1 GBP = 103.70

അവിസ്മരണീയമായ സംഗീത വിരുന്നൊരുക്കിയ കുഞ്ഞു മാലാഖമാർക്ക് പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം… ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന കുട്ടികളുടെ ലൈവ് ടാലൻ്റ് ഷോ “Let’s Break it Together” ലോക ശ്രദ്ധയാകർഷിച്ച് മുന്നേറുന്നു..

അവിസ്മരണീയമായ സംഗീത വിരുന്നൊരുക്കിയ കുഞ്ഞു മാലാഖമാർക്ക്  പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം… ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന  കുട്ടികളുടെ ലൈവ് ടാലൻ്റ് ഷോ “Let’s Break it Together”  ലോക ശ്രദ്ധയാകർഷിച്ച് മുന്നേറുന്നു..


കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)


തകർപ്പൻ പ്രകടനവുമായി ലിറ്റിൽ ഏയ്ഞ്ചൽസ് യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” ൽ നടത്തിയ കലാ സായാഹ്നത്തിന് ലോകമെമ്പാടുമുള്ള കലാസ്വാദകരിൽ നിന്നും നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം….കോവിഡ് 19 എന്ന മഹാമാരിക്ക് മുൻപിൽ വിറങ്ങലിച്ച് നിൽക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവൻ പോലും ത്യജിക്കാൻ തയ്യാറായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള മുൻനിര പ്രവർത്തകർക്ക് ആദരവും പിന്തുണയും അറിയിച്ച് കൊണ്ടുള്ള യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച് ലിറ്റിൽ ഏയ്ഞ്ചൽസ് യു കെ യ്ക്ക് പ്രേക്ഷകരുടെ മനം കവർന്നു.

 
യു.കെ യിലെ സുപ്രസിദ്ധ മ്യൂസിക് ബാന്റായ ലിറ്റിൽ ഏയ്ഞ്ചൽസിന്റെ തകർപ്പൻ പ്രകടനം പതിനായിരക്കണക്കിന് പ്രേക്ഷകരാണ് ഇതിനോടകം ആസ്വദിച്ചത്. ജെൻ പിപ്പ്സ് തങ്കത്തോണി, ജെം പിപ്പ്സ് തങ്കത്തോണി, ഡോൺ പിപ്പ്സ് തങ്കത്തോണി എന്നീ സഹോദരിമാർ ചേർന്ന് നടത്തിയ ലൈവ് ഷോ തുടക്കം മുതൽ അവസാനം വരെ അതി മനോഹരമായിരുന്നു.
വയലിൻ, കീ ബോർഡ്, കീറ്റാർ, ഡ്രംസ്, തബല എന്നിങ്ങനെ നിരവധി സംഗീതോപകരണങ്ങളുടെ സഹായത്തോടെ ലിറ്റിൽ ഏയ്ഞ്ചൽസ് പാടിയ വിവിധ ഭാഷകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ നിറഞ്ഞ മനസ്സോടെ കാണികൾ ഏറ്റെടുത്തതിന്റെ തെളിവായിരുന്നു ലൈവിൽ വന്ന നൂറ് കണക്കിന് അനുമോദന കമന്റുകൾ. യു കെ യിൽ അങ്ങോളമിങ്ങോളം നൂറ് കണക്കിന് വേദികളിൽ നിറഞ്ഞാടിയിട്ടുള്ള ലിറ്റിൽ ഏയ്ഞ്ചൽസ് യു കെ “LET’S BREAK IT TOGETHER” ന്റെ പ്രേക്ഷകരെ തങ്ങളുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ആനന്ദ സാഗരത്തിലാറാടിച്ചു.

പഠനത്തിനും സംഗീതത്തിനും നൃത്തത്തിനും ഒരേ പ്രാധാന്യം നൽകി മുന്നോട്ട് പോകുന്ന ഈ കൌമാര പ്രതിഭകളുടെ ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന കലാവിരുന്ന് “LET’S BREAK IT TOGETHER” ഷോയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചുവെന്ന് നിസ്സംശയം പറയാം. സമാപന ഗാനത്തിന് മുൻപായി ലൈവിൽ എത്തിയ മാതാപിതാക്കൾ ഡോ. പിപ്പ്സ് ജോസഫ് തങ്കത്തോണിയും ജിജി പിപ്പ്സും ലിറ്റിൽ ഏയ്ഞ്ചൽസിന് ഇങ്ങനെയൊരു അവസരം ഒരുക്കിയ യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും നന്ദി പറഞ്ഞു. യുക്മ കലാമേളകളിലൂടെയാണ് തന്റെ മക്കൾ മൂന്ന് പേരും വേദികളിലേയ്ക്ക് എത്തിയതെന്നുള്ള കാര്യം എടുത്ത് പറഞ്ഞ ഡോ. പിപ്പ്സ്,  വളർന്ന് വരുന്ന കലാ പ്രതിഭകൾക്ക് വേണ്ടി യുക്മ ഒരുക്കുന്ന എല്ലാ അവസരങ്ങൾക്കും നന്ദി പറഞ്ഞു.

 
എല്ലാ സ്റ്റേജ് ഷോകളിലും പിൻ നിരയിൽ ഇരിക്കാൻ വിധിക്കപ്പെട്ട ഉപകരണ സംഗീത വിഭാഗത്തിന്, അതും കുട്ടികൾക്കായി ഇത് പോലൊരു ലൈവ് ഷോ സംഘടിപ്പിച്ചതിന് യുക്മ സാംസ്കാരിക വേദിക്ക് ഡോ. പിപ്പ്സ് ജോസഫ് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ ബർമിംങ്ഹാമിലാണ് ഈ കുടുംബം താമസിക്കുന്നത്.

ലിറ്റിൽ ഏയ്ഞ്ചൽസിന് എല്ലാ വിധ ഭാവുകങ്ങളും ആശംസിച്ച യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ഉറച്ച പിന്തുണ നൽകുന്ന ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more