1 GBP =
breaking news

ചരിത്രം രചിച്ചു ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും…. കരോൾ ഗാനങ്ങൾ പെയ്തിറങ്ങിയ സംഗീതരാവിനു കവൻട്രിയിൽ ഉജ്വല പരിസമാപ്തി; ‘കരോൾ ഫോർ ക്രൈസ്റ്റ്’ ലിവർപൂളിന് ആദ്യകിരീടം….

ചരിത്രം രചിച്ചു ഗർഷോം ടിവിയും  ലണ്ടൻ അസാഫിയൻസും….  കരോൾ ഗാനങ്ങൾ പെയ്തിറങ്ങിയ സംഗീതരാവിനു  കവൻട്രിയിൽ ഉജ്വല പരിസമാപ്തി;  ‘കരോൾ ഫോർ ക്രൈസ്റ്റ്’ ലിവർപൂളിന് ആദ്യകിരീടം….

ജോഷി സിറിയക്
കവന്‍ട്രി: യുകെയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ പെട്ട ഗായക സംഘങ്ങളെയും ക്വയര്‍ ഗ്രൂപ്പുകളെയും കോര്‍ത്തിണക്കി ഗര്‍ഷോം ടിവിയും പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് നടത്തിയ എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഗാനമത്സരം ‘ജോയ് റ്റു ദി വേള്‍ഡ്’ നു ആവേശോജ്വലമായ സമാപനം. തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ ആദ്യകിരീടം ചൂടിയത് കരോൾ ഫോർ ക്രൈസ്റ്റ്, ലിവർപൂൾ ആണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് ക്വയറും, ബിർമിങ്ഹാം നോർത്ത് ഫീൽഡ് ക്വയറും സ്വന്തമാക്കി. നാലാം സ്ഥാനം സൗണ്ട്സ് ഓഫ് ബേസിംഗ്‌സ്‌റ്റോക്കും ഡിവൈൻ വോയ്‌സ് നോർത്താംപ്ടനും പങ്കിട്ടു.


ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് 4 മണിയോടുകൂടി ബിർമിങ്ഹാമിലെ കുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ആരംഭിച്ച കരോൾ സന്ധ്യയുടെ ഉദ്ഘാടനം ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. യുകെ ക്രോസ്സ് കൾച്ചറൽ മിനിസ്ട്രീസ് ഡയറക്ടർ റെവ.ഡോ. ജോ കുര്യൻ ക്രിസ്മസ് സന്ദേശം നൽകി. ലെസ്റ്റർ സെന്റ്. ജോര്‍ജ് ഇന്ത്യൻ ഓർത്തഡോൿസ് പള്ളി വികാരി റെവ.ഫാ.ടോം ജേക്കബ്, റെവ. സാമുവേൽ തോമസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഗർഷോം ടിവി മാനേജിങ് ഡയറക്ടർമാരായ ജോമോൻ കുന്നേൽ, ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.ദൈവപുത്രന്റെ ജനനത്തിനു സ്വാഗതമോതി ഗായകസംഘങ്ങൾ അരങ്ങിലെത്തിയപ്പോൾ വില്ലൻഹാൾ സോഷ്യൽ ക്ലബിൽ തിങ്ങിക്കൂടിയ ആസ്വാദകരുടെ കാതുകൾക്ക് ഇമ്പകരവും കണ്ണുകൾക്ക് കുളിർമഴയുമായി കരോൾ ഗാനസന്ധ്യ മാറുകയായിരുന്നു. കരോള്‍ ഗാന മത്സരത്തില്‍ വിജയികൾ ആയവർക്ക് എവർറോളിങ് ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ഒന്നാം സമ്മാനാർഹരായ ലിവർപൂൾ കരോൾ ഫോർ ക്രൈസ്റ്റ് ടീമിന് ഗർഷോം ടിവി സ്പോൺസർ ചെയ്ത 1000 പൗണ്ട് ക്യാഷ് അവാർഡും ലണ്ടൻ അസാഫിയൻസ് നൽകിയ എവര്‍റോളിങ് ട്രോഫിയും ലഭിച്ചു. രണ്ടാം സമ്മാനം നേടിയ ലെസ്റ്റർ ക്വയർ, ഇൻഫിനിറ്റി ഫൈനാൻഷ്യൽസ് ലിമിറ്റഡ് സ്പോൺസർ ചെയ്ത 500 പൗണ്ടും എവര്‍റോളിങ് ട്രോഫിയും സ്വന്തമാക്കിയപ്പോൾ, മൂന്നാമതെത്തിയ നോർത്ത്ഫീൽഡ് ക്വയർ ബിർമിംഹാമിന്‌ ലവ് ടു കെയർ ഹെൽത്‌കെയർ ഏജൻസി സ്പോൺസർ ചെയ്ത 250 പൗണ്ടും എവര്‍റോളിങ് ട്രോഫിയും ലഭിച്ചു. വിജയികൾക്ക് ബിഷപ്പ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍, റെവ.ഡോ. ജോ കുര്യന്‍, ഫാ. ഫാൻസ്വാ പത്തിൽ, ഫാ. ജോർജ് തോമസ്, ഫാ.ജിജി, ജോമോൻ കുന്നേൽ, മാത്യു അലക്സാണ്ടർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം ലണ്ടന്‍ അസഫിയാന്‍സിന്റെ നേതൃത്വത്തില്‍ 25 ഓളം കലാകാരന്‍മാര്‍ അണിനിരന്ന ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ സംഗീതവിരുന്ന് കരോള്‍ഗാനസന്ധ്യക്കു നിറം പകർന്നു. അസാഫിയന്‌സിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബം ‘ബികോസ് ഹി ലിവ്‌സ്’ ന്റെ പ്രകാശനവും വേദിയിൽ വച്ച് നിർവഹിച്ചു. ജാസ്പർ ജോസഫ്, സ്റ്റീഫൻ ഇമ്മാനുവേൽ, ജോബി വർഗീസ്, ലിഡിയ ജെനിസ് എന്നിവർ കരോൾ മത്സരങ്ങളുടെ വിധിനിർണ്ണയം നിർവഹിച്ചു. ഗർഷോം ടിവിക്കു വേണ്ടി അനിൽ മാത്യു മംഗലത്ത്, സ്മിത തോട്ടം എന്നിവരാണ് അവതാരകരായി എത്തിയത്.
ജോയ് ടു ദി വേൾഡിന്റെ രണ്ടാം പതിപ്പ് കൂടുതൽ ടീമുകളുടെ പങ്കാളിത്തത്തോടെ 2018 ഡിസംബർ 8 ശനിയാഴ്ച നടത്താൻ തീരുമാനിച്ചതായും ഇത്തവണത്തെ പ്രോഗ്രാം വൻ വിജയമാക്കുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന ഗായകസംഘങ്ങൾക്കും, കാണികളായെത്തിയവർക്കും വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും നന്ദിയർപ്പിക്കുന്നതായും സംഘാടകർ അറിയിച്ചു.


Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more