപ്രീംകോടതിയുടെ വിധി. ദൈനംദിന കാര്യങ്ങളുടെ പൂർണ നിയന്ത്രണം എ.ഐ.എഫ്.എഫ് വീണ്ടെടുക്കുന്നതുവരെ വിലക്ക് നിലനിൽക്കുമെന്ന് ഫിഫ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more