1 GBP = 104.01

എഞ്ചിനീയറിംഗ് പഠനം കടുകട്ടിയാകും; മിനിമം ഫീസ് 1.44 ലക്ഷമാക്കണം: സ്വാശ്രയ എൻജി. ഫീസ് മൂന്നിരട്ടിയാവും

എഞ്ചിനീയറിംഗ് പഠനം കടുകട്ടിയാകും; മിനിമം ഫീസ് 1.44 ലക്ഷമാക്കണം: സ്വാശ്രയ എൻജി. ഫീസ് മൂന്നിരട്ടിയാവും

തിരുവനന്തപുരം: എൻജിനിയറിംഗ് പഠനത്തിന് അടുത്ത അദ്ധ്യയന വർഷം മുതൽ കുറഞ്ഞ ഫീസ് 1.44 ലക്ഷവും കൂടിയ ഫീസ് 1.58 ലക്ഷവുമായി ഉയർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) കർശന നിർദ്ദേശം.
സർക്കാർ കോളേജുകളിൽ നിലവിലുള്ള കുറഞ്ഞ ഫീസിൽ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുള്ളതിനാൽ സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥികളുടെ പഠനമാവും ഇത് മൂലം പ്രതിസന്ധിയിലാവുക. എ.ഐ.സി.ടി.ഇ നിർദ്ദേശം അതേപടി നടപ്പിലായാൽ സ്വാശ്രയ കോളേജുകളിലെ ഫീസ് നിലവിലുള്ളതിന്റെ മൂന്നിരട്ടിയിലേറെയായി ഉയരും. കേരളത്തിൽ നിലവിൽ, കുറഞ്ഞ ഫീസ് 50,000 രൂപയും കൂടിയത് 99,000 രൂപയുമാണ്.

ഉയർന്ന യോഗ്യതയുള്ള എൻജിനിയറിംഗ് അദ്ധ്യാപകർക്ക് എ.ഐ.സി.ടി.ഇ അനുശാസിക്കുന്ന ഉയർന്ന ശമ്പളം ഉറപ്പാക്കാനാണ് 1.44- 1.58 ലക്ഷം ഫീസിന് റിട്ട. സുപ്രീം കോടതി ജ‌‌ഡ്‌ജി ബി.എൻ. ശ്രീകൃഷ്‌ണ അദ്ധ്യക്ഷനായ പത്തംഗ സമിതി ശുപാർശ ചെയ്തത്. എ.ഐ.സി.ടി.ഇ അംഗീകരിച്ച ശുപാർശ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കൈമാറി. ഉത്തരവ് ഉടൻ ഇറക്കിയേക്കും.

ഒരു ബാച്ചിന് പി.എച്ച്‌ഡിയുള്ള ഒരു പ്രൊഫസർ വീതം വേണമെന്നാണ് എ.ഐ.സി.ടി.ഇ ചട്ടം. പി.എച്ച്ഡിയുള്ളവരെ കിട്ടാൻ രണ്ട് ലക്ഷം വരെ ശമ്പളം നൽകേണ്ടിവരും. എം.ബി.എയ്ക്ക് കുറഞ്ഞ ഫീസ് 1.57 ലക്ഷമായും കൂടിയത് 1.71 ലക്ഷമായും നിശ്ചയിച്ചിട്ടുണ്ട്. ബി.ഫാം, എം.സി.എ, എം.ടെക്, ബി.ആർക് കോഴ്സുകളുടെ ഫീസ് വർദ്ധനയും ഉടൻ നിശ്ചയിക്കും. എ.ഐ.സി.ടി.ഇ നിശ്ചയിക്കുന്ന ഫീസീടാക്കിയില്ലെങ്കിൽ കോളേജുകളുടെ അംഗീകാരം റദ്ദാക്കുകയോ സീറ്റുകളുടെ എണ്ണം കുറയ്ക്കുകയോ ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

എ.ഐ.സി.ടി.ഇ ശമ്പളനിരക്ക്

അസി. പ്രൊഫസർ- 53,000 – 57,000 രൂപ
അസോ. പ്രൊഫസർ-1,26,000 രൂപ
 പ്രൊഫസർ-1,80,000 രൂപ
 പ്രിൻസിപ്പൽ-2,00,000 രൂപ

പഠിക്കാൻ കുട്ടികളില്ലാത്തതിനാൽ സംസ്ഥാനത്തെ പല സ്വാശ്രയ കോളേജുകളും 25,000 വരെ ഫീസ് താഴ്‌ത്തിയാണ് ഇപ്പോൾ കുട്ടികളെ ആകർഷിക്കുന്നത്. എന്നിട്ടും, ഓരോ വർഷവും സംസ്ഥാനത്ത് കാൽ ലക്ഷം വരെ എൻജിനിയറിംഗ് സീറ്റുകൾ കാലിയാണ്. അതിനിടെയുള്ള മൂന്നിരട്ടി ഫീസ് വർദ്ധന ഈ കോളേജുകളുടെ നിലനില്പിന് തന്നെ ഭീഷണിയാവും.

നാലുവർഷം മുൻപ് വരെ ബി.ടെക്കുകാരാണ് സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ പഠിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതിമാറി. പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിനായി എം.ടെക്കുകാർ കുറഞ്ഞ ശമ്പളത്തിലും കോളേജുകളിൽ പഠിപ്പിക്കുന്നു. 20 വിദ്യാർത്ഥിക്ക് ഒരദ്ധ്യാപകൻ വേണമെന്നാണ് എ.ഐ.സി.ടി.ഇ ചട്ടം. ഒരുബാച്ചിന് ആറ് അസി. പ്രൊഫസറും രണ്ട് അസോസിയറ്റ് പ്രൊഫസറും ഒരു പ്രൊഫസറും വേണം. വിരമിച്ച പ്രൊഫസർമാരും കരാർ അദ്ധ്യാപകരും മിക്കയിടത്തുമുണ്ട്. ഇനി, ഉയർന്ന യോഗ്യതയുള്ളവരെ കൂടിയ ശമ്പളം നൽകി നിയമിക്കേണ്ടി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more