1 GBP = 104.37
breaking news

1300 കോടി തട്ടി; യു.എ.ഇയിൽ മൂന്ന് ഇന്ത്യക്കാർക്ക് 517 കൊല്ലം

1300 കോടി തട്ടി; യു.എ.ഇയിൽ മൂന്ന് ഇന്ത്യക്കാർക്ക് 517 കൊല്ലം

ദുബായ്: ഏഴായിരത്തോളം യു.എ.ഇ പൗരന്മാരെ വഴിയാധാരമാക്കി 1300 കോടി രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർക്ക് ദുബായ് കോടതി 517 വർഷം വീതം ജയിൽശിക്ഷ വിധിച്ചു.
എക്‌സെൻഷ്യൽ എന്ന വിദേശ നാണ്യ വിനിമയ സ്ഥാപനത്തിന്റെ സി.ഇ.ഒ സിഡ്‌നി ലിമോസ്, ഭാര്യ വലാനി, റയൻ ഡിസൂസ എന്നിവരാണ് അഞ്ചാറ് ജന്മം എടുത്താലും അനുഭവിച്ച് തീരാത്ത തടവുശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടത്. ശിക്ഷയ്‌ക്കെതിരെ പ്രതികൾക്ക് അപ്പീൽ നൽകാം. ദമ്പതികൾ ഗോവ സ്വദേശികളാണ്. ഇവരിൽ വലാനി ഒളിവിലാണ്. ദുബായ് മീഡിയ സിറ്റിയിലാണ് ഇവരുടെ കമ്പനി പ്രവർത്തിക്കുന്നത്.

അമിതലാഭം മോഹിച്ച് പണം നിക്ഷേപിച്ച നിരവധി പേർക്ക് ആയുഷ്‌കാല സമ്പാദ്യമാണ് നഷ്‌ടപ്പെട്ടത്. മൊത്തം 515 കേസുകളാണ് പ്രതികൾക്കെതിരെയുള്ളത്. 513 കേസുകളിൽ ഓരോ വർഷവും രണ്ട് കേസുകളിൽ രണ്ട് വർഷം വീതവും എന്ന കണക്കിലാണ് 517 വർഷത്തെ ശിക്ഷ. മുഖ്യ പ്രതി ലിമോസിന് 35 വയസിനടുത്ത് പ്രായമേ ഉള്ളൂ. ആർഭാട ജീവിതമായിരുന്നു. ഗോവയിലെ ഒരു ഫുട്ബാൾ ക്ലബിന്റെ സ്പോൺസറായ ഇയാളെ കഴിഞ്ഞ വർഷം ജനുവരിയിലാണ് അറസ്റ്റ് ചെയ്‌തത്. ഡിസൂസ യു.എ.ഇ വിടാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്.

തട്ടിപ്പ് ഇങ്ങനെ
25,000 ഡോളർ (16,25,000 രൂപ) നിക്ഷേപിച്ചാൽ അതിന്റെ 120 ശതമാനം (19,50,000 രൂപ) തിരിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. പണം വിദേശത്തെ ഓഹരി വിപണികളിൽ നിക്ഷേപിച്ച് വൻ ലാഭമുണ്ടാക്കാമെന്ന് ആളുകളെ വിശ്വസിപ്പിച്ചു. ആദ്യമൊക്കെ നിക്ഷേപകർക്ക് പണം നൽകിയെങ്കിലും പിന്നീട് മുടങ്ങി. അതോടെയാണ് പരാതിക്കാ‌‌ർ രംഗത്തു വന്നത്. 200 ദശലക്ഷം ഡോളറാണ് (1300 കോടി രൂപ) ഇവർ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തത്. ഈ പണം ലിമോസ് ഭാര്യ വലാനിയുടെ ഉടമസ്ഥതയിൽ ആസ്‌ട്രേലിയയിൽ പ്രവർത്തിക്കുന്ന എഫ്.സി പ്രൈം എന്ന ഓഹരി ദല്ലാൾ സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more