1 GBP = 104.04
breaking news

യൂറോയില്‍ വീണ്ടും ത്രില്ലര്‍! എക്‌സ്ട്രാ ടൈമില്‍ വിജയ ഗോളുമായി യുക്രൈന്‍ ക്വാര്‍ട്ടറിലേക്ക്

യൂറോയില്‍ വീണ്ടും ത്രില്ലര്‍! എക്‌സ്ട്രാ ടൈമില്‍ വിജയ ഗോളുമായി യുക്രൈന്‍ ക്വാര്‍ട്ടറിലേക്ക്

99ആം മിനിട്ടില്‍ ഡിഫന്‍ഡര്‍ മാര്‍ക്കസ് ഡാനിയെല്‍സന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയതാണ് സ്വീഡന് തിരിച്ചടിയായത്.

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ സ്റ്റേജിലേക്ക് കടന്നപ്പോഴേക്കും മത്സരങ്ങളില്‍ ആവേശം കൊഴുക്കുകയാണ്. ഇന്ന് നടന്ന ആവേശകരമായ രണ്ടാം മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത്‌കൊണ്ട് യുക്രൈന്‍ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളിന് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിലാണ് യുക്രൈന്റെ വിജയഗോള്‍ പിറന്നത്. സിന്‍ച്ചെങ്കോ, ആര്‍ട്ടെം ഡോവ്ബിക്ക് എന്നിവര്‍ യുക്രൈനായി ഗോള്‍ നേടിയപ്പോള്‍ സ്വീഡനു വേണ്ടി എമില്‍ ഫോഴ്‌സ്ബര്‍ഗാണ് ഗോള്‍ നേടിയത്. 99ആം മിനിട്ടില്‍ ഡിഫന്‍ഡര്‍ മാര്‍ക്കസ് ഡാനിയെല്‍സന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയതാണ് സ്വീഡന് തിരിച്ചടിയായത്.

തുടര്‍ച്ചയായ ഒമ്പതാം ജയം ലക്ഷ്യമിട്ടുകൊണ്ടാണ് സ്വീഡിഷ് സംഘം ഇന്ന് യുക്രൈനെതിരെ ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം നേടിയതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ യുക്രൈന്റെ ഗ്രൂപ്പ് ഘട്ടം അത്ര നല്ലതായിരുന്നില്ല. ആകെ മൂന്ന് പോയിന്റ് മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. ഹോളണ്ടിനോടും ഓസ്ട്രിയയോടും തോറ്റെങ്കിലും മാസിഡോണിയയെ തോല്‍പ്പിച്ചതാണ് യുക്രൈന് പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം നല്‍കിയത്. അവസാനമായി ഇരു ടീമും 2012ല്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 2-1ന്റെ വിജയം യുക്രൈനായിരുന്നു എന്നത് മത്സരത്തിന്റെ മാറ്റ് കൂട്ടിയിരുന്നു. നിലവിലെ യുക്രൈന്‍ പരിശീലകനായ ഷെവ്ചങ്കോയുടെ ഇരട്ട ഗോളുകളുടെ ബലത്തിലായിരുന്നു യുക്രൈന്‍ അന്ന് വിജയം നേടിയത്.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ സ്വീഡിഷ് താരം ഫോഴ്സ്‌ബെര്‍ഗ് ആദ്യ ഗോള്‍ നേടാനുള്ള അവസരം നഷ്ടപ്പെടുത്തി. മൂന്ന് മിനിട്ടിനുള്ളില്‍ യുക്രൈന്‍ മികച്ച പ്രത്യാക്രമണം നടത്തി. യാരേംചുക്കിന്റെ ഒരു തകര്‍പ്പന്‍ ഷോട്ട് സ്വീഡിഷ് ഗോള്‍ കീപ്പര്‍ റോബിന്‍ ഓള്‍സന്‍ സമര്‍ത്ഥമായ സേവിലൂടെ തട്ടിയകറ്റി. 27ആം മിനിട്ടില്‍ അവരുടെ പരിശ്രമം ഫലം കണ്ടു. സിന്‍ച്ചെങ്കോയുടെ ഒരു തകര്‍പ്പന്‍ ഇടം കാലന്‍ ഷോട്ടിലൂടെ യുക്രൈന്‍ ആദ്യ ലീഡ് നേടി. ക്യാപ്റ്റന്‍ യാര്‍മൊലെങ്കോ നല്‍കിയ ഒരു ഔട്ടര്‍ ഫൂട്ട് പാസ് സിന്‍ച്ചെങ്കോ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. മൂന്ന് മിനിട്ടിനുള്ളില്‍ സ്വീഡിഷ് താരം ലാര്‍സന്‍ എടുത്ത ഫ്രീകിക്ക് ഗോള്‍ കീപ്പര്‍ ബുഷ്ചാന്‍ തട്ടിയകറ്റി. 43ആം മിനിട്ടില്‍ ഫോഴ്‌സ്ബര്‍ഗിലൂടെ തിരിച്ചടിച്ച് സ്വീഡന്‍ സമനില പിടിച്ചു. ഇസാക്ക് നല്‍കിയ പന്ത് പിടിച്ചെടുത്ത ഫോഴ്‌സ്ബര്‍ഗിന്റെ ഷോട്ട് സബാര്‍നിയുടെ കാലില്‍ തട്ടി ദിശമാറി ഗോള്‍ വലയിലെത്തുകയായിരുന്നു.

രണ്ടാം പകുതിയില്‍ ലീഡ് നേടാന്‍ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചു. 55ആം മിനിട്ടില്‍ യുക്രൈന്‍ താരം സിദോര്‍ചുക്കിന്റെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി പുറത്തു പോയി. തൊട്ടടുത്ത മിനിട്ടില്‍ ഫോഴ്‌സ്ബര്‍ഗിന്റെ ഷോട്ടും പോസ്റ്റിലിടിച്ചു മടങ്ങി. പ്രത്യാക്രമണത്തില്‍ സ്വീഡന്‍ മുന്നിട്ട് നിന്നു. 66ആം മിനിട്ടില്‍ കുലുസെവ്‌സ്‌കിയുടെ ഷോട്ട് ബുഷ്ചാന്‍ രക്ഷപ്പെടുത്തി. മൂന്ന് മിനിട്ടിനുള്ളില്‍ ഫോഴ്‌സ്ബര്‍ഗിന്റെ അടുത്ത തകര്‍പ്പന്‍ ഷോട്ട് ക്രോസ്സ് ബാറിലിടിച്ച് മടങ്ങി. പിന്നീട് നിശ്ചിത ടൈമിലും രണ്ട് മിനിട്ട് ഇഞ്ചുറി ടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.

99ആം മിനിട്ടില്‍ യുക്രൈന്‍ താരം ബെസെഡിനെതിരായ കടുത്ത ഫൗളിന് മാര്‍ക്കസ് ഡാനിയെല്‍സന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. വാറിന്റെ സഹായത്തോടെയായിരുന്നു റെഫറിയുടെ തീരുമാനം. പത്തു പേരായി ചുരുങ്ങിയിട്ടും സ്വീഡിഷ് നിര ഒരുപാട് നേരം ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. ഒടുവില്‍ മത്സരത്തിന്റെ 121ആം മിനിട്ടില്‍ ആര്‍ട്ടെം ഡോവ്ബിക്കിലൂടെ യുക്രൈന്‍ വിജയ ഗോള്‍ നേടുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more