1 GBP = 104.16

ഡോ.ജ്യോതിസ് മണലയിലിനു വ്യാഴാഴ്ച ലിവർപൂളിൽ യാത്രാമൊഴിയേകും; തിരുക്കർമ്മങ്ങൾ ജ്യോതിസ് അൾത്താര ശുശ്രുഷ നയിച്ച ഹോളി ക്രോസ്സ് ദേവാലയത്തിൽ….

ഡോ.ജ്യോതിസ് മണലയിലിനു വ്യാഴാഴ്ച ലിവർപൂളിൽ യാത്രാമൊഴിയേകും; തിരുക്കർമ്മങ്ങൾ ജ്യോതിസ് അൾത്താര ശുശ്രുഷ നയിച്ച ഹോളി ക്രോസ്സ് ദേവാലയത്തിൽ….

അപ്പച്ചൻ കണ്ണഞ്ചിറ

ലിവർപൂൾ: കാറപകടത്തിൽ മരിച്ച യുവ ഡോക്ടർ ജ്യോതിസ് മണലയിലിന് നാളെ വ്യാഴാഴ്ച ലിവർപൂളിലെ സെന്റ് ഹെലൻസിൽ വെച്ച് യാത്രാമൊഴി ചൊല്ലും. ജ്യോതിസ് അൾത്താര ശുശ്രുഷ ചെയ്തിരുന്ന സെന്റ് ഹെലൻസിലെ ഹോളി ക്രോസ്സ് ദേവാലയത്തിൽ വെച്ചാണ് അന്ത്യോപചാര ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 7 നു വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ദേവാലയത്തിലെത്തിച്ചേരുന്ന മൃതദേഹം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി അന്ത്യോപചാര ശുശ്രുഷകൾക്കായി ദേവാലയാങ്കണത്തിൽ എത്തിക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. നിരവധി സീറോ മലബാർ വൈദികരോടൊപ്പം, ഹോളി ക്രോസ്സ് ദേവാലയത്തിലെ വൈദികരും, സിസ്റ്റേഴ്സും ശുശ്രുഷകളിൽ പങ്കു ചേരും.  

വളരെ സമർത്ഥനും, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവവും, ലളിത ജീവിതം നയിക്കുകയും ചെയ്തു പോന്നിരുന്ന ജ്യോതിസ്, സാമൂഹ്യ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ വളരെ ഉത്സുകനും ആയിരുന്നു. ലങ്കാഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എമർജൻസി ഡിപ്പാർട്ട്മെന്റിൽ ഡോക്ടറായിരുന്ന ജ്യോതിസ് രാത്രി ഷിഫ്റ്റ് കഴിഞ്ഞു മെഡിക്കൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സും എടുത്ത ശേഷം താമസ സ്ഥലത്തേക്കു കാറിൽ പോകവേ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സംഭവിച്ച ആന്തരിക ക്ഷതമാവാം മരണകാരണം എന്ന് കരുതുന്നു.

ജ്യോതിസ് ജോലിചെയ്തു വന്നിരുന്ന ഹോസ്പിറ്റലിൽ കുറഞ്ഞ കാലഘട്ടത്തിനിടയിൽത്തന്നെ ഏറെ അംഗീകാരവും, ആദരവും, സ്നേഹവും പിടിച്ചു പറ്റുവാനും, പ്രാഗൽഭ്യം തെളിയിക്കുവാനും കഴിഞ്ഞു. വിദ്യാഭ്യാസ കാലഘട്ടത്തിൽ അതി സമർത്ഥനും, സർവ്വ സമ്മതനും, വലിയ സുഹൃത്ത് വലയം ഉണ്ടാക്കിയ വ്യക്തിയും ആയിരുന്നു പരേതൻ. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിക്കൽ പഠനം പൂർത്തിയാക്കിയ ജ്യോതിസ് കലാ സാംസ്‌കാരിക രംഗങ്ങളിലും പ്രതിഭ തെളിയിച്ചിരുന്നു.

ലിവര്‍പൂളിലെ സെന്റ് ഹെലനിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി മണലയിൽ ജോജപ്പന്‍ – ജെസ്സി (കണ്ണൂർ തളിപ്പറമ്പ് സ്വദേശി) ദമ്പതികളുടെ മൂത്തമകനാണ് ജ്യോതിസ്. ഏക സഹോദരൻ ജോവിൻ NHS ൽ ഉദ്യോഗസ്ഥനാണ്.  

അന്ത്യോപചാര തിരുക്കർമ്മങ്ങൾക്കു ശേഷം ദേവാലയത്തിൽ വെച്ച്  നടത്തപ്പെടുന്ന അനുസ്മരണങ്ങൾക്കും, കൃതജ്ഞതാ പ്രകാശനത്തിനും ശേഷം പൊതുജനങ്ങൾക്കായി അന്ത്യാഞ്‌ജലി അർപ്പിക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട്.

ആത്മീയ, സാമൂഹ്യ, സാംസ്കാരിക, ആതുര സേവന, ജീവകാരുണ്യ, വിദ്യാഭ്യാസ, മേഖലകളിലെ നിരവധി വ്യക്തികൾ, സുഹൃത്തുക്കൾ, സഹപാഠികൾ,ബന്ധുക്കൾ, ഇടവകാംഗങ്ങൾ അടക്കം നൂറു കണക്കിന് വ്യക്തികൾ അകാലത്തിൽ വേർപിരിഞ്ഞുപോയ പ്രിയ സോദരനു ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി എത്തും.

ദേവാലയത്തിൽ തുടർന്ന് നടത്തപ്പെടുന്ന ഒപ്പീസിനു ശേഷം മൃതദേഹം റെയിൻഫോർഡിൽ ഉള്ള ഗ്രീൻ ഏക്കേഴ്സ് പാർക്കിൽ (നാച്ചുറൽ സിമറ്ററി ആൻഡ് സെറിമോണിയൽ പാർക്ക്) എത്തിച്ചു സമാപന ശുശ്രുഷകളും അനുബന്ധ ചടങ്ങുകളും നടത്തുന്നതാണ്. നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുന്ന ശുശ്രുഷയിൽ അതിനാൽത്തന്നെ കാർമ്മികർക്കും, കുടുംബാംഗങ്ങൾക്കും, ബന്ധുക്കൾക്കും പുറമെ പ്രത്യേകം ക്ഷണിക്കപ്പെടുന്നവർക്കു മാത്രമേ പ്രവേശന അനുമതി ലഭിക്കുകയുള്ളു.

ലിവർപൂളിലെയും, ലങ്കാഷെയറിലെയും മലയാളികളുടെ ഹൃദയത്തിൽ ഇടം തേടിയ സ്വന്തം ‘കൊച്ചു ഡോക്ടർക്കു’ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാവും പ്രിയ ദേവാലയത്തിൽ രേഖപ്പെടുത്തുക.

DATE: JULY 7TH THURSDAY AT 10:30 AM.

ദേവാലയത്തിൻ്റെ വിലാസം:-

HOLY CROSS R C CHURCH, 

PARADISE STREET, 

ST. HELENS, 

WA10 1LX.

മൃതസംസ്കാര ശുശ്രൂഷകൾ ലൈവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാവുന്നതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more