1 GBP = 104.21
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം ഒക്ടോബർ 2 ന്…

ഗ്രേറ്റ് ബ്രിട്ടൻ രൂപത എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം ഒക്ടോബർ 2 ന്…

ഫാ. ടോമി എടാട്ട്

പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

എയ്‌ൽസ്‌ഫോർഡ്: ഇംഗ്ലണ്ടിലെ പ്രശസ്ത മരിയൻ തീർത്ഥടന കേന്ദ്രമായ എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം 2021 ഒക്ടോബർ 2 ശനിയാഴ്ച നടക്കും. രൂപതാ സമൂഹം ഒരുമിച്ച് പരിശുദ്ധ അമ്മയുടെ സംരക്ഷണം പ്രാർത്ഥിക്കുകയും, ദൈവിക അഭിഷേകം സ്വീകരിക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ ഈ തിരുനാളിൽ സംബന്ധിക്കുവാൻ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ ആണ് ഇവിടെയെത്തുന്നത്. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും.

1251 ൽ വിശുദ്ധ സൈമൺ സ്‌റ്റോക്കിന് പരി. അമ്മ പ്രത്യക്ഷപ്പെട്ട്, തന്റെ സംരക്ഷണത്തിന്റെ അടയാളമായ വെന്തിങ്ങ (ഉത്തരീയം) വിശുദ്ധന് നൽകിയത് എയ്‌ൽസ്‌ഫോഡിൽ വച്ചാണ്. വെന്തിങ്ങ ധരിക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ ഭൗതികാവശിഷ്ടം സൂക്ഷിക്കപ്പെട്ടിരിക്കുന്നത് എയ്‌ൽസ്‌ഫോർഡിലെ റെലിക് ചാപ്പലിലാണ്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചെത്തുന്ന നാനാജാതി മതസ്ഥരുടെ ആശാകേന്ദ്രമാണ് ഈ പുണ്യഭൂമി.

2021 ഒക്ടോബർ 2 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കർമ്മലമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ജപമാലരാമത്തിലൂടെ നടത്തുന്ന ജപമാലയോടുകൂടി തീർത്ഥാടന പരിപാടികൾ ആരംഭിക്കും. തുടർന്ന് 1 മണിക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിക്കും. വി. കുർബാനക്കു ശേഷം 3 മണിക്ക് വിശുദ്ധരുടെ രൂപങ്ങളും വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം നടക്കും. സമാപനശീർവാദത്തിനു ശേഷം 4 മണിക്ക് സ്നേഹവിരുന്ന്, ഈ രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

രൂപതയിലെവിവിധ മിഷനുകളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള വൈദികർ, സന്യാസിനികൾ, റീജിയണൽ കമ്മറ്റി അംഗങ്ങൾ, അല്മായർ തുടങ്ങിയവർ തിരുന്നാളിന് നേതൃത്വം നൽകും. തിരുന്നാളിനോടനുബന്ധിച്ച് നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന്, മുടി, അടിമ എന്നിവ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാൾ പ്രസുദേന്തിമാരാകാൻ ആഗ്രഹം ഉള്ളവർ തിരുന്നാൾ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. തീർത്ഥാടന ഒരുക്കത്തിന്റെ ഭാഗമായി സെപ്റ്റംബർ 23 വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 7 വരെ ഓൺലൈനിൽ പ്രത്യക പ്രാർത്ഥനയും വചന ശുശ്രൂഷയും ക്രമീകരിച്ചിട്ടുള്ളതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

മഹാമാരിയുടെയും പ്രതിസന്ധികളുടെയും ഈ കാലത്ത് തിരുനാളിൽ സംബന്ധിച്ച് പരി. അമ്മയുടെ സംരക്ഷണം പ്രത്യേകമായി ലഭിക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more