1 GBP = 103.12

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്?

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്?

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് രാജിവയ്ക്കേണ്ടി വന്ന ഇ.പി ജയരാജന്‍ ചിങ്ങം ഒന്നിന് മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ഇതു സംബന്ധിച്ച് സി.പി.എമ്മില്‍ ധാരണയായതായി സൂചന. കഴിഞ്ഞയാഴ്ച ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ എതിര്‍പ്പുണ്ടായില്ല. തിങ്കളാഴ്ച ചേരുന്ന ഇടതു മുന്നണി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനു മുന്നോടിയായാണ് ജയരാജനെ മന്ത്രിസഭയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന് നടത്തുന്നത്. കര്‍ഷകദിനമായി ചിങ്ങം ഒന്നിന് നല്ല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ജയരാജന്‍ ന്യൂസ് 18 നോട് പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചുമതല ഇ.പി ജയരാജന് നല്‍കുമെന്നും സൂചനയുണ്ട്. അതിന്റെ ഭാഗമായാണ് ജയരാജനെ തിരക്കിട്ട് മന്ത്രിസഭയിലെത്തിക്കുന്നത്. ജയരാജന്‍ മന്ത്രിസഭയില്‍ എത്തുന്നതോടെ സി.പി.എം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യാവസായ വകുപ്പ് തന്നെ അദ്ദേഹത്തിന് ലഭിക്കുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്.

വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും ജയരാജന്റെ പുനപ്രവേശനം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്ക് മുന്നോടിയായാണ് വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സമിതിയും തിങ്കളാഴ്ച ഇടതു മുന്നണിയും യോഗം ചേരുന്നത്. വെള്ളിയാഴ്ച രാവിലെ സെക്രട്ടേറിയറ്റും വൈകിട്ട് സംസ്ഥാന സമിതിയും യോഗം ചേരും. ഈ രണ്ടു യോഗത്തിലും ജയരാജന്റെ മന്ത്രിസഭാ പ്രവേശനത്തിന് അംഗീകാരം നല്‍കും.

ജയരാജനെ മന്ത്രിസഭയില്‍ മടക്കിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ ആശയവിനിമയം നടത്തിയിരുന്നു. ജയരാജന്റെ തിരിച്ചുവരവിനെ ഏറ്റവുമധികം എതിര്‍ത്തിരുന്നത് സി.പി.ഐ ആയിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ മുന്‍നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്.

ജയരാജനെ മന്ത്രിസഭിയില്‍ തിരിച്ചെടുക്കാന്‍ സി.പി.എം ഒരുഘട്ടത്തില്‍ ആലോചിച്ചിരുന്നെങ്കിലും സി.പി.ഐയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അതു നടക്കാതെ പോയത്. ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് പുറത്തായ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായിട്ടും ജയരാജനെ തിരിച്ചെടുക്കാത്തത് സി.പി.എം നേതാക്കള്‍ക്കിടയിലും അസ്വസ്ഥതയ്ക്കിടയാക്കിയിരുന്നു.

ജയരാജന്റെ പുനപ്രവേശനം സംബന്ധിച്ച് സി.പി.ഐ നേതാക്കളുമായി കോടിയേരി ബാലകൃഷ്ണന്‍ ഒന്നിലേറെ തവണ ആശയവിനിമയം നടത്തിയെന്നാണ് വിവരം. ഇക്കാര്യത്തില്‍ സി.പി.ഐ അനുകൂലമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് തുടര്‍നടപടികളിലേക്ക് കടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more