1 GBP = 105.75
breaking news

പകർച്ചപ്പനിയിൽ ഈ മാസം മാത്രം 4 മരണം; ഇന്നലെ മാത്രം ചികിത്സ തേടിയത് 8587 പേർ, 24 മണിക്കൂറിനിടെ 1400 രോഗികളുടെ വർദ്ധനവ്

പകർച്ചപ്പനിയിൽ ഈ മാസം മാത്രം 4 മരണം; ഇന്നലെ മാത്രം ചികിത്സ തേടിയത് 8587 പേർ, 24 മണിക്കൂറിനിടെ 1400 രോഗികളുടെ വർദ്ധനവ്

പകർച്ചപ്പനിയിൽ ഈ മാസം മാത്രമുണ്ടായത് നാലു മരണങ്ങൾ. എലിപ്പനിയും ഡെങ്കിപ്പനിയും മൂലമാണ് കൂടുതൽ മരണങ്ങളുണ്ടായത്. പനി മൂലം ഇന്നലെ മാത്രം വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 8587 പേരാണ്. 24 മണിക്കൂറിനിടെ 1400 രോഗികളുടെ വർദ്ധനവാണുണ്ടായിരിക്കുന്നത്. മഴ ശക്തമായതോടെ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണം. 2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതാണെന്ന് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചർച്ച ചെയ്ത് വാർഡുതലം മുതലുള്ള ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. എല്ലാ ജില്ലകളിലേയും ഹോട്ട് സ്‌പോട്ടുകൾ ജില്ലകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തണം.

ജനപ്രതിനിധികളേയും സന്നദ്ധ പ്രവർത്തകരേയും വിവിധ വകുപ്പുകളേയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം. വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഇത് ജില്ലാതലത്തിൽ ഉറപ്പ് വരുത്തേണ്ടതാണ്.

സ്വകാര്യ ആശുപത്രികളിലെ പകർച്ചപ്പനി കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. മരണം പരമാവധി ഒഴിവാക്കാൻ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. ആയതിനായി സർക്കാർ, സ്വകാര്യ മേഖലയിൽ തുടർപരിശീലനങ്ങൾ പൂർത്തിയാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more