1 GBP = 103.96

28 വർഷത്തിന് ശേഷം ഇംഗ്ലണ്ട് സെമിയിൽ; സ്വീഡന് നിരാശയോടെ മടക്കം

28 വർഷത്തിന് ശേഷം ഇംഗ്ലണ്ട് സെമിയിൽ; സ്വീഡന് നിരാശയോടെ മടക്കം

സമാര: നീണ്ട 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. സമീപകാല ലോകകപ്പുകളിലെ എറ്റവും മികച്ച മുന്നേറ്റം കാഴ്ചവെക്കുന്ന ഇംഗ്ലണ്ടിന്റെ വിജയകുതിപ്പ് തടയാൻ സ്വീഡന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സ്വീഡനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഇനി ഇംഗ്ലണ്ടിനും ലോകകപ്പിനും ഇടയിൽ രണ്ട് വിജയങ്ങളുടെ ദൂരം മാത്രം.

ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകള്‍ മാത്രം അവശേഷിച്ച ദിനത്തില്‍ ഇംഗ്ലണ്ട്- സ്വീഡന്‍ മത്സരം തുടങ്ങിയത് ആവേശമില്ലാതെയാണ്. കാര്യമായ മുന്നേറ്റങ്ങള്‍ക്ക് ശ്രമിക്കാതെ തുടങ്ങിയ പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം സ്വീഡിഷ് പടയ്ക്കായിരുന്നു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇതോടെ ഇംഗ്ലണ്ട് പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി.

പതിനെട്ടാം മിനിറ്റില്‍ സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തൊട്ടു തൊട്ടില്ലായെന്ന രീതിയില്‍ പുറത്തോട്ടുപോയി. അധികം വൈകാതെ ഇംഗ്ലണ്ട് ലീഡ് നേടി. 30ാം മിനിറ്റിൽ ആഷ്‌ലി യങ്ങിന്റെ കോര്‍ണറില്‍ തലവച്ച് ഹാരി മഗ്യൂറിന് പിഴച്ചില്ല. ലസ്റ്റർ സിറ്റിയുടെ ഡിഫൻഡറായ മഗ്യൂറിൻറെ ബുള്ളറ്റ് ഹെഡ്ഡർ ഗോൾവല കുലുക്കുന്നത് നോക്കി നിൽക്കാനേ ഗോളി റോബി ഓൾസന് കഴിയുമായിരുന്നുള്ളൂ.

രണ്ടാംപകുതിയിലും ഇംഗ്ലീഷ് ആധിപത്യത്തിനാണ് സമാര അരീന സാക്ഷ്യം വഹിച്ചത്. ഒരു ഗോളില്‍ കടിച്ചു തൂങ്ങാതെ ലീഡ് വര്‍ധിപ്പിക്കാന്‍ കെയ്‌നും കൂട്ടരും ശ്രമിച്ചത് മത്സരം കുറച്ചുകൂടി ആവേശകരമാക്കി. 58ാം മിനിറ്റില്‍ മറ്റൊരു ഹെഡ്ഡറിലൂടെ ഡെല്ലി അലി ഇംഗ്ലണ്ടിന്റെ ലീഡുയർത്തി. നല്ല നീക്കങ്ങള്‍ നല്ലൊരു ഫിനിഷറുടെ അഭാവത്താല്‍ യാതൊരു ചലനവും സൃഷ്ടിക്കാതെ പോകുന്നതാണ് മറുവശത്ത് കണ്ടത്. രണ്ടുഗോളുകള്‍ വീണതോടെ സ്വീഡന്‍ ടീം തളരുകയും ചെയ്തു.

കൊളംബിയയ്ക്കെതിരെ പെനൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച ഇംഗ്ലണ്ട് ടീം മാറ്റങ്ങളില്ലാതെയാണ് സമാരയിലും ഇറങ്ങിയത്. സ്വിറ്റ്സർലൻഡിനെതിരെ വിജയം നേടിയ ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് സ്വീഡൻ ഇറങ്ങിയത്. പ്രതിരോധനിരയിൽ ക്രാഫ്തും മധ്യനിരയിൽ ലാർസനും ഇറങ്ങിയപ്പോൾ മൈക്കൽ ലുസ്റ്റിഗിന് സസ്പെൻഷൻ കാരണം പുറത്തിരിക്കേണ്ടി വന്നു.

സമീപകാലത്തു ലോകകപ്പുകളിൽ ഇത്ര പ്രതീക്ഷയുണർത്തി മുന്നേറിയ ഇംഗ്ലണ്ട് ടീമില്ല. പ്രീ–ക്വാർട്ടറിൽ കൊളംബിയയ്ക്കെതിരെ ഷൂട്ടൗട്ട് പരീക്ഷയും അതിജീവിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് ചുവടുവെച്ചത്. ഇതിനു മുൻപ് ഇരു ടീമുകളും ലോകകപ്പ് വേദിയിൽ മുഖാമുഖമെത്തിയത് രണ്ടു തവണ മാത്രം. ഗ്രൂപ്പു ഘട്ടത്തിലെ ഈ കണ്ടുമുട്ടലുകൾ രണ്ടുതവണയും സമനിലയിൽ അവസാനിച്ചു. 2002ൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും 2006ൽ രണ്ടു ഗോൾ വീതമടിച്ചും സമനിലയിൽ പിരി‍ഞ്ഞു.

1994നുശേഷം ആദ്യമായാണ് സ്വീഡൻ ലോകകപ്പ് ക്വാർട്ടർ കളിക്കുന്നത്. അതേസമയം, കഴിഞ്ഞ 12 വർഷമായി ഇംഗ്ലണ്ടും ലോകകപ്പ് ക്വാർട്ടർ കളിച്ചിട്ടില്ല. മാത്രമല്ല, ക്വാർട്ടറിൽ ഇംഗ്ലണ്ട് ഒരു മത്സരം ജയിച്ചിട്ട് 28 വർഷമായി. 1990ൽ ഇറ്റലിയിലായിരുന്നു ഇംഗ്ലണ്ട് അവസാനമായി സെമി കളിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more