1 GBP = 104.11

സംസ്ഥാനത്താകെ ഒന്‍പതരലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്ന് റവന്യൂമന്ത്രി

സംസ്ഥാനത്താകെ ഒന്‍പതരലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്താകെ ഒന്‍പതരലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ക്യാമ്പുകളിലെത്തിയവര്‍ക്ക് മാത്രമല്ല, അര്‍ഹതയുള്ള എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം തൃശൂര്‍ എറണാകുളം മേഖലയിലും തീവണ്ടികള്‍ ഓടിത്തുടങ്ങി. അവശ്യസാധനങ്ങളുടെ വിലവര്‍ധന തടയാന്‍ സിവില്‍ സപ്ലൈസിന് നിര്‍ദേശം നല്‍കാന്‍ തൃശൂരില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനമെടുത്തു.

സംസ്ഥാനത്തെ 6000 ത്തോളം ക്യാമ്പുകളിലായി 9,28,015 ആളുകള്‍ എത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ക്യാമ്പുകളില്‍ എത്തിയവര്‍ക്ക് മാത്രമേ നഷ്ടപരിഹാരത്തുക ലഭ്യമാകൂ എന്ന പ്രചരണം തെറ്റാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ദുരിത ബാധിതരായ ആളുകള്‍ക്കു മുഴുവന്‍ ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷം സര്‍ക്കാര്‍ സഹായം നല്‍കും.

മഴയ്ക്കു കാര്യമായ ശമനം വന്നതോടെ പ്രളയ ബാധിത പ്രദേശങ്ങളില്‍ പലയിടത്തും വെള്ളമിറങ്ങി തുടങ്ങിയത് ആശ്വാസമാകുന്നുണ്ട്. അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് 14 ജില്ലകളിലെയും ജാഗ്രതാ നിര്‍ദേശവും പിന്‍വലിച്ചു. ചെങ്ങന്നൂര്‍ മേഖലയിലാണ് ഇനിയും രക്ഷാപ്രവര്‍ത്തനം കാര്യമായി നടക്കാനുള്ളത്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും എറണാകുളം തൃശൂര്‍ എന്നിവിടങ്ങളിലും പ്രതിസന്ധി ഇപ്പോഴും തുടരുന്നു. അതേസമയം ഗതാഗതം താറുമാറായ തൃശൂര്‍, എറണാകുളം മേഖലയില്‍ ഇരുദിശകളിലേക്കും തീവണ്ടികള്‍ ഓടിത്തുടങ്ങി. ജില്ലയില്‍ വിലവര്‍ധന തടയാന്‍ വ്യാപാരികളുടെ യോഗം ചേരുമെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു.

ഇന്നലത്തെ രക്ഷാപ്രവര്‍ത്തനം കൂടി പൂര്‍ത്തിയായപ്പോൾ ക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണം പത്ത് ലക്ഷം കടന്നിട്ടുണ്ടാകുമെന്നാണ് സൂചന. പൂഴ്ത്തിവെയ്പ്പും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more