1 GBP = 103.12

മലേഷ്യയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത് കൊലയാളി ഡോ. ഓമന തന്നെയെന്ന് പോലീസ്

മലേഷ്യയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത് കൊലയാളി ഡോ. ഓമന തന്നെയെന്ന് പോലീസ്

തളിപ്പറമ്പ് (കണ്ണൂർ): മലേഷ്യയിൽ കഴിഞ്ഞ ദിവസം ഒരു കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്, രണ്ട് പതിറ്റാണ്ട് മുൻപ് കാമുകനെ കൊന്ന് വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കിയ കേസിൽ ജീവപര്യന്തം ശിക്ഷയ്‌ക്കിടെ പരോളിൽ ഇറങ്ങി മുങ്ങിയ പയ്യന്നൂരിലെ ഡോ. ഓമനയാണെന്ന് ഏതാണ്ട് തീർച്ചയായി. പതിനാറ് വർഷമായി പൊലീസിനെ വെട്ടിച്ച് നടന്ന ഓമനയെ ഇന്റർപോൾ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
മലേഷ്യയിൽ സുബാംഗ്ജായ സേലങ്കോർ എന്ന സ്ഥലത്ത് മലയാളിസ്ത്രീയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയതായി അവിടത്തെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ലേബർ അറ്റാഷെ എസ്. രാമകൃഷ്ണൻ ഫോട്ടോസഹിതം പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഈ പരസ്യം കേരള പൊലീസ് ആസ്ഥാനത്ത് നിന്ന് മുഴുവൻ സ്‌റ്റേഷനുകളിലേക്കും കൈമാറി. ഫോട്ടോ ഓമനയുടേതാണെന്ന നിഗമനത്തിൽ ബന്ധുക്കൾ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലനുമായി ബന്ധപ്പെട്ടു. അദ്ദേഹം മലേഷ്യൻ പൊലീസുമായി ബന്ധപ്പെട്ടതോടെ ബന്ധുക്കൾ പറഞ്ഞ അടയാളങ്ങൾ ശരിയാണെന്ന് വ്യക്തമായി. മരിച്ചത് ഓമനയാണെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ ടെസ്റ്റ് നടത്താനായി ബന്ധുക്കൾ മലേഷ്യയിലേക്ക് പോകും.

1996 ജൂലായ് 11നാണ് ഡോ. ഓമന നാടിനെ വിറങ്ങലിപ്പിച്ച കൊലപാതകം നടത്തിയത്. കാമുകനായ പയ്യന്നൂരിലെ കരാറുകാരൻ മുരളീധരന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ അയാളെ ഊട്ടി റെയിൽവേ സ്‌റ്റേഷനടുത്തുള്ള ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. മുരളീധരന്റെ ശരീരത്തിൽ വിഷം കുത്തിവച്ച ശേഷം രക്തം കട്ട പിടിക്കാനുള്ള ഇൻജക്‌ഷനും നൽകി. മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി സൂട്ട്‌കേസിൽ നിറച്ചു. ടാക്സി കാറിന്റെ ഡിക്കിയിലിട്ട സൂട്ട്‌കേസ് വഴിയിൽ വനത്തിൽ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. അതിനിടെ, സംശയം തോന്നിയ ടാക്‌സി ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ച് പൊലീസിൽ ഏല്പിക്കുകയായിരുന്നു.

1998 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡോ. ഓമന 2001ൽ പരോളിലിറങ്ങിയശേഷം മുങ്ങി. തമിഴ്‌നാട് പൊലീസും കേരള പൊലീസും പരക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ മലേഷ്യയിലുണ്ടെന്ന സൂചനയിൽ ഇന്റർപോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more