നവീന്‍ തോമസ്
എക്സിറ്റര്‍ : ലണ്ടന്‍ ശ്രുതിലയയുടെ അനുഗ്രഹീത കലാകാരന്മാര്‍ ഒരുക്കിയ സംഗീത രാവില്‍ ശ്രോതക്കള്‍ മതിമറന്ന് ആനന്ദത്തില്‍ തിമര്‍ത്തപ്പോള്‍ എക്സിറ്റര്‍ മലയാളീസ് നടന്നുകയറിയത് അവര്‍ അന്നുവരെ കാണാത്ത ജനപങ്കാളിത്വത്തിന്റെയും സഹകരണത്തിന്റെയും ഐക്യത്തിന്റെയും ചരിത്ര മുഹൂര്‍ത്തത്തിലേക്ക് ആയിരുന്നു.
ജനുവരി മാസം 14-ാം തീയതി വൈകുന്നേരം എക്സിറ്റര്‍ മലയാളി അസോസിയേഷന്‍ (ഇമ) പ്രസിഡന്റ് സാബു എബ്രാഹിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ മോഹന്‍ കുമാറും നാട്ടില്‍ നിന്നും എത്തിചേര്‍ന്ന പ്രിയ മാതാപിതാക്കളും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി ആരംഭിച്ച ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ സംഘടനയുടെ ശക്തമായ നേതൃത്വ പാടവത്തിന്റെ നല്ലൊരു ഉദാഹരണം കൂടിയായിരുന്നു എന്നു വേണം കരുതാന്‍.

ഇമയുടെ ആരംഭകാലം തൊട്ട് സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന മോഹന്‍ കുമാറിന്റെ അഭിപ്രായത്തില്‍ ജന പങ്കാളിത്വം കൊണ്ട് അസോസിയേഷന്‍ സംഘടിപ്പിച്ച ഏറ്റവും വലതും മനോഹരവുമായ പരിപാടിയായിരുന്നു ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷം.
ഇമയുടെ ആരംഭകാലം തൊട്ട് സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന മോഹന്‍കുമാറിന്റെ അഭിപ്രായത്തില്‍ ജന പങ്കാളിത്വം കൊണ്ട് അസോസിയേഷന്‍ സംഘടിപ്പിച്ച ഏറ്റവും വലതും മനോഹരവുമായ പരിപാടിയായിരുന്നു ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷം.

ചടങ്ങില്‍ മുഖ്യസന്ദേശം നടത്തിയ ഇമാ അംഗം ഷിബു സേവ്യറിന്റെ പിതൃസഹോദരനും പ്രശസ്തമായ കോടനാട് ക്ലബ്ബിന്റെ പ്രസിഡന്റുമായ വറുഗീസ് കടലുകള്‍ക്ക് അപ്പുറത്തു നിന്ന് എത്തി പിറന്ന നാടിന്റെ പൈതൃകവും സംസ്‌ക്കാരവും കാത്തു സൂക്ഷിക്കാന്‍ എല്ലാം തിരുക്കുകളും മാറ്റിവച്ച് ഇതു പോലെ ഒത്ത് ചേരുന്ന മലയാളി കൂട്ടായ്മയെ അഭിമാനത്തോടെ നോക്കി കാണാനേ കഴിയു എന്ന് പറഞ്ഞു. അതോടൊപ്പം തന്നെ ഇംഗ്ലീഷുകാര്‍ അവരുടെ വീടുകള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടാലും ഇടിച്ചു പൊളിച്ച് കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടി പൊക്കാതെ ജീവിക്കുന്നതു പോലെ നമ്മുടെ നാട്ടിലും പ്രകൃതിക്കു നാശം സംഭവിക്കാത്ത നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കാന്‍ ബോധവത്കരണത്തിനു നമ്മള്‍ തയ്യാറാകണം എന്ന് റിട്ടയേര്‍ഡ് ഫോറസ്റ്റ് റേഞ്ചര്‍ കൂടിയായ ശ്രീ.വറുഗീസ് ഉദ്ബോധിപ്പിച്ചു.

തുടര്‍ന്ന് നടന്ന വാര്‍ഷിക റിപ്പോര്‍ട്ട് അവതരണത്തില്‍ സെക്രട്ടറി റോബി വറുഗീസ്, അടുത്ത കാലത്ത് സംഘടന നേരിട്ട വെല്ലുവിളികളെ നേരിടാന്‍ ചെയര്‍മാന്റെയും പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ പക്വതയോടെ നടന്ന ഇടപ്പെടലുകളെ എടുത്തു പറയുകയും, അതോടൊപ്പം ഐക്യത്തോടെ പ്രവര്‍ത്തിച്ച കമ്മറ്റി അംഗങ്ങള്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പരിപാടിയുടെ മുഖ്യ ആകര്‍ഷണം ശ്രുതിലയയുടെ ഗാനമേളയായിരുന്നെങ്കിലും കുമാരി സേറാ ഷിജുമോന്‍ അണിയിച്ചൊരുക്കി റൂബി, റിന്‍സി, സ്മിതാ, സ്വപ്ന എന്നിവര്‍ അടങ്ങിയ സീനിയര്‍ ലേഡിസിന്റെ സംഘനൃത്തവും ജോബി, സോജ്, പ്രദീപ്കുമാര്‍ എന്നിവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും, റോബിയുടെ ബ്രേക്ക് ഡാന്‍സും സദസ് നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ശ്രുതിലയയുടെ സംഘം മണിക്കൂറോളം ഒരു ഗാനമഴയായി
പെയ്തിറങ്ങുകയായിരുന്നു.

സദസ്സ് ഒന്നടങ്കം ആ മഴയില്‍ ആടി തിമര്‍ക്കുകയും ചെയ്തു. ആലാപനം നിറുത്തുവാന്‍ ഗായകരും പിരിഞ്ഞുപോകാന്‍ ആസ്വാദകരും തയ്യാറല്ലെങ്കിലും സമയം ഒരു വില്ലനായി മാറിയപ്പോള്‍ ഭാരവാഹികള്‍ക്ക് പരിപാടികള്‍
അവസാനിപ്പിക്കേണ്ടതായി വന്നു.
ചടങ്ങില്‍, വൈസ് പ്രസിഡന്റ് ആനീസ് ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി രഞ്ജിത് പിള്ള നന്ദിയും പറഞ്ഞു. ഇമയുടെ ഈ വര്‍ഷത്തെ കലണ്ടറിന്റെ വിതരണ ഉദ്ഘാടനം ട്രഷറര്‍ ജോയി ജോണ്‍ നടത്തുകയുണ്ടായി. .
click on malayalam character to switch languages