1 GBP = 104.12

ക്യൂബൻ മാതൃകയിൽ ദുരന്തനിവാരണ സേന; ഓരോ ജില്ലയിലും 3000 സിവിൽ ഡിഫൻസ് അംഗങ്ങൾ; ടോമിൻ തച്ചങ്കരി ഡയറക്ടർ ജനറൽ

ക്യൂബൻ മാതൃകയിൽ ദുരന്തനിവാരണ സേന; ഓരോ ജില്ലയിലും 3000 സിവിൽ ഡിഫൻസ് അംഗങ്ങൾ; ടോമിൻ തച്ചങ്കരി ഡയറക്ടർ ജനറൽ

തിരുവനന്തപുരം:ലോകത്തെ ഏറ്റവും മികച്ച ദുരന്ത നിവാരണ സേനയുള്ള ക്യൂബയുടെ മാത‌ൃകയിൽ സംസ്ഥാനത്ത് ആപൽഘട്ടങ്ങളിൽ ശാസ്ത്രീയമായി രക്ഷാപ്രവർത്തനം നടത്താൻ വിദഗ്ദ്ധ പരിശീലനം ലഭിച്ച സന്നദ്ധസേനയ്‌ക്ക് (സിവിൽ ഡിഫൻസ് ) രൂപം നൽകുന്നു. തുടക്കം കോട്ടയത്താണ്. വിശദമായ പദ്ധതിരേഖ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുമെന്ന് സേനയെ നയിക്കുന്ന ടോമിൻതച്ചങ്കരി പറഞ്ഞു.

മനുഷ്യസൃഷ്‌ടിയും പ്രകൃത്യാലുള്ളതുമായ അപകടങ്ങളിലും ദുരന്തങ്ങളിലും പെടുന്നവരെ പൊലീസും ഫയർഫോഴ്സും എത്തും മുൻപു തന്നെ രക്ഷിക്കാനും പ്രാഥമികശുശ്രൂഷ നൽകാനും പരിശീലനം സേനയ്‌ക്ക് നൽകും. വിയ്യൂരിലെ സിവിൽഡിഫൻസ് അക്കാഡമിയിൽ 50മണിക്കൂർ പരിശീലനമാണുള്ളത്. ഇതിന്റെ സിലബസ് ഉടൻ തയ്യാറാക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതലായുണ്ടാകുന്ന റോഡപകടം, മുങ്ങിമരണം എന്നിവയിൽ രക്ഷാപ്രവർത്തനത്തിന് പ്രാദേശിക സേനകളെയും സജ്ജമാക്കും. ഇതിനായി ജില്ലകളിൽ 3000യുവാക്കളെ വീതം സിവിൽ ഡിഫൻസ് പരിശീലിപ്പിക്കും. ദേശീയദുരന്ത നിവാരണ അതോറിട്ടിയുടെയും ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെയും ഫണ്ടുപയോഗിച്ചാണ് പരിശീലനം.

  • 50മണിക്കൂർ പരിശീലനം പൂർത്തിയാക്കുന്നവർക്ക് സിവിൽഡിഫൻസ് ബാഡ്ജ് നൽകും.
  • സേനാംഗങ്ങൾക്ക് അപകട ഇൻഷ്വറൻസും
  • രക്ഷാപ്രവർത്തനത്തിനുള്ള കിറ്റും സർക്കാർനൽകും.
  • കേന്ദ്ര സിവിൽ ഡിഫൻസ് ആക്ടിന്റെ പരിധിയിലായതിനാൽ സേന.
  • വിയ്യൂരിലെ സിവിൽ ഡിഫൻസ് അക്കാഡമിയെ നാഗ്പൂരിലെ നാഷണൽ സിവിൽ ഡിഫൻസ് കോളേജിൽ അഫിലിയേറ്റ് ചെയ്യും.

സിവിൽഡിഫൻസ് 3000 അംഗങ്ങൾ

ജില്ലാതലത്തിൽ കളക്ടർക്കാണ് ചുമതല. ആർ.ഡി.ഒയാണ് കൺവീനർ. 18നും 45നും മദ്ധ്യേയുള്ള ആരോഗ്യവാന്മാർക്കാവും അവസരം. ഒരാളിന് മൂന്നു വർഷം സിവിൽ ഡിഫൻസ് സേനയിൽ പ്രവർത്തിക്കാം. പരിശീലനം അഞ്ചുവിധം

1)മുന്നറിയിപ്പുകൾ വിലയിരുത്തൽ
2)സെർച്ച് ആൻഡ് റെസ്‌ക്യൂ
3)ജനക്കൂട്ടത്തെ നിയന്ത്രിക്കൽ
4)ശാസ്ത്രീയമായ പ്രഥമശുശ്രൂഷ
5)ഫലപ്രദമായ പുനരധിവാസം

”യുദ്ധസാഹചര്യത്തിൽ പോലും ജനങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്നാണ് പരിശീലിപ്പിക്കുക. കലാപമടക്കമുള്ള അത്യാഹിതഘട്ടങ്ങളിൽ ജനങ്ങൾ എങ്ങനെ പെരുമാറണമെന്നതും സിവിൽഡിഫൻസിന്റെ ഭാഗമാണ്. സേനാംഗങ്ങൾക്ക് ഹെലികോപ്‌റ്റർ, ട്രെയിൻ, ബോട്ട് എന്നിവയിലും വാതകചോർച്ച, വെള്ളപ്പൊക്കം എന്നിവ നേരിടാനും പരിശീലിപ്പിക്കും. അടുത്തഘട്ടത്തിൽ പെൺകുട്ടികളെയും സിവിൽ ഡിഫൻസിന്റെ ഭാഗമാക്കും”

ടോമിൻ തച്ചങ്കരി
ഡയറക്ടർജനറൽ, സിവിൽഡിഫൻസ്

”2012ൽ മുല്ലപ്പെരിയാറിൽ 2104പേർക്ക് പരിശീലനം നൽകി വോളണ്ടിയർമാരാക്കിയതിന്റെ തുടർച്ചയായാണ് സിവിൽ ഡിഫൻസ് സേന”
ശേഖർ.എൽ.കുര്യാക്കോസ്
ദുരന്തനിവാരണ സമിതി മെമ്പർസെക്രട്ടറി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more