1 GBP = 103.12

മാഞ്ചസ്റ്ററിലെ ശ്രീ. രവിചന്ദ്രന്റെ പ്രഭാഷണവും ചർച്ചയും വൻ വിജയം; സ്വവർനുരാഗം മുതൽ ക്നാനായ സമുദായത്തിലെ എൻഡോഗമിവരെ ചോദ്യങ്ങൾ…. പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഇതൊരു പുത്തൻ അനുഭവം…

മാഞ്ചസ്റ്ററിലെ ശ്രീ. രവിചന്ദ്രന്റെ പ്രഭാഷണവും ചർച്ചയും വൻ വിജയം; സ്വവർനുരാഗം മുതൽ ക്നാനായ സമുദായത്തിലെ എൻഡോഗമിവരെ ചോദ്യങ്ങൾ….  പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഇതൊരു പുത്തൻ അനുഭവം…
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ ബ്രിട്ടാനിയ ഹോട്ടലിൽ വച്ച് മാഞ്ചസ്റ്റർ എസ്സൻസ് ക്ലബ് സംഘടിപ്പിച്ച പ്രൊഫസർ രവിചന്ദ്രന്റെ പ്രഭാഷണം വലിയ ജനപങ്കാളിത്തം കൊണ്ടും, ഉയർന്ന നിലവാരം കൊണ്ടും വൻ വിജയമായി. ചോദ്യോത്തരങ്ങളും ചർച്ചയും സംവാദവും പ്രഭാഷണവും, അക്ഷരാർത്ഥത്തിൽ മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തെ ‘സോറി അലൻ’ എന്ന തന്റെ പ്രഭാഷണത്തിലൂടെ ശ്രീ. രവിചന്ദ്രൻ കയ്യിലെടുത്തു എന്ന് തന്നെ പറയാം. യു കെ യിലെ എസ്സൻസ്സ്‌ ക്ലബ്‌ സംഘടിപ്പിക്കുന്ന “റിനൈസ്സൻസ് 18” എന്ന ശ്രീ. രവിചന്ദ്രന്റെ യു കെ യിലെ പ്രഭാഷണ പരിപാടിയിലെ മൂന്നാമത്തെ പ്രഭാഷണമായിരുന്നു 19/05/18 ശനിയാഴ്ച അരങ്ങേറിയ ‘സോറി അലൻ ‘ എന്ന പ്രഭാഷണം.
ഇരുന്നൂറോളം മലയാളികൾ പങ്കെടുത്ത പ്രഭാഷണ പരിപാടി. മലയാള സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും എല്ലാം പരിപാടികൾ കണ്ട്‌ ശീലിച്ചിട്ടുള്ള മാഞ്ചസ്‌റ്ററിലെ മലയാളികൾക്ക്‌ ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു കേരള സർക്കാരിന്റെ 2017 ലെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള അവാർഡ്‌ നേടിയ സ്വതന്ത്ര ചിന്തകനായ ശ്രീ. രവിചന്ദ്രന്റെ ‘സോറി അലൻ ‘ എന്ന പ്രഭാഷണം.
മതവും ജാതിയും ദൈവവും ശാസ്ത്രാവബോധവും മാനവികതയും സ്വതന്ത്ര ചിന്തയും എല്ലാം കടന്നു വന്ന ഒരു ചർച്ചാ സായാഹ്നം. ‘സോറി അലൻ’ എന്ന വിഷയത്തെ കുറിച്ച്‌ സദസ്യർക്ക്‌ ഒരു ധാരണയും ഉണ്ടായിരുന്നില്ല. എസ്സൻസ്സിന്റെ കേരളത്തിലെ പരിപാടികളെ പോലെ തന്നെ  ശ്രീ. രവിചന്ദ്രൻ സംസാരിക്കുന്ന വിഷയത്തെ കുറിച്ച്‌ കാണികൾക്ക്‌ ഉളവാകുന്ന ഉദ്വേഗം യു കെ യിലും ആവർത്തിച്ചു. ‘സോറി അലൻ’ എന്ന വിഷയം സദസ്യർക്ക്‌ സസ്പെൻസ്‌ തന്നെയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ എനിഗ്മ മെഷീൻ എന്ന തന്റെ കണ്ടു പിടിത്തം വഴിയായ്‌ ജർമ്മനിയുടെ യുദ്ധരഹസ്യങ്ങളുടെ കോഡുകൾ ബ്രേക്ക്‌ ചെയ്യുകയും തന്മൂലം അവരുടെ നീക്കങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച്‌ യുദ്ധതന്ത്രങ്ങൾ രൂപപ്പെടുത്താനും ബ്രിട്ടനു കഴിയുകയുണ്ടായി. യുദ്ധം നീണ്ടു പോകാതെ അവസാനിപ്പിക്കുന്നതിൽ അലൻ ടൂറിംഗും അദ്ദേഹത്തിന്റെ എനിഗ്മ മെഷീനും പ്രധാന പങ്ക്‌ വഹിച്ചു. പക്ഷേ, ഒരു സ്വവർഗ്ഗാനുരാഗി ആയതു കൊണ്ട്‌ മാത്രം അലനെ അന്നത്തെ സർക്കാരും മതവും അംഗീകരിച്ചില്ല. ആ ശാസ്ത്രകാരന്റെ ജീവിതത്തോട്‌ അന്നത്തെ സർക്കാരും മതവും എന്ത്‌ നീതിയാണു പുലർത്തിയത്‌ എന്ന ചോദ്യവും ഉന്നയിച്ചു കൊണ്ടാണു ശ്രീ. രവിചന്ദ്രൻ മാഞ്ചസ്റ്ററിലെ തന്റെ പ്രഭാഷണം ആരംഭിച്ചത്‌. തിങ്ങി നിറഞ്ഞ സദസ്സ്‌. ശ്രീ. രവിചന്ദ്രന്റെ ഓരോ വാക്കിനും കാതു കൂർപ്പിച്ചിരിക്കുന്ന യു കെ മലയാളികൾ. ഒരു നവ്യാനുഭവമായ്‌ മാറിയ പ്രഭാഷണം.
അദ്ദേഹത്തിന്റെ പ്രഭാഷണത്തിനു ശേഷം നടന്ന ചോദ്യോത്തര വേള പങ്കാളികളുടെ സജീവ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായ്‌. സ്വവർഗ്ഗാനുരാഗം മുതൽ ക്നാനായ സമുദായത്തിലെ എൻഡൊഗമി വരെ ചർച്ചാ വിഷയമായ ചോദ്യോത്തര വേള. ദൈവമുണ്ടോ , ഭൂമിയിൽ ജീവൻ എങ്ങനെയുണ്ടായ്‌ എന്നീ ചോദ്യങ്ങൾക്കെല്ലാം തന്റെ
സ്വതസിദ്ധമായ രീതിയിൽ തമാശയും ചിരിയും ഒക്കെ ഇടകലർത്തി ശ്രീ. രവിചന്ദ്രൻ മറുപടി നൽകി.
മാഞ്ചസ്റ്ററിലെ പാലറ്റൈൻ റോഡിലെ ബ്രിട്ടാനിയ കൻട്രി ഹൗസ്‌ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി 19/5/18  ശനിയാഴ്ച ഉച്ച കഴിഞ്ഞ്‌ രണ്ട്‌ മണിയോടെ ആരംഭിച്ചു. എസ്സൻസ്സ്‌ യുകെ കേന്ദ്ര കമ്മറ്റി അംഗം ശ്രീ. സന്തോഷ്‌ റോയ്‌ സ്വാഗത പ്രസംഗം നിർവ്വഹിച്ചു. എസ്സൻസ്‌ മിൽക്കിവേ പ്രസിഡണ്ട്‌ ശ്രീ. സജീവൻ അന്തിക്കാട്‌ പരിപാടിയിൽ സന്നിഹിതനായിരുന്നു. എസ്സൻസിന്റെ കേരളത്തിലെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച്‌ അദ്ദേഹം പ്രസംഗിക്കുകയുണ്ടായി.
പരിപാടിയിൽ പങ്കെടുക്കുകയും പ്രഭാഷണം വലിയ ഒരു വിജയമാക്കി മാറ്റുകയും ചെയ്ത മാഞ്ചസ്റ്ററിലെയും സമീപ നഗരങ്ങളിലുമുള്ള എല്ലാ മലയാളികൾക്കും എസ്സെൻസ്സ്‌ യുകെ ടീം നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more