1 GBP = 103.16

 സംസ്ഥാനത്ത് പ്രതിദിനം ശരാശരി മൂന്നുപേർ മുങ്ങി മരിക്കുന്നു; ഒരു വർഷത്തിനിടെ മരിച്ചത് 1102 പേർ; ഏറ്റവും കൂടുതൽ കൊല്ലത്ത്

 സംസ്ഥാനത്ത് പ്രതിദിനം ശരാശരി മൂന്നുപേർ മുങ്ങി മരിക്കുന്നു; ഒരു വർഷത്തിനിടെ മരിച്ചത് 1102 പേർ; ഏറ്റവും കൂടുതൽ കൊല്ലത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മുങ്ങിമരണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു ദിവസം ശരാശരി മൂന്നു പേർ സംസ്ഥാനത്ത് മുങ്ങി മരിക്കുന്നതായാണ് അഗ്നിരക്ഷാസേനയുടെ കണക്ക്. 2021 ജനുവരി മുതൽ ഡിസംബർ വരെ 1102 പേർ വെള്ളത്തിൽ മുങ്ങി മരിച്ചു. മുൻ വർഷങ്ങളിൽ ഇത് ആയിരത്തിൽ താഴെ ആയിരുന്നതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

വെള്ളത്തിൽ മുങ്ങുന്നവരെ നാല് മിനിട്ടിനുള്ളിൽ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണം ഉറപ്പാണെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്ത് പ്രധാനമായും നദി, കുളം, പാറക്കെട്ട് എന്നീ ജലാശയങ്ങളിൽ വീണാണ് മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത്. പലപ്പോഴും വിനോദയാത്ര പോകുന്നവരും മറ്റും മദ്യപിച്ച ശേഷം ജലാശയത്തിൽ ഇറങ്ങുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ അപരിചിതമായ സ്ഥലങ്ങളിലും ജലാശയത്തിൽ ഇറങ്ങുന്നത് അപകടസാധ്യത കൂട്ടും.

കൂട്ടുകാർക്കൊപ്പം വെള്ളത്തിൽ കുളിക്കാൻ ഇറങ്ങുന്നവർ, കയത്തിൽ അകപ്പെട്ട് മരണപ്പെടുന്നു. അപകടം പതിയിരിക്കുന്നത് മനസിലാക്കാത്തതാണ് ദുരന്തത്തിന് ഇടയാക്കുന്നത്. നീന്തൽ അറിയാത്തവർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും കൂടുതലാണ്. ശരിയായ പരിശീലനം നേടാതെ നീന്താൻ ഇറങ്ങുന്നതാണ് അപകടം വർദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഏറ്റവുമധികം മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്. 153 പേരാണ് കൊല്ലത്ത് മുങ്ങിമരിച്ചത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 39 പേരാണ് ഇടുക്കിയിൽ മുങ്ങിമരിച്ചത്. കൊല്ലം കഴിഞ്ഞാൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് 142 പേരും, എറണാകുളത്ത് 107 പേരും കണ്ണൂരിൽ 112 പേരുമാണ് 2021ൽ മുങ്ങി മരിച്ചത്. കഴിഞ്ഞ വർഷം മുങ്ങി മരിച്ചവരിൽ 797 പുരുഷൻമാരും 305 സ്ത്രീകളും ആണ് ഉള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more