1 GBP =

മാര്‍ ആലഞ്ചേരിയുടെ രാജിയാവശ്യപ്പെട്ട് വൈദികര്‍ രൂപതാ ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

മാര്‍ ആലഞ്ചേരിയുടെ രാജിയാവശ്യപ്പെട്ട് വൈദികര്‍ രൂപതാ ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ രൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാ തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്നവശ്യപ്പെട്ട് രൂപതയിലെ വൈദികര്‍ രൂപതാ ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഭൂമി കച്ചവട വിവാദത്തില്‍ മാര്‍ ആലഞ്ചേരിക്കും മറ്റ് മൂന്നുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാര്‍ ആലഞ്ചേരി രൂപതാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്നാണ് വൈദികരുടെ ആവശ്യം.

രൂപതാസ്ഥാനത്തേക്ക് വൈദികര്‍ നടത്തിയ പ്രതിഷേധത്തിനിടെ ഏതാനും പേര്‍ വൈദികര്‍ക്കെതിരേ പ്രതിഷേധം നടത്തി ഫ്‌ളക്‌സ്‌ബോര്‍ഡുകളുമായി എത്തിയെങ്കിലും വൈദികരെ അനുകൂലിക്കുന്നവര്‍ ഇവരെ തള്ളിമാറ്റി. പ്രകടനം നടത്തിയ വൈദികര്‍ മാര്‍ ആലഞ്ചേരിയുടെ രാജിയാവശ്യപ്പെട്ട് അതിരൂപതയിലെത്തി തങ്ങളുടെ ആവശ്യം രേഖാമൂലം നല്‍കുകയും ചെയ്തു. ഇരുന്നൂറോളം വൈദികരാണ് പ്രതിഷേധപ്രകടനം നടത്തിയത്.

രൂപതയുടെ സ്വത്ത് വില്‍പ്പന നടത്തി കോടികളുടെ നഷ്ടം രൂപതയ്ക്കുണ്ടായ സംഭവത്തില്‍ കോടതി ഇടപെടുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ മാര്‍ ആലഞ്ചേരി മാറി നില്‍ക്കണമെന്ന് പ്രതിഷേധതത്തിന് നേതൃത്വം നല്‍കിയ രൂപത വൈദിക സമിതി ചെയര്‍മാനും അങ്കമാലി ഫൊറോന പള്ളി വികാരിയുമായ ഫാ കുര്യാക്കോസ് മുണ്ടാടന്‍ ആവശ്യപ്പെട്ടു. മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികനായ ഫാദര്‍ സേവ്യര്‍ തേലക്കാട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പോലും തങ്ങള്‍ ദുരൂഹത സംശയിക്കുന്നതായും മരണത്തില്‍ രൂപതാധ്യക്ഷനായ മാര്‍ ആലഞ്ചേരി അനുശോചനം അറിയിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്നും കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.

രൂപതയിലെ ആകെയുള്ള 458 വൈദികരില്‍ 448 പേരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും പത്ത് പേര്‍ മാത്രമാണ് തങ്ങളുടെ നിലപാടിന് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നും ഫാ കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. എറണാകുളം രൂപതയ്ക്കു മുന്നിലെ പ്രതിഷേധത്തിനുശേഷം സീറോ മലബാര്‍ സഭയുടെ കൂരിയ ഓഫീസായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പോയി തങ്ങളുടെ ആവശ്യം രൂപതയിലെ സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും രേഖാമൂലം അറിയിക്കുമെന്നും പ്രതിഷേധം നടത്തിയ വൈദികര്‍ വ്യക്തമാക്കി.

ഇതിനിടെ കര്‍ദിനാളിനെതിരെ പ്രവര്‍ത്തിക്കുന്ന വൈദികര്‍ക്കും ഇവരെ പിന്തുണയ്ക്കുന്ന അല്‍മായ നേതൃത്വത്തിനുമെതിരേ ശക്തമായ സമരത്തിനൊരുങ്ങുകയാണ് കര്‍ദ്ദിനാള്‍ അനുകൂലികളും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള വിശ്വാസികളുടെ യോഗം ഞായറാഴ്ച എറണാകുളം മറൈന്‍ ്രൈഡവില്‍ വിളിച്ച് ചേര്‍ക്കാനാണ് കര്‍ദ്ദിനാള്‍ അനുകൂലികളുടെ ശ്രമം.

എറണാകുളം അതിരൂപതയിലെ സാമ്പത്തിക ബാധ്യത അവസാനിപ്പിക്കാനായി രൂപതയുടെ കീഴില്‍, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി കച്ചവടം ചെയ്തതും എന്നാല്‍ ഉദ്ദേശിച്ച വില ലഭിക്കാതിരിക്കുകയും രൂപതയുടെ സാമ്പത്തിക ബാധ്യത 70 കോടിയോളമായി ഉയരുകയും ചെയ്തതാണ് വന്‍ വിവാദമായത്. ഇടനിലക്കാരന്റെ തട്ടിപ്പിന് രൂപതാധ്യക്ഷന്‍ മാര്‍ ആലഞ്ചേരിയും ഫിനാന്‍സ് ഓഫീസര്‍, വികാരി ജനറല്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരും അനുവാദം കൊടുത്തുവെന്നായിരുന്നു ആരോപണം. രൂപതയിലെ വൈദികരില്‍ ഭൂരിഭാഗവും സഹായമെത്രാന്മാരായ രണ്ടുപേരും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിക്കുകയും വിശ്വാസികളില്‍ ഒരു വിഭാഗം ഇവര്‍ക്കൊപ്പം ചേരുകയും ചെയ്തതോടെയാണ് വിവാദം ശക്തമായത്.

തുടര്‍ന്നാണ് വിഷയത്തില്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ട് രൂപത വിശ്വാസിയായ അഡ്വക്കേറ്റ് പോളച്ചന്‍ പുതുപ്പാറ പൊലീസിനെ സമീപിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് ഇദ്ദേഹം ആദ്യം സിജെഎം കോടതിയെ സമീപിക്കുകയും തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്.

നേരത്തെ എറണാകുളം അതിരൂപതയുടെ ആസ്ഥാനത്തും ആസ്ഥാനദേവാലയമായ ബസിലിക്കാ പള്ളിയിലും വിമതവിഭാഗം വൈദികര്‍ക്കെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെയുള്ള നീക്കത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രൂപതയിലെ പുരോഹിതരായ വട്ടോളി, തേലക്കാട്ട്, കോരന്‍, പാറക്കാട്ടില്‍, കൈതക്കോട്ടില്‍, മാരാംപറമ്പില്‍, എടമ്പറമ്പില്‍ എന്നിവര്‍ക്കെതിരേ കാനോന്‍ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം.ഇതിനൊപ്പം രൂപതയിലെ ഫാദര്‍ വട്ടോളിയുടെ മാവോയിസ്റ്റ് ബന്ധം ഉള്‍പ്പെടെയുള്ളവ അന്വേഷിക്കണമെന്നും പോസ്റ്ററില്‍ ആവശ്യമുന്നയിക്കുന്നു.

ഇതിനിടെ കര്‍ദിനാളിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്ന അദ്ദേഹം തലവനായ എറണാകുളം അതിരൂപതയിലെ വൈദികസമിതിയുടെ നിലപാടിനെ തള്ളി മാനന്തവാടി രൂപതയിലെ വൈദികസമിതി രംഗത്തുവന്നു. മാര്‍ ആലഞ്ചേരിക്ക് പിന്തുണ പ്രഖ്യാപിച്ച് മാനന്തവാടി രൂപത വൈദിക സമിതി പ്രമേയം പാസാക്കിയതോടെ ഭൂമി വിവാദത്തില്‍ സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവരാന്‍ തുടങ്ങിയിരിക്കുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more