1 GBP = 103.87

അഖിലയായി കോളേജിൽ പഠിക്കും, ഷെഫിനെ കാണാൻ അനുവദിക്കുമെന്ന് പ്രിൻസിപ്പൽ

അഖിലയായി കോളേജിൽ പഠിക്കും, ഷെഫിനെ കാണാൻ അനുവദിക്കുമെന്ന് പ്രിൻസിപ്പൽ

സേലം: സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മെഡിക്കൽ പഠനം പൂർത്തീകരിക്കാനായി അഖിലയെന്ന ഹാദിയ സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളേജിലെത്തി. പഠനം തുടരുന്നതിന് ആവശ്യമായ അപേക്ഷ ഇന്ന് കോളേജിൽ സമർപ്പിക്കും. വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ഒരു സംഘം ഹാദിയയെ സ്വീകരിക്കാൻ കോളേജിലെത്തി. കഴിഞ്ഞ ദിവസം ഹോസ്‌റ്റലിൽ എത്തിയ ഹാദിയയെ കാണാൻ നിന്നവർ മുദ്രാവാക്യം വിളിച്ചത് പൊലീസ് ഇടപെട്ട് വിലക്കിയിരുന്നു. എന്നാൽ ഹാദിയ കോളേജിൽ പഠിക്കുന്നത് അഖിലയെന്ന പേരിലായിരിക്കുമെന്ന് കോളേജ് ഡീൻ പ്രതികരിച്ചു.
2011ൽ കോളേജിൽ പഠിക്കുമ്പോൾ തികച്ചും നാണം കുണുങ്ങിയും അന്തർമുഖയുമായിരുന്നു ഹാദിയയെന്ന് അദ്ധ്യാപകർ ഓർക്കുന്നു. ഹാദിയ നാലര വർഷത്തെ തന്റെ ഹോമിയോ പഠനം പൂർത്തിയാക്കിയെങ്കിലും 11 മാസത്തെ ഇന്റേൺഷിപ്പ് അഥവാ ഹൗസ് സർജൻസിയിൽ പങ്കെടുത്തിരുന്നില്ല. അഖിലയിൽ നിന്നും ഹാദിയയിലേക്കുള്ള അവളുടെ യാത്രയെക്കുറിച്ച് കോളേജിലാർക്കും വ്യക്തമായ വിവരമില്ല.

2015ൽ വ്യക്തിപരമായ കാരണങ്ങളുണ്ടെന്ന് കാട്ടിയാണ് ഹാദിയ കോളേജ് വിട്ടതെന്ന് കോളേജ് മാനേജിംഗ് ഡയറക്‌ടർ കൽപ്പന ജിവരാജ് പറഞ്ഞു. അവരെ തിരിച്ച് സ്വാഗതം ചെയ്യാൻ സന്തോഷമേയുള്ളൂ. ഹാദിയയ്‌ക്ക് മതിയായ സുരക്ഷിതത്വം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി. അതേസമയം, ഹാദിയ തടസമൊന്നും കൂടാതെ പഠനം പൂർത്തിയാക്കുന്നത് ഉറപ്പുവരുത്തുമെന്ന് കോളേജ് ഡീൻ ജി.കണ്ണൻ പറഞ്ഞു. അഖിലയെന്ന പേരിലാണ് അവർ കോളേജിൽ ചേർന്നിരിക്കുന്നത്. ഈ പേരിൽ തന്നെ അവർ കോളേജിൽ പഠനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹാദിയയെ കാണാൻ ഷെഫിൻ ജഹാനെ അനുവദിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. തന്റെ അനുമതിയോടെ ഹാദിയയെ കാണാൻ ഷെഫിൻ ജഹാനടക്കം ആരെയും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more